തോമസ് ഐസക്കിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയാല്‍ സര്‍ക്കാര്‍ രക്ഷപ്പെടും: ശങ്കരനാരായണന്‍

തോമസ് ഐസക്കിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയാല്‍ സര്‍ക്കാര്‍ രക്ഷപ്പെടുമെന്നു മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍. കെപിഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പണം കടംവാങ്ങിയതിന്റെ പലിശ കൊടുക്കാന്‍ വീണ്ടും കടം വാങ്ങേണ്ടിവരുന്ന സര്‍ക്കാരാണു കേരളത്തിലേത്. ബവ്‌റിജസ് വില്‍പനശാലകളിലെ വരുമാനം കൊണ്ടാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ബജറ്റ് പ്രസംഗമെന്നു പറഞ്ഞു സാഹിത്യസമ്മേളനമാണ് തോമസ് ഐസക്ക് നടത്തിയത്.

തോമസ് ഐസക്കിനു വലിയ വിവരമൊന്നുമില്ലെന്നു നേരത്തേ മനസ്സിലായതുകൊണ്ടാണ് പിണറായി വിജയന്‍ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചത്. എന്നാല്‍ അവര്‍ പറഞ്ഞതൊന്നു പിണറായിക്കു മനസ്സിലായില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു. ഐസക്കിനെ വിളിച്ചു നാളെ മുതല്‍ പണിക്കുവരേണ്ടെന്നു പിണറായി വിജയന്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ രക്ഷപ്പെടും.

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട് എന്നതിന്റെ തെളിവാണു കഴിഞ്ഞ ദിവസം അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം. മറ്റൊരു പ്രധാനമന്ത്രിയും പാര്‍ലമെന്റില്‍ ഇത്രയും മോശം പ്രസംഗം നടത്തിയിട്ടില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

Show More

Related Articles

Close
Close