ശബരിമലയില്‍ പ്രാധാന്യം വിശ്വാസത്തിന്‌

sabarimala

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ക്ക്‌ ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കുന്നത്‌ ആചാരങ്ങള്‍ക്ക്‌ എതിരാണെന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്‌തമാക്കി.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നതിനോടു യോജിപ്പില്ല. ഇത്തരമൊരു നിര്‍ദേശം ഭരണഘടനയുടെ 25, 26 അനുഛേദങ്ങള്‍ക്കു വിരുദ്ധമാണ്‌. തുല്യത ഉറപ്പാക്കുന്ന ഭരണഘടനയുടെ 14-ാം അനുച്‌ഛേദം പ്രകാരം വിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യംചെയ്യാനാകില്ലെന്നും ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു. ഇക്കാര്യം 1990-ല്‍ ഹൈക്കോടതി അംഗീകരിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കുന്നു.
കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കരുതെന്നാണ്‌ ഈ വകുപ്പുകള്‍ ഉറപ്പു നല്‍കുന്നത്‌. ഇക്കാര്യത്തില്‍ വിഷയത്തില്‍ വിശ്വാസികള്‍ പിന്തുടര്‍ന്നുവരുന്ന സമ്പ്രദായത്തിന്‌ എതിരുനില്‍ക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി.
നിലപാട്‌ വ്യക്‌തമാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരത്തിന്‌ എതിരായ നിലപാട്‌ സ്വീകരിക്കാനാകില്ലെന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ സത്യവാങ്‌മൂലത്തിലുടെ അറിയിച്ചത്‌. ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്‌ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ ഇന്ത്യന്‍ യങ്‌ ലോയേഴ്‌സ്‌ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ്‌ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്‌.
ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തിന്‌ അനുകൂലമാണെന്ന എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ നിലപാടാണ്‌ ഇപ്പോഴത്തെ സത്യവാങ്‌മൂലത്തിലൂടെ യു.ഡി.എഫ്‌. സര്‍ക്കാര്‍ മാറ്റിയത്‌.
തെരഞ്ഞെടുപ്പ്‌ ആസന്നമായ സാഹചര്യത്തില്‍ ഹിന്ദുവോട്ടുകള്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ്‌ നിലപാട്‌ മാറ്റം. ഹിന്ദു സംഘടനാ നേതാവ്‌ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബി.ജെ.പി. വലിയതോതിലുള്ള ഹിന്ദു വോട്ട്‌ ഏകീകരണത്തിനു ശ്രമിക്കുന്ന സാഹചര്യത്തിലാണ്‌ സംസ്‌ഥാന സര്‍ക്കാറിന്റെ സത്യവാങ്‌മൂലം. ഹൈക്കോടതി വിധിക്കു വിരുദ്ധമായി മുന്‍ സര്‍ക്കാര്‍ 2007-ല്‍ നിലപാട്‌ അറിയിച്ചതിനെക്കുറിച്ച്‌ കഴിഞ്ഞ മാസം കേസ്‌ പരിഗണിച്ചപ്പോള്‍ മാത്രമാണ്‌ അറിഞ്ഞതെന്നാണ്‌ ചീഫ്‌ സെക്രട്ടറി കോടതിയെ ഇന്നലെ അറിയിച്ചത്‌. അതിനാലാണ്‌ പഴയ സത്യവാങ്‌മൂലം പിന്‍വലിച്ച്‌ പുതിയതു സമര്‍പ്പിക്കുന്നതെന്നു വ്യക്‌തമാക്കിയിട്ടുമുണ്ട്‌. സര്‍ക്കാരുകള്‍ മാറുന്നത്‌ അനുസരിച്ച്‌ നിലപാടുകള്‍ മാറ്റുന്നത്‌ അംഗീകരിക്കാനാകില്ലെന്നു കേസ്‌ പരിഗണിക്കവേ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. അയ്യപ്പഭക്‌തരുടെ സംഘടനയ്‌ക്കും കേസില്‍ കക്ഷി ചേരാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്‌.
ശബരിമലയിലെ അയ്യപ്പന്റെ പ്രതിഷ്‌ഠ നൈഷ്‌ഠിക ബ്രഹ്‌മചാരീ സങ്കല്‍പത്തിലാണെന്ന ക്ഷേത്രം തന്ത്രിമാരുടെ മൊഴി ഹൈക്കോടതി അംഗീകരിച്ചതാണ്‌. അയ്യപ്പന്റെ ബ്രഹ്‌മചര്യത്തിനു കോട്ടം തട്ടാതിരിക്കാനാണ്‌ യുവതികള്‍ക്ക്‌ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചിട്ടുള്ളതെന്നു തന്ത്രിമുഖ്യനായ പുതുമന നാരായണന്‍ നമ്പൂതിരിയുടെ മൊഴിയിലുണ്ടെന്നും മറ്റുള്ള ക്ഷേത്രങ്ങളിലെ ശാസ്‌താ പതിഷ്‌ഠകളില്‍നിന്നു ശബരിമലയിലേതിനു വ്യത്യാസമുണ്ടെന്നും സര്‍ക്കാരിന്റെ സത്യവാങ്‌മൂലത്തില്‍ പറയുന്നു. –
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close