ഇതിഹാസ താരത്തിന്‍റെ റെക്കോഡിന് ഒപ്പമെത്തി ലോകേഷ് രാഹുല്‍!

പതിമൂന്ന് വര്‍ഷം മുമ്പ് രാഹുല്‍ ദ്രാവിഡ് സ്ഥാപിച്ച റെക്കോഡിന് ഒപ്പമെത്തി ലോകേഷ് രാഹുല്‍. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിലാണ് ദ്രാവിഡിനൊപ്പം ലോകേഷ് രാഹുല്‍ എത്തിയത്. ഇംഗ്ലണ്ടിനെതിരായി നടക്കുന്ന പരമ്പരയില്‍ 13 ക്യാച്ചുകള്‍ നേടിയതോടെയാണ് രാഹുല്‍ ഈ റെക്കോഡില്‍ ഇതിഹാസത്തിനൊപ്പമെത്തിയത്.

2004-05 ല്‍ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു രാഹുല്‍ ദ്രാവിഡ് 13 ക്യാച്ചുകള്‍ നേടിയത്. നാലു ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പരമ്പരയിലാണ് ദ്രാവിഡ് റെക്കോഡ് സ്വന്തമാക്കിയത്. അതേസമയം, അഞ്ചാമത്തെ ടെസ്റ്റിലാണ് രാഹുല്‍, ദ്രാവിഡിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തിയത്. സ്റ്റുവാര്‍ട്ട് ബ്രോഡിനെ പുറത്താക്കാന്‍ എടുത്ത ക്യാച്ചാണ് രാഹുലിനെ ദ്രാവിഡിന്റെ റെക്കോര്‍ഡ് നേട്ടത്തിന് ഒപ്പമെത്തിച്ചത്.

രാഹുല്‍ ദ്രാവിഡിനു പുറമെ ഇന്ത്യക്കാരല്ലാത്ത രണ്ടു പേര്‍ കൂടി ഒരു പരമ്പരയില്‍ 13 ക്യാച്ചുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് താരം ബ്രയാന്‍ ലാറ, ഓസ്‌ട്രേലിയയുടെ ബോബ് സിംപ്‌സണ്‍ എന്നിവരാണ് മുന്‍പ് 13 ക്യാച്ചുകള്‍ നേടിയിട്ടുള്ളവര്‍. ഇരുവരും രണ്ടു തവണ വീതം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

1920-21 വര്‍ഷം നടന്ന ആഷസ് പരമ്പരയില്‍ 15 ക്യാച്ചുകള്‍ നേടിയ ഓസീസ് താരം ജാക്ക് ഗ്രിഗറിയാണ് ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡില്‍ ആദ്യ സ്ഥാനത്തുള്ളത്. 1974-75 വര്‍ഷത്തെ ആഷസില്‍ 14 ക്യാച്ചുകള്‍ സ്വന്തമാക്കിയ ഓസീസിന്റെ തന്നെ ഗ്രെഗ് ചാപ്പലാണ് ഈ റെക്കോര്‍ഡില്‍ രണ്ടാമതുള്ളത്.

Show More

Related Articles

Close
Close