സമാധാനം ഉറപ്പുവരുത്താന്‍ വര്‍ഷത്തില്‍ 50 തവണ കശ്മീര്‍ സന്ദര്‍ശിക്കാന്‍ താന്‍ തയ്യാറാണെന്ന് രാജ്നാഥ് സിംഗ്

സഹാനുഭൂതി, സഹവര്‍ത്തിത്വം, സ്ഥിരത തുടങ്ങിയവയ്ക്ക് മാത്രമേ കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാനുള്ള അടിത്തറ രൂപീകരിക്കാനാവുകയുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്നതിനായി താന്‍ എല്ലാവരേയും ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നു, സംഘര്‍ഷം ഒഴിവാക്കി താഴ്‌വരയില്‍ സമാധാനം പുന:സ്ഥാപിക്കാനായി എന്ത് പരിശ്രമങ്ങള്‍ നടത്താനും താന്‍ തയ്യാറാണ്, സമാധാനാന്തരീക്ഷം ഉറപ്പ് വരുത്താനായി ആവശ്യമെങ്കില്‍ വര്‍ഷത്തില്‍ അമ്പത് തവണ കശ്മീര്‍ സന്ദര്‍ശിക്കാനും താന്‍ തയ്യാറാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷാവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം അവസ്ഥ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും കശ്മീരിലെ എല്ലാ മുഖങ്ങളിലും പുഞ്ചിരി കാണാനാണ് താന്‍ ആഗ്രഹിക്കുന്നത്, കശ്മീര്‍ ജനതയുടെ താല്‍പര്യങ്ങളെ ഹനിക്കും വിധത്തില്‍ ഒരു നീക്കവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കി. നാല് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച രജൗരിയിലേക്ക് തിരിക്കുന്നതിന് മുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞ കശ്മീര്‍ വീണ്ടും പറുദ്ദീസയാവുമെന്നും അത് ആര്‍ക്കും തടയാനാവില്ലെന്ന് കഴിഞ്ഞ ദിവസം അനന്തനാഗില്‍ സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ തുറന്ന ചര്‍ച്ചകള്‍ക്കായി ആര്‍ക്കും മുന്നോട്ട് വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close