റോയല്‍ എന്‍ഫീല്‍ഡിന്റെ ആക്‌സസറികള്‍ ഇനി ഓണ്‍ലൈനിലൂടെ

മോട്ടോര്‍സൈക്കിളുകളില്‍ രാജകീയ സ്ഥാനം കൈയ്യാളുന്ന ഐഷര്‍ മോട്ടോഴ്‌സ് റോയല്‍ എന്‍ഫീല്‍ഡിന്റെ ആക്‌സസറികള്‍ ഇനി ഓണ്‍ലൈനിലൂടെ സ്വന്തമാക്കാം. ഗീയറുകളുടെയും ആക്‌സസറികളുടേയും ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായി റോയല്‍ എന്‍ഫീല്‍ഡും ഫ്‌ളിപ്കാര്‍ട്ടും ധാരണയിലെത്തി. റോയല്‍ എന്‍ഫീല്‍ഡിന്റെ ഹെല്‍മറ്റ്, റൈഡിങ് ഗീയര്‍, സാഡില്‍ ബാഗ്, ഷൂസ്, ടി ഷര്‍ട്ട്, ജാക്കറ്റ് തുടങ്ങി അപ്പരല്‍, ആക്‌സസറി, ഹെഡ് ഗീയര്‍, ലൈഫ് സ്‌റ്റൈല്‍ പ്രോഡക്ട് തുടങ്ങിയവയെല്ലാം ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാകും.

കൂടുതല്‍ ആളുകള്‍ ഇരുചക്രവാഹന യാത്രികരായി മാറിയതോടെ അനുയോജ്യമായ വസ്ത്രങ്ങള്‍ക്കും ആക്‌സസറികള്‍ക്കുമെല്ലാമുള്ള ആവശ്യം ഗണ്യമായി ഉയര്‍ന്നിട്ടുള്ളതിനാലാണ് റോയല്‍ എന്‍ഫീല്‍ഡ് ബിസിനസ് വിഭാഗം ഇത്തരത്തിലൊരു നീക്കത്തിന് മുതിര്‍ന്നിരിക്കുന്നത്.

വ്യാപാരത്തിന്റെ സ്വാഭാവികമായ വിപുലീകരണത്തിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ ചുവടുവെപ്പ്. റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്രാന്‍ഡ് മൂല്യം കൂടിയാവുന്നതോടെ റൈഡര്‍മാരുടെ ജീവിതത്തിലും ഇടം പിടിക്കാന്‍ ഇത്തരം അനുബന്ധ ഉത്പന്നങ്ങള്‍ക്കു കഴിയുമെന്നു കമ്പനി അവകാശപ്പെട്ടു. രാജ്യത്ത് വിശ്വാസ്യതയിലും ആദരവിലും മുന്‍നിരയിലുള്ള മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡ് ആണ് റോയല്‍എന്‍ഫീല്‍ഡ് എന്ന് ഫ്‌ളിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഓട്ടോ വിഭാഗം വൈസ് പ്രസിഡന്റ് ആദര്‍ശ് കെ മേനോന്‍ അഭിപ്രായപ്പെട്ടു.

ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തുന്നതോടെ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള യഥാര്‍ഥ ആക്‌സസറികളും ഗീയര്‍ ശ്രേണിയും വീട്ടിലിരുന്നു സ്വന്തമാക്കാനുള്ള അവസരമാണ് ഉപയോക്താക്കളെ തേടിയെത്തുന്നതെന്നും റൈഡിങ് സമൂഹത്തിന്റെ പതാകവാഹകരായ റോയല്‍ എന്‍ഫീല്‍ഡുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Show More

Related Articles

Close
Close