റയലിന് കണ്ടകശനി; തുടര്‍ച്ചയായ അഞ്ചാംമത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി

ആരാധകരെ നിരാശരാക്കി ലാലിഗയില്‍ വീണ്ടും റയലിന് കനത്ത തിരിച്ചടി. ലെവന്റക്കെതിരെ സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റയല്‍ തോല്‍വി വഴങ്ങി. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് റയല്‍ തോല്‍വി ഏറ്റുവാങ്ങുന്നത്. ഇതോടെ ലാലിഗയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് റയല്‍. ഈയാഴ്ചയിലെ മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയായാല്‍ റയല്‍ ഇനിയും താഴേക്കിറങ്ങാന്‍ സാധ്യത കൂടുതലാണ്.

ആദ്യ പകുതിയുടെ പതിമൂന്നു മിനുട്ടു കഴിഞ്ഞപ്പോള്‍ തന്നെ റയല്‍ രണ്ടു ഗോളുകള്‍ക്കു പിന്നിലായിരുന്നു. ഫ്രഞ്ച്താരം വരാന്റെയും ഗോള്‍കീപ്പര്‍ ക്വാര്‍ട്ടുവയുടെയും പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ മൊറാലസ് നേടിയത്. അതിനു പിന്നാലെ ബോക്‌സിനുള്ളില്‍ വച്ച് വരാന്‍ തന്നെ പന്തു കൈ കൊണ്ടു തടുത്തതിനു ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നും റോജര്‍ ലീഡുയര്‍ത്തി.

ആദ്യ പകുതിയില്‍ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം പാളിയതോടെ രണ്ടാം പകുതിയില്‍ ഒരു നാണക്കേടിന്റെ റെക്കോര്‍ഡ് റയലിനെ തേടിയെത്തി. നൂറ്റിപ്പതിനാറു വര്‍ഷത്തെ റയലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം മിനുട്ടുകള്‍ തുടര്‍ച്ചയായി റയല്‍ ഗോള്‍ നേടാതിരിക്കുന്നത്. മത്സരത്തിന്റെ അന്‍പത്തിയാറാം മിനുട്ടു കഴിഞ്ഞതോടെയാണ് 465 മിനുട്ടുകളെന്ന മുന്‍ റെക്കോര്‍ഡ് റയല്‍ മറികടന്നത്.
തുടര്‍ച്ചയായ നാലാം മത്സരത്തിലും ഗോള്‍ നേടാതിരിക്കുകയെന്ന നാണക്കേടില്‍ നിന്നും മാഴ്‌സലോയാണ് റയലിനെ രക്ഷിച്ചത്. എഴുപത്തിരണ്ടാം മിനുട്ടില്‍ ബെന്‍സിമയുടെ അസിസ്റ്റില്‍ നിന്നാണ് താരം റയലിന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചത്. എന്നാല്‍ തോല്‍വി ഒഴിവാക്കാന്‍ റയലിന് കഴിഞ്ഞില്ല.

Show More

Related Articles

Close
Close