‘എത്ര റണ്‍സ് സ്‌കോര്‍ ചെയ്താലും മതിയായെന്ന് തോന്നരുത്’; കോഹ്ലിയ്ക്ക് സച്ചിന്റെ ഉപദേശം

 

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കോഹ്ലി ഇപ്പോള്‍ ലഭിക്കുന്ന പ്രശസ്തിയിലും നേട്ടങ്ങളിലും അഭിരമിക്കരുതെന്നും ഇക്കാര്യത്തില്‍ സംതൃപ്തനാകരുതെന്നുമാണ് സച്ചിന്റെ ഉപദേശം.ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു കോഹ്ലിയെ സച്ചിന്‍ ഉപദേശിച്ചത്.

‘എത്ര റണ്‍സ് സ്‌കോര്‍ ചെയ്താലും മതിയായെന്ന് തോന്നരുത്. ഇനിയും കൂടുതല്‍ കൂടുതല്‍ റണ്‍സ് നേടണമെന്ന തോന്നല്‍ വേണമെന്നാണ് സ്വന്തം അനുഭവത്തില്‍ നിന്ന് പറയാനുള്ളതെന്ന് സച്ചിന്‍ പറഞ്ഞു.
മുന്നോട്ടുള്ള വഴിയില്‍ ചുറ്റുമുള്ളവരില്‍ നിന്ന് ഒരുപാട് പറയുകയും കേള്‍ക്കുകയുമെല്ലാം ചെയ്യും. എന്നാല്‍ ലക്ഷ്യം നേടാനുള്ള അതിയായ ആഗ്രഹം താങ്കളിലുണ്ടെങ്കില്‍ താങ്കള്‍ക്കത് സാധിക്കും. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വിയിലും താങ്കള്‍ക്ക് തല ഉയര്‍ത്തി നില്‍ക്കാം’ സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

നേടിയ കാര്യങ്ങളില്‍ നിങ്ങള്‍ സംതൃപ്തനാവുമ്പോഴാണ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ നിങ്ങളുടെ വീഴ്ച തുടങ്ങുന്നത്. അതുകൊണ്ട് ഒരിക്കലും നേടിയ റണ്‍സിന്റെ കാര്യത്തില്‍ സംതൃപ്തനാവരുത്. ബൗളര്‍മാര്‍ക്ക് 10 വിക്കറ്റ് മാത്രമേ പരമാവധി നേടാനാവു. എന്നാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അങ്ങിനെ ഒരു പരിധി ഇല്ല. അതുകൊണ്ട് ഒരിക്കലും സംതൃപ്തനാവരുത്. അതേസമയം സന്തോഷവാനാവൂ എന്നും സച്ചിന്‍ കോഹ്ലിയോടായി പറഞ്ഞു.

Show More

Related Articles

Close
Close