വിമര്‍ശകരുടെ വായടപ്പിച്ച് റോണോ; ഇരട്ടഗോളുകളോടെ ഇറ്റാലിയന്‍ ലീഗില്‍ പടയോട്ടമാരംഭിച്ചു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇറ്റാലിയന്‍ ലീഗില്‍ ഗോള്‍ വേട്ട നടത്താന്‍ കഴിയുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കും ആരാധകരുടെ നിരാശകള്‍ക്കും ഇരട്ട ഗോളിലൂടെ മറുപടി നല്‍കി താരം. റൊണാള്‍ഡോ നിറഞ്ഞാടിയ മത്സരത്തില്‍ യുവന്റസിനു ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സാസുവോളക്കെതിരെ യുവന്റസ് വിജയം നേടിയത്.

റെക്കോര്‍ഡ് തുകക്ക് റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലെത്തിയ റൊണാള്‍ഡോയാണ് യുവന്റസിന്റെ രണ്ടു ഗോളുകളും നേടിയത്. ഇതോടെ ആദ്യ മൂന്നു മത്സരങ്ങളിലും ഗോള്‍ നേടാനാവാതിരുന്നതിനാല്‍ താരത്തിനു നേരെ തിരിഞ്ഞ വിമര്‍ശകരുടെ മുഴുവന്‍ വായടപ്പിക്കാന്‍ താരത്തിനായി. മികച്ച കഴിവുകളുള്ള ഒന്നാം നമ്പര്‍ താരമാണെങ്കിലും റയലിനൊപ്പം താരം നടത്തിയ പ്രകടനം ഇറ്റാലിയന്‍ ലീഗില്‍ ആവര്‍ത്തിക്കാനാവില്ലെന്നായിരുന്നു റോണോയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണം. മത്സരത്തില്‍ നിരവധി സുവര്‍ണാവസരങ്ങള്‍ താരം നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ സ്‌കോര്‍ ഇനിയുമുയര്‍ന്നേനെ. ബാബാകുറാണ് സാസുവോളയുടെ ഗോള്‍ നേടിയത്.

മികച്ച പ്രകടനം യുവന്റസ് ആദ്യ പകുതിയില്‍ കാഴ്ച വെച്ചെങ്കിലും ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്കു തൊടുക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. സസുവോള പ്രതിരോധത്തിന്റെയും ഗോള്‍ കീപ്പറുടെയും മികച്ച ഇടപെടലാണ് ആദ്യ പകുതിയില്‍ യുവന്റസിനെ ഗോളില്‍ നിന്നും അകറ്റിയത്. എമ്‌റേ കാനിന്റെ ഒരു ലോംഗ് റേഞ്ചര്‍ പോസ്റ്റിനടത്തു കൂടി പോയപ്പോള്‍ മാന്‍ഡ്‌സൂകിചിന്റെ ഒരു ഷോട്ട് പ്രതിരോധം തട്ടിയകറ്റി. ഇതിനിടയില്‍ ഡങ്കന്‍ സസുവോളക്കു വേണ്ടി ഒരു ഗോള്‍ നേടിയെങ്കിലും അതിനു മുന്‍പ് കാന്‍സലോ ഫൗള്‍ ചെയ്യപ്പെട്ടതിനാല്‍ റഫറി അതു നിഷേധിക്കുകയായിരുന്നു

യുവന്റസിന്റെ മുന്നേറ്റങ്ങളുമായി തുടങ്ങിയ രണ്ടാം പകുതിയുടെ അഞ്ചാം മിനുട്ടില്‍ തന്നെ റൊണാള്‍ഡോ ആരാധകര്‍ കാത്തിരുന്ന ഗോള്‍ നേടി. ഒരു കോര്‍ണര്‍ ഒഴിവാക്കുന്നതില്‍ സാസുവോള പ്രതിരോധം പരാജയപ്പെട്ടപ്പോള്‍ അനായാസമായി പോര്‍ച്ചുഗല്‍ താരം വല കുലുക്കുകയായിരുന്നു. പതിനഞ്ചു മിനിട്ടു കഴിഞ്ഞതും റൊണാള്‍ഡോ രണ്ടാമത്തെ ഗോളും സ്വന്തമാക്കി. ഒരു പ്രത്യാക്രമണത്തില്‍ നിന്നും എമ്‌റേ കാനിന്റെ അസിസ്റ്റില്‍ തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെയാണ് റൊണാള്‍ഡോ രണ്ടാമത്തെ ഗോള്‍ നേടിയത്.

Show More

Related Articles

Close
Close