കേരളത്തിന് സഹായഹസ്തവുമായി ആന്ധ്രയിലെ അരി വ്യാപാരികള്‍; 144 മെട്രിക് ടണ്‍ അരിയും പതിനായിരം പുതപ്പുകളുമായി കൊച്ചിയിലെത്തി

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ആന്ധ്രയിലെ അരി വ്യാപാരികള്‍. 144 മെട്രിക് ടണ്‍ അരി, പതിനായിരം പുതപ്പുകള്‍, 2.5 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ എന്നിങ്ങനെ 55 ലക്ഷം രൂപയുടെ സഹായ വസ്തുക്കളുമായാണ് അരി വ്യാപാരികളുടെ 10 പേരടങ്ങുന്ന സംഘം എത്തിയത്. ആന്ധ്രയിലെ കാക്കിനഡ തുറമുഖം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാപാരികളാണിവര്‍. പുതപ്പുകളും വസ്ത്രങ്ങളും ഇടുക്കി, വയനാട് ജില്ലകളിലെ ആദിവാസി മേഖലകളില്‍ വിതരണം ചെയ്യുവാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്.

സംഭാവനകള്‍ക്ക് പുറമേ മൂന്നുദിവസം സന്നദ്ധ സേവനത്തിന് തയ്യാറായാണ് വിനോദ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഈ സംഘം എത്തിയിരിക്കുന്നത്. എറണാകുളം ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശമനുസരിച്ച് ഇവര്‍ സേവനമനുഷ്ഠിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ സജ്ജമാണെന്നും ഇവര്‍ കളക്ടറെ അറിയിച്ചു.

Show More

Related Articles

Close
Close