റിയോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ദില്‍മ റൂസഫ് പങ്കെടുക്കില്ല

സസ്‌പെന്‍ഷനിലായ ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫ് റിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല. മാരക്കാന സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രണ്ടാം സ്ഥാനക്കാരിയാകാന്‍ താല്‍പ്പര്യമില്ലാത്തതാണ് റൂസഫ് പങ്കെടുക്കാത്തതിന് കാരണം.

ഇടക്കാല പ്രസിഡന്റ് മൈക്കല്‍ ടെമറിന് പുറകിലായിരിക്കും സ്ഥാനമെന്നതിനാലാണ് റൂസഫ് പങ്കെടുക്കാത്തതെന്ന് മൈക്കല്‍ ടെമറിന്റെ വക്താവ് പറഞ്ഞു. റൂസഫിന്റെ മുന്‍ഗാമിയായ ലയിസ് ഇനാഷിയോ ലുലാ ഡാ സില്‍വയും റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചു. ടെമറിന്റെ പാര്‍ട്ടി രാഷ്ട്രീയമായി പീഡിപ്പിക്കുകയാണെന്നാണ് റൂസഫിന്റെയും ലുലയുടെയും ആരോപണം. സസ്‌പെന്‍ഷനിലിരിക്കുന്ന ദില്‍മയെ ഒളിമ്പിക്‌സ് മത്സരങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം നടക്കുന്ന ഇംപീച്ച്‌മെന്റ് പ്രമേയം അംഗീകരിക്കപ്പെട്ടാല്‍ പുറത്താക്കാനാണ് സാധ്യത. 2014 ല്‍ ദില്‍മ റൂസഫ് രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബജറ്റ് നിയമങ്ങള്‍ ലംഘിച്ച് പണം ചിലവിട്ടെന്നാണ് ദില്‍മക്കെതിരായ ആരോപണം. അതേസമയം ലുലക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അദ്ദഹം പൂര്‍ണമായും തള്ളിക്കളയുകാണ്.

മറ്റൊരു മുന്‍ പ്രസിഡന്റ് ഫെര്‍ണാണ്ടോ ഹെന്റിക് കാര്‍ഡോസും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ലുലയെ അരികെ നിര്‍ത്തി ചടങ്ങില്‍ പങ്കെടുക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് റൂസഫ് പറഞ്ഞു. റിയോ ഡി ജനീറോയില്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്‌സ് വിജയകരമാക്കുന്നതിന് വേണ്ട കൂടുതല്‍ പ്രവര്‍ത്തനങ്ങളും ചെയ്തത് തന്റെ സര്‍ക്കാരും ലുലയും ചേര്‍ന്നാണെന്ന് റേഡിയോ ഫ്രാന്‍സ് ഇന്റര്‍നാഷണലില്‍ ദില്‍മ റൂസഫ് പറഞ്ഞു.

അതേസമയം മൈക്കല്‍ ടെമറും ദില്‍മ റൂസഫും ഒരുമിച്ച് റിയോ ഒളിമ്പിക്‌സ് വേദിയിലെത്തുന്നത് വിദേശ പ്രമുഖരുടെ മുന്നില്‍ അരോചകമാകുമെന്നാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍.

Show More

Related Articles

Close
Close