പ്രവർത്തക സമിതിയിൽ ആന്റണി, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, പി.സി.ചാക്കോ

രിചയസമ്പന്നർക്കും യുവാക്കൾക്കും പങ്കാളിത്തം നൽകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചു. കേരളത്തിൽ നിന്ന് എ.കെ.ആന്റണി, ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, പി.സി.ചാക്കോ എന്നിവരാണ് സമിതിയിൽ. 51 അംഗങ്ങളാണു സമിതിയിലുള്ളത്. 23 അംഗങ്ങൾ, 18 സ്ഥിരം ക്ഷണിതാക്കൾ, പത്തു പ്രത്യേകക്ഷണിതാക്കൾ എന്നിങ്ങനെയാണു സമിതിയിൽ. എ.കെ.ആന്റണി, ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവർ അംഗങ്ങളായപ്പോൾ പി.സി.ചാക്കോ സ്ഥിരം ക്ഷണിതാവായാണു സമിതിയിൽ ഉൾപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ളവരെയാണ് സ്ഥിരം ക്ഷണിതാക്കളെന്ന നിലയിൽ സമിതിയിൽ ഉൾപ്പെടുത്തിയത്.

ജൂലൈ 22നാകും പ്രവർത്തക സമിതിയുടെ ആദ്യ യോഗം. കോൺഗ്രസിന്റെ എല്ലാ സംസ്ഥാന അധ്യക്ഷന്മാരും സംസ്ഥാനങ്ങളിലെ നിയമസഭാകക്ഷി നേതാക്കളെയും പ്രവർത്തക സമിതിയുടെ ഈ വിപുലീകൃത യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി മുൻ പ്രവർത്തക സമിതി പിരിച്ചുവിട്ടിരുന്നു. തുടർന്ന് അന്നത്തെ പ്രവർത്തക സമിതിയെ നയരൂപീകരണ സമിതിയായി നിലനിർത്തിയാണ് അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് നടത്തിയത്. എന്നാൽ മാർച്ചിൽ പാർട്ടിയുടെ പ്ലീനറി സമ്മേളനത്തോടെ ഈ സമിതിയും നിലവിലില്ലാതായി. പാർട്ടിയുടെ പ്രധാന നയപരിപാടികളിലെ ഉപദേശക സമിതിയായാണ് പ്രവർത്തക സമിതി പ്രവർത്തിക്കുന്നത്.

പാർട്ടിയുടെ ഉപവിഭാഗങ്ങളായ ഐഎൻടിയുസി, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, എൻഎസ്‌യുഐ എന്നിവയുടെ അധ്യക്ഷന്മാർ, സേവാ ദൾ ചീഫ് ഓർഗനൈസർ എന്നിവരും പ്രത്യേക ക്ഷണിതാക്കളിൽ ഉൾപ്പെടും. സംഘടനയുടെ ദേശീയ അധ്യക്ഷനായി നിയോഗിക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി ആദ്യമായി രൂപം നൽകുന്ന പ്രവർത്തക സമിതിയാണിത്.

Show More

Related Articles

Close
Close