റോഹിങ്ക്യന്‍ വിഷയത്തിലെ സൂചിയുടെ പ്രതികരണം; ബഹുമതി പിന്‍വലിച്ച് ബ്രിട്ടണ്‍

രാഷ്ട്രീയ തടവുകാരിയായിരിക്കുന്ന സമയത്ത് ഓങ് സാന്‍ സൂചിയ്ക്ക് നല്‍കിയ ബഹുമതി ബ്രിട്ടണിലെ രണ്ടാമത്തെ വലിയ ട്രേഡ് യൂണിയനായ യൂണിസണ്‍ പിന്‍വലിച്ചു. ബഹുമാനാര്‍ഥം നല്‍കിയ ആജീവനാന്ത അംഗത്വമാണ് സംഘടന പിന്‍വലിച്ചത്. റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ സൂചിയുടെ തണുപ്പന്‍ മനോഭാവത്തിനെ തുടര്‍ന്നാണ് സംഘടന അംഗത്വം പിന്‍വലിച്ചത്. റോഹിങ്ക്യന്‍ പ്രശ്‌നത്തില്‍ സൂചിയുടെ മനോഭാവത്തില്‍ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. സൈനിക ഭരണത്തിലിരിക്കെ ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ച് സൂചി നടത്തിയ പോരാട്ടങ്ങള്‍ കണക്കിലെടുത്ത് നല്‍കിയ ബഹുമതികളുടെ കാര്യത്തില്‍ പുനപരിശോധന നടത്തിവരികയാണെന്ന് ബ്രിട്ടണിലെ പല സംഘടനകളും ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു്. മ്യാന്‍മറിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രശ്‌നം വേദനാജനകമാണെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊപ്പം സൂചി ഉയരുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും യൂണിസണ്‍ പ്രസിഡന്റ് മാര്‍ഗററ്റ് മെക്കി പറഞ്ഞു. സൂചിക്ക് ആദരപൂര്‍വ്വം സമ്മാനിച്ച ബിരുദം തിരിച്ചെടുക്കുന്ന കാര്യം പരിഗണിച്ച് വരികയാണെന്ന് ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയും വ്യക്തമാക്കി.

റോഹിങ്ക്യന്‍ വിഷയത്തിലെ സൂചിയേയും സര്‍ക്കാരിനെയും ആംനസ്റ്റി ഇന്റര്‍നാഷണല്‍ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തിയിരുന്നു. മണലില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന ഒട്ടകപ്പക്ഷി നയമാണ് സൂചി സ്വീകരിച്ചിരിക്കുന്നതെന്ന് ആംനസ്റ്റി പറഞ്ഞത്. എന്നാല്‍ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര വിചാരണയെ ഭയക്കുന്നില്ലെന്നായിരുന്നു സൂചിയുടെ മറുപടി. മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശിലേക്ക് കുടിയേറിയവരുടെ കാര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും നിലപാട് പരിശോധിക്കാന്‍ തയാറാണെന്നും ഓങ് സാന്‍ സൂചി പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് ആംനസ്റ്റിയുടെ വിമര്‍ശനത്തിന് വിധേയമായത്. റോഹിങ്ക്യകളുടെ വംശീയ ഉന്‍മൂലനത്തെപ്പറ്റിയും റാഖൈയ്‌നില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ചും അവാസ്തവവും ഇരകളെ കുറ്റപ്പെടുത്തുന്ന നിലപാടുമാണ് സൂചി സ്വീകരിച്ചത്. സൈന്യം വംശീയ ഉന്മൂലനം നടത്തുന്നതിനെക്കുറിച്ച് തെളിവുകളുണ്ട്. സൈന്യത്തിന്റെ നടപടികളെക്കുറിച്ച് മൗനം തുടരുമ്പോഴും റാഖൈയ്ന്‍ സ്റ്റേറ്റിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ സൂചി അപലപിച്ചതില്‍ സന്തോഷമുണ്ടെന്നും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റീജിയണല്‍ ഡയറക്ടര്‍ ജെയിംസ് ഗോമസ് പറഞ്ഞിരുന്നു.

Show More

Related Articles

Close
Close