സുപ്രീം കോടതി ഉത്തരവ് :വ്യത്യസ്ത പ്രതികരണങ്ങളാണ് സമൂഹത്തിലിപ്പോള്‍ .

ബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് വ്യത്യസ്ത പ്രതികരണങ്ങളാണ് സമൂഹത്തിലിപ്പോള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്.

നിയമപരവും ഭരണഘടനാപരവുമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം ആകാമെന്ന് കോടതി വിധിച്ചിരിക്കുന്നത്.

നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പ സന്നിധിയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് വാദിക്കുന്ന കോടിക്കണക്കിന് ഹൈന്ദവ ഭക്തരെ അമ്പരിപ്പിച്ച വിധിയാണിത്.

രാജ്യത്ത് ലക്ഷക്കണക്കിന് ഭക്തര്‍ വന്നു പോകുന്ന ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തിലെ കീഴ് വഴക്കങ്ങള്‍ മാറിമറിയുന്നതിനോട് ഭക്തര്‍ എങ്ങനെ പ്രതികരിക്കുമെന്നതും ഇനി കണ്ടു തന്നെ അറിയണം.

യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഭക്തര്‍ പ്രതികരിക്കുമെന്ന ശബരിമല തന്ത്രിയുടെ കൊച്ചുമകന്‍ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവരുടെ പ്രതികരണം അയ്യപ്പസന്നിധിയില്‍ സംഘര്‍ഷാന്തരീക്ഷ മുന്നറിയിപ്പു നല്‍കുന്നതാണ്.

പരമോന്നത നീതിപീഠം പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന ഭരണകൂടത്തിനും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ബാധ്യതയുണ്ട്.

എന്നാല്‍ ലക്ഷക്കണക്കിന് ഭക്തര്‍ ഒറ്റക്കെട്ടായി എതിര്‍പ്പുമായി രംഗത്തു വന്നാല്‍ അത് പൊലീസിനും വലിയ വെല്ലുവിളിയാകും.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജിക്ക് പിന്നില്‍ ഹിഡന്‍ അജണ്ട ഉണ്ടെന്ന ആരോപണം നേരത്തെ തന്നെ സ്ത്രീകള്‍ അടക്കമുള്ള ഒരു വിഭാഗം ഭക്തര്‍ ഉന്നയിച്ചിരുന്നു.

ശബരിമലയില്‍ ദര്‍ശനത്തിന് വരുമെന്ന് പ്രഖ്യാപിച്ച യുവതികളെ എതിര്‍ക്കുന്ന സ്ത്രീകളെ തന്നെ രംഗത്തിറക്കി തടയാനും അണിയറയില്‍ നീക്കം നടക്കുന്നുണ്ട്.

ശബരിമല സീസണ്‍ തുടങ്ങാനിരിക്കെ വലിയ വെല്ലുവിളിയാന്ന് സംസ്ഥാന ഭരണകൂടത്തിനു മുന്നില്‍ ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്.

കോടതി വിധി വരും മുന്‍പ് തന്നെ സോഷ്യല്‍ മീഡിയകളില്‍ ഒരു വിഭാഗം സ്ത്രീകള്‍ ശബരിമലയില്‍ നിലവിലെ അവസ്ഥ തുടരണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. ഇപ്പോഴത്തെ സുപ്രീം കോടതി വിധി ഇവരെയും കടുത്ത നിരാശരാക്കിയിരിക്കുകയാണ്.

മുസ്ലീം പള്ളികളില്‍ പ്രവേശനം നല്‍കുന്ന കാര്യത്തിലും, ക്രൈസ്തവ വിഭാഗത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനു മേല്‍നോട്ടം വഹിക്കുന്നതിനും, പൗരോഹിത്യത്തിലും ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് പരിഗണന നല്‍കാത്തതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

നീതി തുല്യമാകണമെങ്കില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഒരേ നീതിയാണ് നടപ്പാക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ തന്നെ സമീപിക്കാനും ഒരു വിഭാഗം ആലോചിക്കുന്നുണ്ട്.

ഇങ്ങനെ പോയാല്‍ എല്ലാ മതങ്ങള്‍ക്കും അവരുടെ ആചാരങ്ങള്‍ തുടര്‍ന്ന് കൊണ്ടു പോകാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നും വിശ്വാസികള്‍ ആശങ്കപ്പെടുന്നു.

അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നും അതിനാല്‍ നിലവിലെ ആചാരം സ്ത്രീ വിരുദ്ധമല്ലെന്നുമായിരുന്നു എന്‍എസ്എസിന്റെ വാദം. പന്തളം രാജകുടുംബവും ഇപ്പോഴും സ്ത്രീ പ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്.

വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും അതിനാല്‍ തന്നെ കോടതിവിധിയോട് സമ്മിശ്രമായി പ്രതികരിക്കാനെ തനിക്ക് ഇപ്പോള്‍ സാധിക്കുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയും പ്രതികരിച്ചു.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാര്‍ ഒരേ അഭിപ്രായം കുറിച്ചപ്പോള്‍ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര വിയോജിച്ചു എന്നതും എടുത്തു പറയേണ്ട കാര്യമാണ്‌. മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാകും അഭികാമ്യമെന്നാണ് അവര്‍ തുറന്നടിച്ചത്. ഈ നിലപാടിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയകളിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Show More

Related Articles

Close
Close