ശബരിമല സ്ത്രീപ്രവേശനം; പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയില്‍!

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവില്‍ പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ഇത് സംബന്ധിച്ച് ബുധനാഴ്ച യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. പത്മകുമാര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയാണ്.

മാസപൂജയ്ക്ക് നടതുറക്കുമ്പോള്‍ സ്വീകരിക്കേണ്ട ഒരുക്കങ്ങള്‍ കൂടിക്കാഴ്ചയിലെ മുഖ്യ അജണ്ട. തിരക്ക് കുറയ്ക്കണമെന്ന പോലീസ് നിര്‍ദ്ദേശം ബോര്‍ഡിന്റെ പരിഗണനയിലുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബുധനാഴ്ചയാണ് ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നത്.

അതിനിടെ ശബരിമലയിലെ സ്ത്രീപ്രവേശവനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.

നിലവില്‍ ശരാശരി ഒന്നരക്കോടിപ്പേരാണ് സീസണില്‍ ശബരിമല തീര്‍ഥാടനത്തിനായി എത്തുന്നത്. തീര്‍ഥാടനകാലത്ത് സുരക്ഷാ കാര്യങ്ങളും വിപുലപ്പെടുത്തേണ്ടി വരും. ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടിവരും.പുതിയ സാഹചര്യത്തില്‍ സന്നിധാനത്ത് കൂടുതല്‍ വനഭൂമി ചോദിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

കേരളത്തിനുള്ളില്‍നിന്ന് എത്ര സ്ത്രീകള്‍ എത്തുമെന്നതിനെ സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ക്ഷേത്ര പ്രവേശനത്തെ സംബന്ധിച്ച് സ്ത്രീകള്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായം ഉള്ളതിനാല്‍ കണക്കെടുപ്പ് ഈ ഘട്ടത്തില്‍ സാധ്യമല്ല. 2011 ലെ സെന്‍സസ് അനുസരിച്ച് 1,73,78,649 സ്ത്രീകളാണ് കേരളത്തിലുള്ളത്. ഇതിന്റെ രണ്ടു ശതമാനം കണക്കാക്കിയാല്‍പോലും 3,47,572 സ്ത്രീകള്‍ ശബരിമലയിലെത്താം. ഇതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കേണ്ടിവരും. സ്ത്രീകള്‍ ശബരിമലയിലെത്തിത്തുടങ്ങിയാല്‍ പ്രത്യേക ശുചിമുറികളും താമസ സൗകര്യങ്ങളും ഉറപ്പാക്കേണ്ടിവരുമെന്നു ദേവസ്വം കമ്മീഷണര്‍ പറഞ്ഞു.

Show More

Related Articles

Close
Close