സീതയും പോമ്പിയയും പിന്നെ സീസറുടെ ഭാര്യയും

കോളം:-നിരാമയന്‍

454853 ‘സീസറുടെ ഭാര്യയും സംശയാതീത ആയിരിക്കണം’ എന്ന ഹൈക്കോടതി വിധിന്യായത്തിലെ ഒരു ചെറിയ പരാമര്‍ശം കേരള രാഷ്ട്രീയത്തിലെ വലിയ മാടമ്പിത്തത്തിന്റെ അപ്രമാദിത്വത്തിനേറ്റ ഏറ്റവും കനത്ത ക്ഷതമായിരുന്നു. കഴിഞ്ഞ ആഴ്ച കേട്ടതില്‍ വെച്ചു ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടതായ ആ പ്രയോഗമാണ് ഈ ലേഖനത്തിന് ആധാരം.
ഇനി ഒരല്‍പം പഴങ്കഥയിലേക്ക്…

സീസറുടെ രണ്ടാമത്തെ ഭാര്യ ആയിരുന്നു പോമ്പിയ, ഒരിക്കല്‍ അവര്‍ ബോണ ദേയ എന്ന ഉത്സവം തന്റെ അരമനയില്‍ വെച്ചു നടത്തുക ഉണ്ടായി, സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഉത്സവത്തില്‍ ഒരു യുവാവ് സ്ത്രീവേഷത്തില്‍ പങ്കെടുക്കുകയും ശേഷം അത് നാട്ടില്‍ പാട്ടായി, പോമ്പിയ തെറ്റ് ചെയ്തില്ല എങ്കിലും , ഭാര്യയുടെ പേരുദോഷം സീസര്‍ക്ക് താങ്ങാവുന്നതായിരുന്നില്ല അയാള്‍ വിവാഹ ബന്ധം വേര്‍പെടുത്തി. കാരണം ചോദിച്ചപ്പോള്‍ നല്കിയ മറുപടി ആണ് “സീസറുടെ ഭാര്യയും സംശയത്തിനു അതീത ആയിരിക്കണം ” എന്നത്.
ഇത് നടന്നത് BC 62ല്‍ ആണ്, അതിനും എത്രയോ പണ്ട് നമ്മുടെ നാടിന്‍റെ പാരമ്പര്യത്തില്‍ പ്രോജ്വലമായി നില്ക്കു ന്നതാണ് രാമായണത്തിലെ സീതാപരിത്യാഗം, രാമനു സീതയുടെ മേല്‍ സംശയത്തിന്റെ പരമാണുപോലും ഉണ്ടായിരുന്നില്ല. എന്നിട്ടും തന്‍റെ ധാര്‍മികത ഒളിമങ്ങാതെ കാക്കാന്‍ വേണ്ടി രാമന് സീതയെ ഉപേക്ഷിക്കേണ്ടി വന്നു.

ഇനി കാര്യത്തിലേക്ക് കടക്കാം, ഇവിടെ പരിത്യാഗങ്ങളുടെ വൈകാരികത മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍ രസകരമായ ചില കാര്യങ്ങള്‍ കാണാം. ഇത് രണ്ടും 2 സംസ്കാരങ്ങളില്‍ നിന്നുള്ള സംഭവങ്ങള്‍, 2 കാലങ്ങളില്‍ ഉള്ളവ, പക്ഷേ ആശയത്തിന്റെ തീഷ്ണത രണ്ടിലും ഒരുപോലെ. രാജാവ്‌/നേതാവ് നീതിമാനായതുകൊണ്ട് മാത്രം കാര്യമില്ല ചുറ്റിപ്പറ്റി നില്ക്കുന്നവരും സംശയാതീതരാകണം. ഇത് ദേശകാലാന്തരങ്ങള്‍ക്ക് അതീതമായൊരു പൊതുതത്ത്വമാണെന്നുറപ്പ്.

നേതാവ് എന്നത് സ്വയം ഏറ്റെടുത്തതോ ചാര്‍ത്തിക്കിട്ടിയതോ എന്തും ആയികൊള്ളട്ടെ,അതില്‍ അടങ്ങിയിരിക്കുന്ന ശക്തി വ്യക്തിശുദ്ധി തന്നെയാണ്. വ്യക്തിശുദ്ധി ഇല്ലാത്ത നേതാക്കള്‍ നയിക്കുന്ന പ്രസ്ഥാനത്തിനു ഉദ്ദേശശുദ്ധി പലപ്പോഴും ഉണ്ടാകില്ല ഉണ്ടായാല്‍ത്തന്നെ ഉതകാതെപോകുമെന്നത് ചരിത്ര സത്യം, അത് പ്രസ്ഥാനങ്ങളെതന്നെ നശിപ്പിക്കും സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിയിടും.

ഗദ്ദാഫിയും സദ്ദാംഹുസൈനും സ്റ്റാലിനും പലപ്പോഴായി പാകിസ്ഥാന്‍ ഭരിച്ചവരും (മുടിച്ചവരും) ഒക്കെതന്നെ ഉദാഹരണങ്ങള്‍. ഇനി വ്യക്തിശുദ്ധി ഉണ്ട് ഉദ്ദേശശുദ്ധി ഇല്ലങ്കില്‍ അഡോള്‍ഫ് ഹിറ്റ്ലറെപ്പോലെ കലാകാരനില്‍ നിന്ന് കാപാലികന്മാര്‍ ജനിക്കും, ലോകത്തിനു ദുരിതങ്ങള്‍ സമ്മാനിക്കും. എന്നാല്‍ വ്യക്തിശുദ്ധിയോടൊപ്പം ഉദ്ദേശശുദ്ധിയും ചേരുമ്പോള്‍ ഭഗത് സിംഹനും, ആസാദും, ഗാന്ധിയും, ബോസും, പട്ടേലും ഇന്നും നമ്മള്‍ നെഞ്ചോടുചേര്‍ത്തുവെക്കുന്ന മറ്റനേകം പേരുകളും (അങ്ങനെ എത്രയോപേര്‍ ഈ മണ്ണില്‍ത്തന്നെ പിറന്നിരിക്കുന്നു.) എന്നാല്‍ നൈതികതയോ സാംസ്കാരിക മൂല്യങ്ങളോ സദാചാര ( ഇതെങ്ങിനെയൊരു വെറുക്കപ്പെട്ട പദമായി എന്നതു തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു ) നിരതയോ ഇല്ലാത്ത വ്യക്തികളാല്‍ നയിക്കപ്പെടുന്ന പ്രസ്ഥാനങ്ങള്‍ ഇന്നിനെയും ഇന്നിലൂടെ നാളെയും ബാധിക്കുമെന്നത് ആശങ്കകള്‍ക്ക് ആഴം കൂട്ടുന്നു.

ഹൈക്കോടതിയുടെ പരാമര്‍ശം മൂലം ധനമന്ത്രിയുടെ രാജി ഏറെ വൈകിയാണെങ്കിലും സംഭവിക്കുക തന്നെ ചെയ്തു. എന്നാല്‍ മലയാളികളെ ആകമാനം ഞെട്ടിച്ചത്, കിസ്സ്‌ ഓഫ് ലവ് നേതാവും അയാളുടെ ഭാര്യയും അറസ്റ്റ് ചെയ്യപ്പെട്ടതാണ്. പുരോഗമനമെന്ന പേരില്‍ പാകിയത്‌ സംസ്കാരശൂന്യതയുടെ വിത്തുകള്‍ ആണെന്ന് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. മിഥ്യാധാരണകളുടെപുറത്ത് അതിനായി നിലമുഴുതവരും, വെള്ളം കോരിയവരും തങ്ങളുടെ മുഖം രക്ഷിക്കുവാന്‍ പറയുന്ന ന്യായം, ആശയപരമായ പിന്തുണയാണ് നല്കിയതെന്നാണ്. എന്നാല്‍ നേതാവിന്റെയോ ഭാര്യയുടെയോ ആശയങ്ങള്‍ ഒരിക്കലും പുറത്തു കൊട്ടിഘോഷിക്കപ്പെട്ടതല്ലായിരുന്നു എന്നിരിക്കെ, അതിന്റെ കാര്യകാരണങ്ങളില്‍ സംശയത്തിന്റെ കരിനിഴല്‍ ഉണ്ടെന്നിരിക്കെ ഈ ന്യായം വെറും പ്രഹസനമായിപ്പോയി.

കിസ്സ്‌ ഓഫ് ലവ് എന്നത് നേതാവിന്റെ “വ്യവസായ” വിപുലീകരണത്തിന്റെ മാര്‍ഗം മാത്രമായിപ്പോയി എന്ന സത്യത്തെ ഉള്‍ക്കൊള്ളാനുള്ള മടി, അല്ലെങ്കില്‍ അത് പൊതുവില്‍ സമ്മതിക്കാനുള്ള ദുരഭിമാനം. നൂറില്‍ 99 പേരും പുരോഗമന ആശയത്തില്‍ ആകൃഷ്ട്ടരായി വന്നാലും ആരെങ്കിലും ഒരാള്‍ അതിനെ ഇവ്വിധം ദുരുപയോഗം ചെയ്‌താല്‍ അത് പ്രസ്ഥാനത്തിന്റെ പരാജയംതന്നെയാണ്, എന്നാല്‍ ഇവിടെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി തന്നെ, നേതാവ് തന്നെ ഏറ്റവും മോശമായ രീതിയില്‍ ഉപയോഗിച്ചു എന്നത് ദാരുണമാണ്. കിസ്സ്‌ ഓഫ് ലവ്വിന്റെ പേരില്‍ തെരുവില്‍ ഇറങ്ങിയവര്‍ക്ക് നേതാവിന്‍റെ മുന്‍ പ്രവര്‍ത്തനങ്ങളെ, അതുവേറുമൊരു പുകമറ ആയിരുന്നെന്നറിഞ്ഞിട്ടും ന്യയീകരിക്കേണ്ട അവസ്ഥ അതിലും ദാരുണം.

പുരോഗമാനാശയത്തിന്റെ ലേബലില്‍ (ഇല്ലാത്ത)ഫാസിസത്തെ പ്രതിരോധിക്കുവാന്‍ പോന്ന മരുന്നെന്നപേരില്‍ വിറ്റഴിക്കുന്നതെന്താണെന്ന് നോക്കുകപോലും ചെയ്യാതെ വാങ്ങിയവരെല്ലാം വഞ്ചിക്കപ്പെട്ടു. അവര്‍ സമ്മതിക്കുകയില്ലങ്കിലും അതാണ്‌ സത്യം.

അടുത്തുനിന്നു നോക്കികാണുമ്പോള്‍ പോമ്പിയയും സീതയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി നമുക്ക് തോന്നാം, സമരങ്ങളെല്ലാം പുരോഗമനത്തിന്റെ വിത്തുകള്‍ പാകുവാനുള്ളതായി തോന്നുന്നപോലെ. എന്നാല്‍ മുമ്പേ പറഞ്ഞതുപോലെ വൈകാരികതയെ മാറ്റിനിര്‍ത്തി നോക്കിയാല്‍ വ്യക്തിശുദ്ധിയും ഉദ്ദേശശുദ്ധിയും ഏത്രത്തോളം വിലപ്പെട്ടതാണെന്നും, സീസറും രാമനും അവയ്ക്കുവേണ്ടി സ്വജീവിതംതന്നെ വില നല്കി് ജീവിച്ചവരായിരുന്നെന്നുമുള്ള സത്യം വെളിവാകുന്നു, ഒപ്പം സമരങ്ങളിലെ നെല്ലും പതിരും തിരിച്ചറിയണമെന്നുള്ള ബോധ്യവും. നേതാക്കള്‍ എന്തിനെ എതിര്‍ക്കുന്നു എന്നതിനെക്കാള്‍ പ്രാധാന്യത്തോടെ അവര്‍ എന്തിനെതിര്‍ക്കുന്നു എന്നുള്ളത് മനസ്സിലാക്കേണ്ടിയിരിക്കുന്നു. സീസറുടെ ഭാര്യ സംശയതിന്നതീത ആണോ എന്ന് പരിശോധിക്കുന്നതിന് മുന്‍പേ സീസര്‍ നൈതികന്‍ ആണോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. മേലില്‍, വൈകാരികതയുടെ പേരില്‍ വ്യക്തിശുദ്ധിയോ ഉദ്ദേശശുദ്ധിയോ നോക്കാതെ ആര് എന്തിന് എന്ന് നോക്കാതെ എന്തിനെയോ എതിര്‍ക്കുവാന്‍ വേണ്ടി നമ്മള്‍ ചാടി പുറപ്പെടാതിരിക്കുവാനുള്ള ഒരു പാഠം കൂടിയാകട്ടെ ഇത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close