ഭൂമി ചുട്ടുപൊള്ളുന്നു; ഇരുതലമൂരിക്കും രക്ഷയില്ല

പ്രളയത്തിനു ശേഷം വയനാട്ടില്‍ കൂട്ടത്തോടെ മണ്ണിരകള്‍ ചത്തൊടുങ്ങുന്നതിന് പിന്നാലെ ഇരുതലമൂരികള്‍ മണ്ണിനടിയില്‍ നിന്ന് കൂട്ടത്തോടെ പുറത്തെത്തുന്നു. പ്രളയക്കെടുതിക്ക് ശേഷം നദികളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നതും, മണ്ണ് ചുട്ടുപൊള്ളുന്നതുമാണ് കുരുടന്‍ എന്നറിയപ്പെടുന്ന പാമ്പുവര്‍ഗത്തില്‍പ്പെട്ട ഇരുതലമൂരികള്‍ പ്രാണരക്ഷാര്‍ത്ഥം വ്യാപകമായി പുറത്തെത്തുന്നതിന് കാരണം.

മണ്ണിന്റെ ഈര്‍പ്പം നഷ്ടപ്പെട്ടതാണ് ഇവ വ്യാപകമായി പുറത്തേക്കെത്താന്‍ കാരണമെന്നു പരിസ്ഥിതി വിദഗ്ധര്‍ പറയുന്നു. വയനാട്ടില്‍ വരാനിരിക്കുന്ന കൊടുംവരള്‍ച്ചയുടെ സൂചനയാണിതെന്നും പരിസ്ഥിതി വിദഗ്ധര്‍ വിലയിരുത്തുന്നു. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ ജീവിവര്‍ഗത്തെ വനംവകുപ്പ് നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈര്‍പ്പമില്ലാത്ത അന്തരീക്ഷത്തില്‍ അധികകാലം കഴിയാന്‍ സാധിക്കാത്ത ഇരുതലമൂരികള്‍ മണ്ണിരയെ പോലെ ഇനി കൂട്ടത്തോടെ ചത്തൊടുങ്ങും.

പനമരം, തൃശിലേരി, നടവയല്‍ മേഖലകളിലെ ഇടവഴികളിലും വയല്‍വരമ്പുകളിലും വീടുകള്‍ക്കുള്ളില്‍ പോലും നൂറുകണക്കിന് ഇരുതലമൂരികളാണ് പ്രത്യക്ഷപ്പെടുന്നത്. മണ്ണിര, ഇരുതലമൂരി, കുഴിയാന, ചിതല്‍, മുയല്‍, കീരി തുടങ്ങി അനേകം ജീവികളുടെ ആവാസവ്യവസ്ഥയെ പ്രളയം ബാധിച്ചതായാണു വിലയിരുത്തല്‍. പ്രവചനാതീതമായ മാറ്റമാണ് വയനാട്ടിലെ കാലാവസ്ഥയിലും മണ്ണിന്റെ ഘടനയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെ കുറിച്ച് ഉടന്‍ തന്നെ ഗൗരവമായ പഠനം അനിവാര്യമാണ്.

2016 ഒക്ടോബറില്‍ വയനാട് ജില്ലയില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന പ്രതിഭാസമുണ്ടായതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടായിരുന്നു. വേനലില്‍ ഈര്‍പ്പം കുറഞ്ഞ മണ്ണ് വിണ്ടുകീറുന്നിടത്താണ് മണ്ണിരകള്‍ കൂടുതല്‍ ചത്തൊടുങ്ങിയത്. തുടര്‍ന്ന് കാര്‍ഷിക, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. മണ്ണ് ചുട്ടുപൊള്ളുന്നതാണ് ഇവയുടെ നാശത്തിന് കാരണമായതെന്നും കൊടും വരള്‍ച്ചയുടെ സൂചനയാണ് ഇതെന്നും അവര്‍ വിലയിരുത്തി. തുടര്‍ന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തിയ പരിശോധനയും ഈ റിപ്പോര്‍ട്ട് ശരിവെച്ചിരുന്നു.

വയനാട്ടില്‍ ഇപ്പോള്‍ പകല്‍ നല്ല ചൂടും രാത്രി നല്ല തണുപ്പുമാണ് അനുഭവപ്പെടുന്നത്. 16.9 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 28.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വയനാട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ താപനില. ഡെക്കാന്‍ പീഠഭൂമി പ്രദേശത്തെ സവിശേഷത പോലെ രാത്രിയിലെ ചൂടിന്റെ ഇരട്ടിയാണ് പകല്‍ കുറേക്കാലമായി വയനാട്ടിലുള്ളത്. ഇത്തരം കാലാവസ്ഥ മാറ്റങ്ങള്‍ വയനാടിന്റെ ജൈവവൈവിധ്യത്തെ തകിടം മറിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ഇത്തരം പ്രതിഭാസങ്ങള്‍ സൂക്ഷ്മജീവികളുടെ നാശത്തിലേക്കും വഴിവെയ്ക്കും.

Show More

Related Articles

Close
Close