ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം

ഫോണ്‍ കെണി കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കാന്‍ മുംബൈയില്‍ ചേര്‍ന്ന എന്‍.സി.പി നേതൃയോഗത്തില്‍ തീരുമാനം. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

യോഗത്തിനുശേഷം എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി നേതൃത്വം മുഖ്യമന്ത്രിക്ക് കത്തു നല്‍കണമെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. മുംബൈയില്‍ നിന്ന് ചൊവ്വാഴ്ച കേരളത്തിലേക്ക് തിരിക്കുന്ന ടി.പി പീതാംബരന്‍ മാസ്റ്റര്‍ തിരുവനന്തപുരത്ത് എത്തിയാലുടന്‍ മുഖ്യമന്ത്രിക്ക് കത്ത് കൈമാറും. എന്‍.സി.പിയുടെ ഒഴിഞ്ഞു കിടക്കുന്ന മന്ത്രിസ്ഥാനം ഉടന്‍ നികത്തണമെന്നും പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടു.

ഫോണ്‍വിളി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് എന്‍.സി.പി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. സ്ത്രീയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയതുമായി ബന്ധപ്പെട്ട കേസിനെത്തുടര്‍ന്നാണ് ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. പിന്നാലെ മന്ത്രിസ്ഥാനത്തെത്തിയ തോമസ് ചാണ്ടിക്കും ഭൂമി കൈയേറ്റക്കേസില്‍ കോടതിയില്‍നിന്ന് ഉണ്ടായ രൂക്ഷ പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു. എന്നാല്‍, തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശശീന്ദ്രനെ പിന്നീട് കുറ്റവിമുക്തനാക്കി.

Show More

Related Articles

Close
Close