രജനി v/s കൊച്ചടിയാന്‍

rajani vs kochadiyaan

 

വാര്‍ത്തകള്‍ സിനിമയുമായി കെട്ടുപിണഞ്ഞുകിടക്കുന്ന നഗരമാണ് ചെന്നൈ. പ്രേക്ഷകരുടെ സിരകളില്‍ സിനിമയുടെ ആവേശം പൂത്തുലയുമ്പോള്‍ വാര്‍ത്തകള്‍ക്ക് പ്രസക്തിയേറുന്നു. ചിലപ്പോള്‍ വിവാദത്തിന്റെ പൊടിപൂരത്തിലാവും സിനിമയുടെ ഉദയവും അസ്തമയവും. സിനിമയെക്കുറിച്ചു പറയുമ്പോള്‍ ആയിരം നാവാണ് തമിഴ്മക്കള്‍ക്ക്. അവരുടെ സാധാരണജീവിതം മാത്രമല്ല, രാഷ്ട്രീയവും സാഹിത്യവും സംഗീതവുമൊക്കെ അതില്‍ ലയിച്ചുകിടക്കുന്നു. അതിനാല്‍ വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല. ഇന്നത്തെ ചര്‍ച്ചാവിഷയം മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം തിരശ്ശീലയിലേയ്ക്ക് മടങ്ങിവരുന്ന സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രത്തെക്കുറിച്ചാണ്.

അദ്ദേഹം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊച്ചടയ്യാനെ ഉറ്റുനോക്കുകയാണ് തമിഴ്‌നാട്ടിലെ, ഇന്ത്യയിലെ, ലോകത്തിലെ സിനിമാപ്രേക്ഷകര്‍. രജനിയുടെ മകള്‍ സൗന്ദര്യരജനീകാന്ത് സംവിധാനം ചെയ്യുന്ന ഈ വിവിധഭാഷാചിത്രത്തിന്റെ വിജയത്തിനുവേണ്ടി മനസ്സുരുകി പ്രാര്‍ത്ഥിക്കുകയാണ് ലോകമെമ്പാടുമുള്ള രജനീഫാന്‍സ് അസ്സോസ്സിയേഷന്‍ അംഗങ്ങള്‍. റിലീസിംഗ് തിയതി നീണ്ടുപോകുമ്പോള്‍ അവര്‍ അസ്വസ്ഥരാകുന്നു. കൊച്ചടയ്യാനെ കാണാനുള്ള കാലവിളംബം അവരെ അലോസരപ്പെടുത്തുന്നു. കാത്തിരിപ്പിന്റെ മുള്‍മുനകള്‍ അവരുടെ നെഞ്ചുകീറുകയാണ്.

(കൊച്ചടയാനെന്നാല്‍ നീണ്ട ചുരുളന്‍ മുടിയുള്ളവന്‍ എന്നര്‍ത്ഥം)
ഏതാണ്ട് രണ്ടുവര്‍ഷംമുമ്പ് കെ എസ് രവികുമാറിന്റെ റാണയുടെ പണിനടക്കുമ്പോള്‍ പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനിയെ വെള്ളിത്തിരയില്‍ വീണ്ടും കാണുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. വിദേശത്ത് ചികിത്സക്ക് പോയപ്പോഴാണ് രജനിയുടെ ആരാധകര്‍ യഥാര്‍ത്ഥദുഃഖം അനുഭവിച്ചത്. എന്നാല്‍ വിധിയുടെ ക്രൂരവിനോദങ്ങളെയൊക്കെ അതിജീവിച്ചു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ വന്ന ശിവാജിറാവു എന്ന രജനികാന്തിനു മറ്റൊരു ജന്മം കിട്ടിയ പ്രതീതിയായിരുന്നു. വിവാദവാങ്ങള്‍ക്കിടയിലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിമുന്നേറുന്ന രജനിക്ക് മിത്രങ്ങളേക്കാള്‍ ശത്രുക്കളാണ് അധികവും. അതിനാല്‍ കൊച്ചടയാനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് കൊമ്പുംവാലുമൊക്കെ വളര്‍ന്നെന്നിരിക്കാം.

രജനീകാന്ത് ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന ഇതിഹാസപ്രധാനമായ കൊച്ചടയ്യാന്‍ നവംബര്‍ ആദ്യവാരത്തില്‍ ദീപാവലിനാളില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പുതിയവര്‍ത്തമാനങ്ങള്‍ അറിയിക്കുന്നത്. രജനിയുടെ അവസാന ചിത്രമായ യന്തിരന്‍ (റോബോട്ട്) പുറത്തിറങ്ങിയത് 2010- ല്‍ ആയിരുന്നു. മൂന്നുവര്‍ഷം വലിയൊരു കാലയളവാണ്. തന്നേക്കാള്‍ തന്റെ നിലനില്‍പ്പിന്റെ കാര്യത്തില്‍ ഉല്‍ക്കണ്ഠാകുലരാണ് തന്റെ പ്രേക്ഷകരെന്നും രജനിക്കറിയാം. ‘ത്രീ ഡി മോഷന്‍ ക്യാപ്ച്ചറിംഗ് ടെക്‌നോളജി’ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പണിയാരംഭിച്ചിട്ട് ഒരു വര്‍ഷത്തിലധികമായി.

പോസ്റ്റുപ്രൊഡക്ഷന്‍ രംഗത്ത് ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ചിത്രത്തിന്റെ റിലീസിംഗ് നീണ്ടുപോകുന്നതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ‘ത്രീ ഡി മോഷന്‍ ക്യാപ്ച്ചറിംഗ് ടെക്‌നോളജി’ ഉപയോഗിക്കുന്ന ആദ്യഇന്ത്യന്‍ ചിത്രമാണത്രേ കൊച്ചടയ്യാന്‍. ചിത്രീകരണം 2013 ഫെബ്രുവരിയില്‍ അവസാനിച്ചെങ്കിലും ഹോളിവുഡിലെ ദി അഡ്വഞ്ചേഴ്‌സ് ഓഫ് ടിന്റിന്‍, അവ്താര്‍ തുടങ്ങിയ ചിത്രങ്ങളുടെ ചുവടുപിടിച്ചാണ് കൊച്ചടയ്യാനും രൂപംപ്രാപിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ജാപ്പനീസ് തുടങ്ങിയവിദേശഭാഷകളിലും കൊച്ചടയ്യാന്‍ കൊടിനാട്ടി ആധിപത്യം സ്ഥാപിക്കാന്‍ പോകുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close