ഖത്തറിനെതിരെ കലിയൊടുങ്ങാതെ സൗദി; രാജ്യാതിര്‍ത്തിയില്‍ കനാല്‍ നിര്‍മ്മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റാന്‍ സൗദി അറേബ്യയുടെ നീക്കം

ഖത്തറിനെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ സൗദിയുടെ ശ്രമം. അതിര്‍ത്തിയില്‍ കനാല്‍ നിര്‍മ്മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റാനാണ് സൗദി ശ്രമിക്കുന്നത്. വെളളിയാഴ്ച സൗദി അധികൃതര്‍ തന്നെയാണ് ഇതേകുറിച്ച് സൂചന നല്‍കിയത്. രാജ്യത്തിനെതിരെ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം.

സാല്‍വ ദ്വീപ് പ്രോജക്ടിന്റെ നടത്തിപ്പിനുള്ള വിശദാംശങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും രാജ്യത്തിന്റെ ഭൂഘടന തന്നെ മാറ്റാന്‍ കഴിയുന്ന ചരിത്രപരമായ തീരുമാനമായിരിക്കും ഇതെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുഖ്യഉപദേഷ്ടാവ് അല്‍ ഖത്വാനി ട്വിറ്ററില്‍ കുറിച്ചു.

ഖത്തറിന്റെ രാജ്യാതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ ദൈര്‍ഘ്യവും 200 മീറ്റര്‍ വീതിയുമുള്ള കനാലാണ് സൗദി നിര്‍മിക്കാനൊരുങ്ങുന്നത്. കനാല്‍ പദ്ധതി നടപ്പാക്കുന്നതോടെ ഖത്തര്‍ സൗദിയില്‍  നിന്ന് വേറിടും.  750 മില്ല്യണ്‍ ഡോളറിന്റെ ചിലവ് വരുന്ന പദ്ധതിയാണിതെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഗവണ്‍മെന്റിന്റെ ന്യൂസ് വെബ്‌സൈറ്റിലാണ് കനാല്‍ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത്.

ഖത്തറിന് മേല്‍ അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം 14 മാസം പിന്നിടുമ്പോഴാണ് സൗദിയുടെ നീക്കം.

ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നെന്നും ഇറാനുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപിച്ചാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചത്. അതേസമയം, ഖത്തര്‍ ഈ ആരോപണങ്ങളെ നിരസിക്കുകയും ചെയ്തിരുന്നു.

Show More

Related Articles

Close
Close