മുപ്പത്തിരണ്ടാം ദിനം

32

ദുര്‍ഗാ മനോജ്

ക്ഷ്മണനെ ഹനിക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് ദുഃഖിതനായ രാമനെക്കണ്ട് ലക്ഷ്മണന്‍ പറഞ്ഞു, ”ജ്യേഷ്ഠാ അങ്ങ് ഇപ്രകാരം സങ്കടപ്പെടരുത്. പൂര്‍വ്വകര്‍മ്മം അനുസരിച്ചാണല്ലോ ഇപ്രകാരം സംഭവിക്കുന്നത്. യാതൊരു സംശയവും വേണ്ട. അങ്ങ് എന്നെ ഹനിക്കുക. പ്രതിജ്ഞ പരിപാലിക്കുക. എന്നെ വധിച്ച് ധര്‍മ്മം പാലിച്ചാലും.”

ലക്ഷ്മണന്റെ വാക്കുകള്‍ കേട്ട് രാമന്‍ വേഗം മന്ത്രിമാരേയും പുരോഹിതനേയും വിളിച്ചുവരുത്തി. നടന്ന കാര്യങ്ങള്‍ അവരോട് ചര്‍ച്ച ചെയ്തു.
ഇതുകേട്ട് വസിഷ്ഠന്‍ ഇങ്ങനെ പറഞ്ഞു. ”രാമാ, ഈ നടന്നതൊക്കെയും, ലക്ഷ്മണന്റെ നിയോഗവും ഒക്കെ ഞാന്‍ കണ്ടിരിക്കുന്നു. അങ്ങ് പ്രതിജ്ഞ പരിപാലിക്കുക. ഇവനെ ത്യജിക്കുക. ഇല്ലെങ്കില്‍ ലോകം തന്നെ നശിക്കും.”
ഒത്ത് ചേര്‍ന്ന ഏവരുടേയും അഭിപ്രായം കേട്ടശേഷം രാമന്‍ പറഞ്ഞു. ”സൗമിത്രേ, ധര്‍മ്മം പരിപാലിക്കുവാന്‍ ത്യാഗമോ വധമോ ചെയ്യാം. സത്തുക്കള്‍ക്ക് രണ്ടും സമം. അതിനാല്‍ നിന്നെ ഞാന്‍ ത്യജിക്കുന്നു.”
രാമന്‍ പറഞ്ഞതുകേട്ട് വേഗം ലക്ഷ്മണന്‍ സ്വഗൃഹത്തില്‍ പ്രവേശിക്കാതെ സരയൂ തീരത്തേക്ക് പോയി. പിന്നെ ശ്വാസംവിടാതെ സര്‍വ്വ ഇന്ദ്രിയങ്ങളും നിരോധിച്ച് ജലത്തില്‍ നിലകൊണ്ടു. അപ്പോള്‍ ദേവകള്‍ പുഷ്പവൃഷ്ടി നടത്തി മനുഷ്യരാരും കാണാതെ ലക്ഷ്മണനെ ശരീരത്തോടുകൂടി സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയി. പിന്നെ ദേവകള്‍ എല്ലാവരും വിഷ്ണുവിന്റെ ചതുര്‍ഭാഗം അദ്ദേഹത്തില്‍ ലയിക്കുന്നതു കണ്ട് അദ്ദേഹത്തെ പൂജിച്ചു.
ലക്ഷ്മണനെ വെടിഞ്ഞതോടുകൂടി അതീവ ദുഃഖിതനായ രാമന്‍ വേഗം തന്നെ താനും ദേഹം ത്യജിക്കുകയാണ് എന്ന് ഭരതനെ അറിയിച്ചു. അതോടുകൂടി ഭരതനും അദ്ദേഹത്തെ പിന്തുടരുകയാണ് എന്നുപറഞ്ഞു. പിന്നെ കോസലത്തില്‍ കുശനേയും വടക്ക് ലവനേയും അഭിഷേകം ചെയ്തു. രാമന്‍ തന്റെ നിശ്ചയം ദൂതന്‍മാര്‍ വഴി ശത്രുഘ്‌നനെ അറിയിച്ചു. ശത്രുഘ്‌നനും വേഗം മക്കളില്‍ സുബാഹുവിനെ മധുരയിലും ശത്രുഘാതിയെ വൈദിശത്തും സ്ഥാപിച്ച് അഭിഷേകം നടത്തി വേഗം അയോധ്യയിലെത്തി. ഇത്രയുമായപ്പോഴേക്കും അയോധ്യയിലെ ജനങ്ങളും തങ്ങള്‍ ഏവരും രാമനോടൊപ്പം ചേരുന്നു എന്നുപറഞ്ഞുകൊണ്ട് അനുഗമിക്കാന്‍ ഒരുങ്ങി.
ഈ സമയം സുഗ്രീവനും വാനരന്‍മാരും, വിഭീഷണനും രാക്ഷസന്മാരും അവിടെയെത്തി. അവരും അനുഗമിക്കാനൊരുങ്ങവേ വിഭീഷണനോട് പ്രജകള്‍ ഉള്ളിടത്തോളം കാലം അവിടം രാജാവായി നിലകൊണ്ട് പരിപാലിക്കണം എന്ന് രാമന്‍ ആവശ്യപ്പെട്ടു. ഹനുമാനോട് രാമനാമം ഉള്ളിടത്തോളം കാലം രാമവാക്യവും പ്രചരിപ്പിച്ച് കഴിയുവാന്‍ അനുഗ്രഹിച്ചു. അതുപോലെ ജാംബവാന്‍ തുടങ്ങി അഞ്ചുപേരോട് കലിയുഗാരംഭംവരെ നിലകൊള്ളുവാന്‍ ആവശ്യപ്പെട്ടു.
പിന്നെ ഏവരും സരയൂ തീരത്തേക്ക് നടന്നുതുടങ്ങി. അയോധ്യയിലെ സര്‍വ്വരും രാമനെ അനുഗമിക്കുന്നുണ്ടായിരുന്നു. അയോധ്യയില്‍ പ്രാണന്‍ ഉള്ള യാതൊന്നും പിന്നെ അവശേഷിച്ചില്ല.
രാമന്‍ പതിയെ സരയൂ നദിയിലേക്കിറങ്ങി. ഈ സമയം ആകാശം നിറഞ്ഞ് എല്ലാ ദേവതകളും രാമനെ വീക്ഷിക്കുകയായിരുന്നു. ബ്രഹ്മദേവന്‍ അരുളി. ”മഹാപ്രഭോ അങ്ങ് സഹോദരനുമൊത്ത് അങ്ങേക്ക് ഇഷ്ടമുള്ള രൂപം ധരിച്ചാലും. വൈഷ്ണവരൂപമോ ശുദ്ധബ്രഹ്മരൂപമോ കൈക്കൊണ്ടാലും.”
ഇതുകേട്ട് രാമന്‍ സഹോദരങ്ങളുമൊത്ത് വൈഷ്ണവ തേജസില്‍ അലിഞ്ഞു. രാമനെ അനുഗമിച്ചവര്‍ ബ്രഹ്മലോകത്തിന് തൊട്ടടുത്തുള്ള സന്താനലോകത്തില്‍ പ്രവേശിച്ചു. എല്ലാവരും കാണ്‍കെ സുഗ്രീവന്‍ സൂര്യമണ്ഡലത്തിലേക്ക് ലയിച്ചു. ഋഷിവാനര രാക്ഷസന്മാര്‍ ആരൊക്കെ അവിടേക്കിറങ്ങിയോ അവരൊക്കെ ശരീരം ജലത്തില്‍ ഉപേക്ഷിച്ച് സ്വര്‍ഗ്ഗത്തിലെത്തി.

ഫലശ്രുതി
രാമായണം എന്ന പ്രസിദ്ധമായ വാല്‍മീകിയാല്‍ രചിക്കപ്പെട്ട ഈ ആഖ്യാനം ബ്രഹാമപൂജിതമാകുന്നു. ഈ ആഖ്യാനം ആയുഷ്‌വര്‍ദ്ദനകരവും, പാപനാശകവും ആകുന്നു. മനുഷ്യര്‍ ചെയ്യുന്ന പാപങ്ങള്‍ ഇതിലെ ഒരു ഒറ്റ ശ്ലോകം വായിക്കുന്നതിലൂടെ നീങ്ങിക്കിട്ടും.
രമ്യമായ അയോധ്യാപുരി നീണ്ടകാലം ജനങ്ങളില്ലാതെ കിടന്ന ശേഷം ഋഷഭനെ രാജാവായി ലഭിച്ച് ജനവാസമുള്ളതായ് തീരും.
വാല്‍മീകി രചിച്ച ഈ കവിത ഹൃദയപൂര്‍വ്വം വായിക്കുന്നവര്‍ സമ്പത്തും വര്‍ദ്ദിച്ച് പുത്രദാരങ്ങള്‍ക്ക് ഐശ്വര്യം വര്‍ദ്ധിക്കും.
രഘുനാഥ ചരിതം പൂര്‍ണ്ണവും വായിക്കുന്നവര്‍ പ്രാണാവസാനത്തില്‍ വിഷ്ണുലോകം പ്രാപക്കും.

ഉത്തരകാണ്ഡം സമാപ്തം

ശ്രീമദ് വാല്‍മീകി രാമായണം സമ്പൂര്‍ണ്ണം
ശ്രീ സീതാലക്ഷ്മണ ഭരത ശത്രുഘ്‌ന ഹനുമത് സമേത
ശ്രീരാമചന്ദ്ര പരബ്രഹ്മണേ നമഃ
ശുഭം ഭുയാത്.

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close