ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ 2000 കേന്ദ്രങ്ങളില്‍ സിപിഎമ്മിന്റെ ഘോഷയാത്ര

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സംസ്ഥാനത്തെമ്പാടും 2000 കേന്ദ്രങ്ങളില്‍ ഘോഷയാത്രകള്‍ സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ലോക്കല്‍ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. മലയാള മനോരമ പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂരില്‍ മാത്രം 206 കേന്ദ്രങ്ങളില്‍ ആഘോഷമുണ്ടാകും. നേരത്തെ കണ്ണൂരില്‍ മാത്രമാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎം സമാന്തര പരിപാടി സംഘടിപ്പിച്ചിരുന്നത്. പാര്‍ട്ടിക്കുള്ളിലും പുറത്തും ഇതേറെ ചര്‍ച്ചയായിരുന്നു.

ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ ഗുരുവിളംബരം പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 24 ചട്ടമ്പിസ്വാമി ദിനം മുതല്‍ 28ന് അയ്യങ്കാളി ദിനം വരെ വര്‍ഗീയ വിരുദ്ധ പ്രചാരണ പരിപാടികള്‍ നടത്തുമെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. ഇത്തവണ ചട്ടമ്പിസ്വാമി ജയന്തിയും ശ്രീകൃഷ്ണജയന്തിയും ഓഗസ്റ്റ് 24ന് തന്നെയാണ്. ഈ ദിവസം കേരളത്തിലെ 2000 കേന്ദ്രങ്ങളില്‍ ഘോഷയാത്ര നടത്താനാണ് ലോക്കല്‍ കമ്മിറ്റികള്‍ക്ക് സിപിഎം നിര്‍ദേശം.

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കുട്ടികളെ തെരുവില്‍ ഇറക്കി നടത്തുന്ന ശോഭായാത്രയെ സിപിഎം നേരത്തെ മുതല്‍ എതിര്‍ത്തിരുന്നു. പാര്‍ട്ടി അനുഭാവികളുടെയും പാര്‍ട്ടിക്കാരുടെയും മക്കളടക്കമുളളവരെ കൂടെനിര്‍ത്തി ആഘോഷങ്ങളുടെ മറവില്‍ ആര്‍എസ്എസ് രാഷ്ട്രീയമായ മുതലെടുപ്പ് നടത്തുന്നതിനെ ചെറുക്കാനായിട്ടാണ് സിപിഐഎം കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സമാന്തര ഘോഷയാത്രയുമായി കഴിഞ്ഞ വര്‍ഷം രംഗത്തെത്തിയത്. ഇത്തവണയും ഇതേ മാതൃകയിലുള്ള ഘോഷയാത്രകളാകും സംഘടിപ്പിക്കുക

Show More

Related Articles

Close
Close