സരിത മുഖ്യമന്ത്രിയ്ക്ക് പണം നല്‍കിയത് മജിസ്‌ട്രേറ്റിനോട് പറഞ്ഞിരുന്നു

sssssസോളാര്‍ കത്തുന്നു. കേസില്‍ അന്വേഷണ കമ്മിഷനു മുമ്പാകെ സരിതയുടെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍. മുഖ്യമന്ത്രിക്ക് താനുമായുള്ള ബന്ധം വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളാണ് സരിത നടത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനും പണം നല്‍കിയ കാര്യം എറണാകുളം എ.സി.ജെ.എം എന്‍.വി രാജുവിന് നല്‍കിയ രഹസ്യ മൊഴിയില്‍ പറഞ്ഞിരുന്നു. മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം എഴൂതി നല്‍കിയത് കത്ത് 30 പേജുള്ളതായിരുന്നു. എന്നാല്‍ 23 പേജുള്ള കത്ത് എന്നാണ് പുറത്തുവന്നതെന്നും സരിത വ്യക്തമാക്കി. മുഖ്യമന്ത്രിയും ബന്നി ബഹനാനും തമ്പാനൂര്‍ രവിയും തന്റെ അമ്മയ്ക്ക് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് കത്ത് പിന്നീട് നാലു പേജാക്കി ചുരുക്കി താന്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും സരിത മൊഴി നല്‍കി.

2012ലെ ‘എമര്‍ജിംഗ് കേരള’യില്‍ മുഖ്യമന്ത്രിയെ ബിജു രാധാകൃഷ്ണന്‍ കണ്ടു. സലീം രാജിന്റെ ഫോണില്‍ നിന്ന് 10.45ന് മുഖ്യമന്ത്രി തന്നെ വിളിച്ചു. ഒരു മാതൃഭൂമി ലേഖകനൊപ്പം ബിജു കാണാനെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിറ്റേന്ന് രാവിലെ 8.45ന് ലെ മെറിഡിയന്‍ ഹോട്ടലില്‍ വന്ന് കാണാന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം 8.40ന് ഹോട്ടലില്‍ എത്തി സലീംരാജിന്റെ ഫോണില്‍ വിളിച്ചു. എന്നാല്‍ ഇവിടെ മാധ്യമപ്രവര്‍ത്തകരുണ്ടെന്നും പിറ്റേന്ന് വൈകിട്ട് ക്ലിഫ് ഹൗസിലേക്ക് എത്താന്‍ നിര്‍ദേശിച്ചു. ക്ലിഫ് ഹൗസില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രിയും ഭാര്യയും മകനും ഉണ്ടായിരുന്നു. അവരെ മാറ്റിനിര്‍ത്തിയ ശേഷം താനുമായി സംസാരിച്ചു. ബിജു രാധാകൃഷ്ണന്‍ പറഞ്ഞ കുടുംബ പ്രശ്‌നങ്ങളാണ് മുഖ്യമന്ത്രി തന്നെ അറിയിച്ചത്. ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. വ്യക്തിപരമായ കാര്യങ്ങളാണ് മുഖ്യമന്ത്രി ആരാഞ്ഞതെന്നും സരിത കമ്മിഷനെ അറിയിച്ചു.

ടീം സോളാര്‍ കമ്പനിയുടെ വിശദമായ രേഖകളും സാമ്പത്തിക ഇടപാടുകളും മറ്റു തെളിവുകളും വരും ദിവസങ്ങളില്‍ കമ്മിഷനില്‍ സമര്‍പ്പിക്കുമെന്നും സരിത അറിയിച്ചു.

പിന്നീട് ജൂണ്‍ 13ന് താന്‍ പോലീസ് കസ്റ്റഡിയിലായി. റേഞ്ച് ഐ.ജി പത്മകുമാറും പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഹരികൃഷ്ണനും ചേര്‍ന്ന പോലീസ് സംഘമാണ് തന്നെ കസ്റ്റഡിയിലെടുത്തത്. സജാദിന്റെ പരാതിയിലായിരുന്നു നടപടി. സോളാര്‍ ഇടപാടുകളെ കുറിച്ച് മാത്രമാണ് അന്വേഷണ സംഘം തന്നോട് ചോദിച്ചത്. 96 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞു.

പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയുടെ കസ്റ്റഡിയില്‍ വച്ചാണ് 30 പേജുള്ള കത്ത് താന്‍ എഴുതിയത്. എന്നാല്‍ 23 പേജുള്ള കത്ത് എന്ന നിലയിലാണ് പുറത്തുവന്നത്. കത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കാന്‍ തയ്യാറാകാത്തതിനാലാണ് പിന്നീട് കോടതിയില്‍ പറഞ്ഞത്. 2013 ജൂലൈയില്‍ എറണാകുളം എ.സി.ജെ.എം എന്‍.വി രാജുവിന് നല്‍കിയ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിക്ക് പണം നല്‍കിയ കാര്യം പറഞ്ഞിരുന്നു. ഇക്കാര്യം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. പറഞ്ഞ കാര്യങ്ങള്‍ മൊഴി ഹര്‍ജിയായി എഴുതി നല്‍കാന്‍ കോടതി തന്റെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനോട് ആവശ്യപ്പെട്ടു.

തന്റെ പരാതി കേള്‍ക്കുമ്പോഴാണ് എപിപി കോടതിമുറിയില്‍ എത്തിയത്. എപിപി എത്താന്‍ വൈകിയത് നന്നായെന്ന് എ.പി.പിയോജ് മജിസ്‌ട്രേറ്റ് എന്‍.വി രാജു തമാശ രൂപത്തില്‍ പറഞ്ഞു. കത്തുമായാണ് പത്തനംതിട്ട ജയിലിലേക്ക് പോയത്. ജയിലില്‍ ദേഹപരിശോധന നടത്തിയപ്പോള്‍ കത്ത് വക്കീലിന് കൊടുക്കാനാണെന്നു പറഞ്ഞു. സൂപ്രണ്ടിന്റെ അനുമതിയോടെ കത്ത് സൂക്ഷിച്ചു. പിന്നീട് കെ.ബി ഗണേഷ്‌കുമാറിന്റെ പി.എ പ്രദീപിനോടും ഫെനിയോടും എത്താന്‍ പറഞ്ഞു. കത്ത് ഹൈക്കോടതിയിലെ അഭിഭാഷകന്‍ രാജീവിനെ ഏല്‍പ്പിക്കാന്‍ ഇവര്‍ക്ക് കൈമാറി.

ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റിയ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തന്നെ പത്തനംതിട്ടയില്‍ നിന്ന് അട്ടക്കുളങ്ങരയിലേക്കു മാറ്റിയത്. അട്ടക്കുളങ്ങരയില്‍ എത്തിയപ്പോള്‍ തന്നെ കാണാന്‍ നിരവധി പേര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അമ്മയെയും അഭിഭാഷകനെയും മാത്രം അനുവദിച്ചാല്‍ മതിയെന്നു പറഞ്ഞു. ഫെനി പിന്നീട് വന്നപ്പോള്‍ കാണാന്‍ അനുവദിച്ചില്ല. താന്‍ ജയില്‍ ഡി.ജി.പിക്ക് ഒരു കത്ത് അയച്ചിരുന്നു. ജയില്‍ ഡി.ഐ.ജി പ്രദീപ് കുമാറും എച്ച്. ഗോപകുമാറും തന്നെ ജയിലില്‍ സന്ദര്‍ശിച്ചു. പിന്നെ വന്നത് അമ്മയാണ്. അമ്മയോടൊപ്പം ജയിലില്‍ സന്ദര്‍ശിച്ചത് കെ.ബി ഗണേഷ്‌കുമാറിന്റെ പി.എ ആയിരുന്നു. സൂപ്രണ്ടിന്റെ മുറിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വലിയ വെളിപ്പെടുത്തല്‍ നടത്തരുതെന്നും കത്തില്‍ പറയുന്ന കാര്യങ്ങള്‍ പുറത്തുപറയരുതെന്നും ഇവര്‍ ഉപദേശിച്ചു. ജീവന് ഭീഷണിയുള്ളതിനാല്‍ കേസില്‍ നിന്ന് പിന്മാറിക്കൂടെയെന്ന് അമ്മ ചോദിച്ചു. എന്നാല്‍ പറ്റില്ലെന്ന് താന്‍ മറുപടി നല്‍കി.

പ്രദീപ് രഹസ്യമായി തന്നോട് സംസാരിച്ചു. മുഖ്യമന്ത്രിയുടെ പ്രതിനിധിയായാണ് താന്‍ എത്തിയതെന്നും കേസുകള്‍ പിന്‍വലിച്ച് കോടതിക്കു പുറത്ത് വച്ച് സെറ്റില്‍ ചെയ്യാമെന്നും അറിയിച്ചൂ. പകരം ഒന്നും വെളിപ്പെടുത്തരുതെന്നും അറിയിച്ചു. ബെന്നി ബഹനാനും തമ്പാനൂര്‍ രവിയുമായി സംസാരിക്കാമെന്നും അറിയിച്ചു. എന്നാല്‍ തന്റെ പണം തിരിച്ചുനല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പിന്മാറില്ലെന്ന് അറിയിച്ചു. ഇതോടെ ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും മുഖ്യമന്ത്രിയും അമ്മയുമായി പ്രദീപിന്റെ ടെലിഫോണില്‍ സംസാരിച്ചു. വാങ്ങിയ പണം നല്‍കാമെന്ന് പറഞ്ഞു. ഇവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 30 പേജുള്ള കത്ത് താന്‍ കത്ത് ചുരുക്കി നാലു പേജാക്കി എറണാകുളം എ.സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചു.

എന്നാല്‍ ആരും വാക്കു പാലിച്ചില്ല. താന്‍ പണം വാങ്ങി മൊഴി മാറ്റം നടത്തിയതായി വിവാദം ഉണ്ടായി. യഥാര്‍ത്ഥത്തില്‍ തനിക്ക് പണം ലഭിച്ചിരുന്നില്ല. ജയിലിലായിരുന്നപ്പോഴും പുറത്തിറങ്ങിയപ്പോഴും ബെന്നി ബഹനാനും തമ്പാനൂര്‍ രവിയുമായി താന്‍ നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. ആരോപണങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്ന് പറഞ്ഞുതന്നിരുന്നത് അവരാണ്. ഇവരുമായി എല്ലാം താന്‍ സംസാരിച്ചതിന്റെ ദൃശ്യതെളിവ് ഗണേഷ്‌കുമാറിന്റെ കൈവശമുണ്ട്.

തുടര്‍ന്ന് താനും ബിജു രാധാകൃഷ്ണനും ഡല്‍ഹിയിലേക്കും ചെന്നൈയിലേക്കും നടത്തിയ യാത്രയുടെ രേഖകള്‍ സരിത കമ്മിഷനു മുമ്പാകെ സമര്‍പ്പിച്ചു.

കമ്മിഷനു മുമ്പാകെ മൊഴി നല്‍കിയ ശേഷം പുറത്തിറങ്ങിയ സരിത മാധ്യമങ്ങള്‍ക്കു മുന്നിലും ആവര്‍ത്തിച്ചു. ബെന്നി ബഹനാനും തമ്പാനൂര്‍ രവിയുമായി ദിവസം മൂന്നു നാലു ദിവസമെങ്കിലും വിളിച്ചിരുന്നു. ബെന്നിയുടേ ഫോണ്‍ നമ്പര്‍ 84400 എന്നതിലാണ് അവസാനിക്കുന്നത്. തമ്പാനൂര്‍ രവിയുടെ ഫോണ്‍ നമ്പര്‍ തുടങ്ങുന്നത് 94471ലാണ്. ഫെനി തന്റെ പേരില്‍ 76 ലക്ഷം രൂപയോളം വാങ്ങിയതായി അറിഞ്ഞു. അതേതുടര്‍ന്നാണ് ഫെനിയെ ഒഴിവാക്കിയതെന്നും സരിത പറഞ്ഞു. ഇവരാരും തന്റെ ലക്ഷ്യമല്ല. തന്റെ ബിസിനസ് തകര്‍ത്ത് അടിത്തറ ഇളക്കിയതിനോടാണ് എതിര്‍പ്പെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close