സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറ്റി നല്‍കാനാകില്ല

റദ്ദാക്കിയ നോട്ടുകള്‍ മാറ്റിനല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്കുള്ള അനുമതി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിച്ചു.

അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാനാകില്ല. പണം പിന്‍വലിക്കുന്നതിന് അനുമതിയുണ്ട്. ആഴ്ചയില്‍ 24,000 രൂപ വരെ നിക്ഷേപകര്‍ക്ക് പിന്‍വലിക്കാം. മറ്റ് ബാങ്കുകളില്‍ നിന്ന് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പരിധിയില്ലാതെ പണം പിന്‍വലിക്കാം.

റദ്ദാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റിനല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നേരത്തെ ആര്‍ബിഐ താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. ഇത് തുടരേണ്ടെന്നാണ് ഇപ്പോള്‍ തീരുമാനിച്ചത്.

പൊതുമേഖലാ ബാങ്കുകളെപ്പോലെ നോട്ടുകള്‍ മാറ്റിനല്‍കുന്നതിന് സഹകരണ ബാങ്കുകളെയും അനുവദിക്കണമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രൈമറി ബാങ്കുകള്‍ക്കും അനുവാദം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അനുകൂല മറുപടിയാണ് കേന്ദ്രം നല്‍കിയതെന്ന് പിണറായി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഹകരണ ബാങ്കുകളുടെ അനുമതിയും ആര്‍ബിഐ റദ്ദാക്കിയത്.

അനുമതി നല്‍കിയാല്‍ സഹകരണ ബാങ്കുകള്‍ കള്ളപ്പണക്കാര്‍ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയുയര്‍ന്നിരുന്നു. കള്ളനോട്ടുകള്‍ തിരിച്ചറിയാനുള്ള സംവിധാനം സഹകരണ ബാങ്കുകളില്‍ ഇല്ലെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.

നോട്ട് നിരോധനം ഡിസംബര്‍ 30വരെ മരവിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രധനമന്ത്രി തള്ളിക്കളഞ്ഞു. ശബരിമല തീര്‍ത്ഥാടന കാലത്ത് ബാങ്കുകളുടെ പ്രത്യേക എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ തുറക്കാമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ ബാങ്കുകള്‍ക്കും കൗണ്ടര്‍ തുടങ്ങാന്‍ അനുമതി നല്‍കണമെന്നും പ്രതിസന്ധിയിലായ കെഎസ്എഫ്ഇയെ സംരക്ഷിക്കാന്‍ നടപടിയുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

Show More

Related Articles

Close
Close