രഥയാത്രയ്ക്കിടെ അദ്വാനിയെ അറസ്റ്റ് ചെയ്ത ആര്‍കെ സിങ് കാലത്തിന്‍റെ കാവ്യനീതി എന്നപോലെ കേന്ദ്രമന്ത്രിയായി

എല്‍കെ അദ്വാനിയുടെ രഥയാത്ര അന്ന് ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കു മുമ്പ് ബീഹാറിലേക്ക് പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത  സംഘത്തിന്റെ തലവനായിരുന്നു മന്ത്രിസഭാ പുനസംഘടനയില്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത  ആര്‍കെ സിങ് എന്ന രാജ് കുമാര്‍ സിങ് . 1990ല്‍ ആര്‍കെ സിങ് ബിഹാര്‍ സര്‍ക്കാറില്‍ ആഭ്യന്തര സെക്രട്ടറി പദവിയിലിരിക്കെയായിരുന്നു  അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവിന്റെ ഉത്തരവ് പ്രകാരം അദ്വാനിയെ ,അദ്ദേഹം  അറസ്റ്റ് ചെയ്യുന്നത്. അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ട് എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ആഴത്തിലുള്ള വേരുണ്ടാക്കിയത്. കാലങ്ങള്‍ കഴിയുമ്പോള്‍ വീണ്ടുമൊരു ബിജെപി സര്‍ക്കാരില്‍ മന്ത്രിയായാണ് ആര്‍കെ സിങ് സത്യപ്രതിജ്ഞ ചെയ്തത് എന്നത് കാലത്തിന്‍റെ കാവ്യനീതി എന്നല്ലാതെ എന്തു പറയാന്‍.

മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ നിര്‍ദേശ പ്രകാരം ഒക്ടോബറിലെ ആ പുലര്‍ച്ചെ നേരത്ത് അദ്ദേഹം ഹെലികോപ്ടറില്‍ പാറ്റ്‌നയില്‍ നിന്ന് സമസ്തിപുരിലേക്ക്, ഐപിഎസ് ഓഫീസര്‍ രാമേശ്വര്‍ ഒറാവോയും  കൂട്ടി ഒരു യാത്ര നടത്തി.  അദ്വാനി അന്ന് തങ്ങിയ സര്‍ക്ക്യൂട്ട് ഹൗസിന്റെ വാതില്‍ മുട്ടി കയ്യില്‍ അറസ്റ്റ് വാറണ്ടുണ്ടെന്ന് അദ്വാനിയെ അറിയിച്ചതും ആര്‍കെ സിങ് ആയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഉടന്‍ അദ്വാനിയെയും കൊണ്ട് ഇരുവരും ഹെലികോപ്റ്ററില്‍ പാറ്റ്‌നയിലേക്കും അവിടെനിന്നു ദംകയിലേക്കും യാത്ര തിരിച്ചു . ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള രഥയാത്ര നയിച്ച അദ്വാനിയെ യാതൊരു കൂസലുമില്ലാതെ വിലങ്ങു വെച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ ആര്‍കെ സിങ് അന്ന് തന്നെ വാര്‍ത്താതാരം ആയിക്കഴിഞ്ഞിരുന്നു .  യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി പദവി വഹിക്കെ തീവ്രവാദത്തിനും നക്‌സല്‍ പോരാട്ടങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോയ സിംഗ് 2014 തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്  ബിജെപിയോടടുക്കുന്നത്. ഇതാ ഇന്നിപ്പോള്‍ കേന്ദ്ര മന്ത്രി പദവിയും…  ഇതിനെ  കാലത്തിന്റെ കാവ്യ നീതി എന്നല്ലാതെ എന്ത് പറയാന്‍ സാധിക്കും…..

Show More

Related Articles

Close
Close