ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്ത് കൊളീജിയം

ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതിയിലേക്ക് കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു. കെ.എം ജോസഫിനൊപ്പം സുപ്രീം കോടതിയിലേക്ക് പരിഗണിക്കപ്പെടേണ്ട മറ്റ് ജഡ്ജിമാരുടെ കാര്യത്തില്‍ തീരുമാനം ആകാത്തത് കൊണ്ടാണ് ശുപാര്‍ശ ചെയ്യല്‍ ജുലൈ വരെ വൈകിയത്. മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയ്ക്കൊപ്പം കെ.എം ജോസഫിനേയും നിയമിക്കാന്‍ ജനുവരി 10-ന് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം ഇന്ദു മല്‍ഹോത്രയെ മാത്രം നിയമിക്കുകയായിരുന്നു. തുടര്‍ന്നാണ് കെ.എം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം തീരുമാനിച്ചത്. സീനിയോറിറ്റി, സംസ്ഥാനത്തിന്റെ പ്രതിനിധ്യം, ജാതി-മത പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളാണ് ജസ്റ്റിസ് ജോസഫിന്റെ പേരു മടക്കിയപ്പോള്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയത്.
കെ.എം ജോസഫിന്റെ പേര് പ്രത്യേകമായാണ് കേന്ദ്രത്തിന് നല്‍കുക. ഇതിന് പുറമെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ പേരും കൊളീജിയം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം ജസ്റ്റിസ് അനിരുദ്ധ ബോസിനെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനും പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.