ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെയെന്ന് സുപ്രീം കോടതി

sabarimala
ശബരിമല അയ്യപ്പക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് വിലക്ക് എന്തിനെന്ന നിര്‍ണായക ചോദ്യവുമായി സുപ്രീകോടതി. കാലങ്ങളായി ശബരിമല ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിലക്കിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി സുപ്രധാനമായ നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്.

ശബരിമലയില്‍ സ്‌ത്രീകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി യങ്ങ്‌ ലോയേഴ്‌സ്‌ അസോസിയേഷന്‍ ആണ്‌ കോടതിയെ സമീപിച്ചത്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നല്‍കിയ ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിനിടെയാണു കോടതിയുടെ പരാമര്‍ശം.

അതേസമയം, ശബരിമലയില്‍ സ്‌ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നു കാണിച്ച്‌ നേരത്തെ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലം സംസ്‌ഥാന സര്‍ക്കാര്‍ തിരുത്തി. വിശ്വാസങ്ങള്‍ക്കനുസൃതമായി മാത്രമേ പ്രവേശനം അനുവദിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പരമ്പരാഗത വിശ്വാസപ്രകാരം നിശ്‌ചിത പ്രായപരിധിയിലുള്ള സ്‌ത്രീകള്‍ക്കു ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ സാധിക്കില്ലെന്നും പുതിയ സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കി. അടുത്തദിവസം തന്നെ പുതിയ സത്യവാങ്‌മൂലം കോടതിയില്‍ സമര്‍പ്പിക്കും. സര്‍ക്കാരുകള്‍ മാറിവരുന്നതനുസരിച്ചു നിലപാടുകള്‍ മാറ്റുന്നത്‌ അംഗീകരിക്കാനാവില്ലെന്നു നേരത്തെ കോടതി വ്യക്‌തമാക്കിയിരുന്നു.

നിലവിലുള്ള രീതികള്‍ തുടരാന്‍ അനുവദിക്കുകയെന്നതാണ്‌ സര്‍ക്കാരിന്റെ നിലപാടെന്നു ദേവസ്വംമന്ത്രി വി.എസ്‌. ശിവകുമാര്‍ വ്യക്‌തമാക്കി. കേസ്‌ അടുത്ത എട്ടിനു വീണ്ടും പരിഗണിക്കും. ക്ഷേത്രങ്ങളും മഠങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നു കോടതി നിരീക്ഷിച്ചു. ക്ഷേത്രം പൊതുസ്‌ഥാപനമാണ്‌. ഇവിടങ്ങളില്‍ മതാടിസ്‌ഥാനത്തില്‍ നിയന്ത്രണമാകാം. എന്നാല്‍ ജാതിയുടെയും ലിംഗത്തിന്റേയും പേരില്‍ ക്ഷേത്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്നു ചൂണ്ടികാട്ടിയ കോടതി, ഇക്കാര്യത്തില്‍ ഭരണഘടനാപരമായ വാദം നടത്താമെന്നും വ്യക്‌തമാക്കി. അയ്യപ്പഭക്‌തരുടെ സംഘടനക്കും കേസില്‍ കക്ഷി ചേരാന്‍ കോടതി അനുമതി നല്‍കി.
അതേസമയം, നിയമപരമായി സ്‌ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്നു ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചു.

ശബരിമലയില്‍ ക്ഷേത്രം മാത്രമല്ല, വാവരുടെ പള്ളിയുമുണ്ട്‌. ആര്‍ത്തവസമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ ക്ഷേത്രങ്ങളില്‍ പ്രവേശനമില്ല. 41 ദിവസം വ്രതം അനുഷ്‌ഠിച്ചാണു ഭക്‌തര്‍ ശബരിമലയില്‍ എത്തുന്നത്‌. അതുകൊണ്ടാണ്‌ സ്‌ത്രീകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കോടതിയില്‍ വ്യക്‌തമാക്കി.
1500 വര്‍ഷം മുമ്പ്‌ ശബരിമലയില്‍ സ്‌ത്രീകള്‍ക്കു പ്രവേശനം ഉണ്ടായിരുന്നില്ലെന്ന്‌ എങ്ങനെ പറയാനാകുമെന്നു കോടതി ചോദിച്ചു. അതിനുള്ള തെളിവുകളൊന്നും ലഭ്യമല്ല. സ്‌ത്രീകള്‍ക്ക്‌ വേദങ്ങള്‍ വായിക്കാന്‍ പാടില്ലെന്ന്‌ ഒരിക്കല്‍ താന്‍ എവിടെയോ വായിച്ചിരുന്നു. എന്നാല്‍ അതില്‍ എന്തു ന്യായമാണുള്ളതെന്ന്‌ മനസിലാവുന്നില്ലെന്നും ജസ്‌റ്റിസ്‌ മിശ്ര പറഞ്ഞു.

കേസില്‍ അധിക സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന്‌ കോടതി അനുമതി നല്‍കുകയായിരുന്നു. സ്‌ത്രീകളുടെ ശബരിമല പ്രവേശനത്തിന്‌ അനുകൂലമായി എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ യു.ഡി.എഫ്‌. സര്‍ക്കാര്‍ മാറ്റം വരുത്തുന്നതിനെ ഹര്‍ജിക്കാരന്‍ എതിര്‍ത്തു.

എന്നാല്‍, ശബരിമലയില്‍ നിലനില്‍ക്കുന്നത് ആചാര അനുഷ്ടാനങ്ങളുടെ ഭാഗമായിട്ടുള്ളതാണെന്നും, ഇത് നീക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നത്. മതേതരത്വ സമീപനമാണ് പൊതുവില്‍ സ്വീകരിക്കപ്പെടുന്നതെങ്കിലും ഹൈന്ദവരുടെ പൊതുവിശ്വാസങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത കോടതിക്കും സര്‍ക്കാരിനുമുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താ ചാനലുകളോട് പ്രതികരിച്ചു. ലക്ഷോപലക്ഷം ഭക്തര്‍ വിശ്വസിക്കുന്ന ശബരിമലയുടെ പവിത്രത കാത്ത് സൂക്ഷിക്കേണ്ടതാണെന്നും, ദേവസ്വംബോര്‍ഡിനുള്ള അതേ ഉത്തരവാദിത്തം കോടതിക്കും സര്‍ക്കാരിനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close