സിപിഎമ്മിന്റെ അസഹിഷ്ണുത- ടി.പി. ശ്രീനിവാസനെ മാര്‍ക്‌സിസ്റ്റുകള്‍ അടിച്ചുവീഴ്ത്തി

ministerഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസിഡറും വിദേശകാര്യ വിദഗ്ധനുമായ ടി.പി. ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ അടിച്ചുവീഴ്ത്തി. കോവളത്തു നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തുമ്പോഴായിരുന്നു, പോലീസുകാര്‍ നോക്കി നില്‍ക്കെ പ്രാകൃതമായ ആ്രകമണം. എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന സംഭവത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ന്യായീകരിച്ചു.

കഴിഞ്ഞ ദിവസം കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയെ കൈയേറ്റം ചെയ്യാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യം ബഹുമാനിക്കുന്ന നയതന്ത്രജ്ഞനെ അടിച്ചു വീഴ്ത്തിയത്. സംഭവത്തെ അപലപിക്കുന്നതിനു പകരം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പോലീസിനെ കുറ്റപ്പെടുത്തി. പിണറായിയാകട്ടെ, ശ്രീനിവാസനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയാണ് ചെയ്തത്. സിപിഎമ്മിന്റെ അസഹിഷ്ണുത വെളിപ്പെടുത്തുന്നതായി സംഭവം.

ആഗോള വിഭ്യാഭ്യാസ സംഗമത്തിലെ സ്വാഗത പ്രസംഗകന്‍ ടി.പി ശ്രീനിവാസന്‍ സമ്മേളന വേദിയായ ലീലാ ഹോട്ടലിലേക്ക് കടക്കുമ്പോഴായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. അദ്ദേഹത്തെ ആദ്യം ഉന്തുകയും തള്ളുകയും ചെയ്ത പ്രവര്‍ത്തകര്‍ പിന്നീട് മര്‍ദ്ദിക്കുകയും കൊടികെട്ടിയ വടികൊണ്ട് അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ നിന്നും ഒരു വിധത്തില്‍ രക്ഷപ്പെട്ട അദ്ദേഹത്തെ പിന്നീട് എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ശരത്താണ് പോലീസുകാരുടെ മുന്നിലിട്ട് മര്‍ദ്ദിച്ചത്. മലയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയെ ബോംബ് എറിഞ്ഞ കേസിലെ പ്രതിയാണ് ശരത്.

അപ്രതീക്ഷിതമായി മുഖത്ത് അടിയേറ്റ ശ്രീനിവാസന്‍ നിലത്തു വീണു. കൂടെയുണ്ടായിരുന്ന പേഴ്‌സണല്‍ സ്റ്റാഫംഗമാണ് ശ്രീനിവാസനെ താങ്ങിയെടുത്ത് സംഭവ സ്ഥലത്ത് നിന്ന് മാറ്റിയത്. പോലീസ് സംരക്ഷണം നല്‍കിയില്ല. തുടര്‍ന്ന് കോവളത്തെ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയ ശ്രീനിവാസനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. രാവിലെ 9.30ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്ന പരിപാടിക്കായി 8.45 ഓടെയായിരുന്നു ടി.പി ശ്രീനിവാസന്‍ എത്തിയത്. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് വേദിയിലേക്ക് നടന്നുപോകാന്‍ തുനിഞ്ഞപ്പോഴായിരുന്നു മര്‍ദ്ദനം. ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് നോക്കിനില്‍ക്കെയാണ് കൈയേറ്റമുണ്ടായത്. എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചപ്പോള്‍ പൊലീസുകാര്‍ കാഴ്ചക്കാരായി നിന്നെന്നു ടി.പി.ശ്രീനിവാസന്‍ ആരോപിച്ചു. ഒരു പൊലീസുകാരന്‍പോലും അനങ്ങിയില്ലെന്നും അക്രമത്തിനും പോലീസിന്റെ നടപടിക്കുമെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ കച്ചവടം നടത്താനുള്ള വേദിയാണ് ആഗോള വിദ്യാഭ്യാസ സംഗമമെന്നാരോപിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരിപാടി നടക്കുന്ന ഹോട്ടല്‍ ഉപരോധിക്കാനെത്തിയത്. ഇതിനായി വ്യാഴാഴ്ച രാത്രി മുതലെ പ്രവര്‍ത്തകര്‍ ഇവിടെ തമ്പടിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ മുതല്‍ റോഡിലൂടെ ആരെയും കടത്തിവിടാന്‍ സമരക്കാര്‍ തയ്യാറായിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥര്‍ നേതാക്കളുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു അവര്‍. പിരിഞ്ഞുപോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചെങ്കിലും ഭരണ സംവിധാനത്തെ വെല്ലുവിളിച്ച് എസ്എഫ്എ അക്രമം അഴിച്ചുവിടുകയായിരുന്നു.

തുടര്‍ന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമായി. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തി വീശി. കണ്ണീര്‍വാതകവും പ്രയോഗിച്ചു. ചിതറിയോടിയ വിദ്യാര്‍ത്ഥികള്‍ പല സ്ഥലങ്ങളില്‍ നിന്നായി പോലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ പോലീസുകാരും വിനോദസഞ്ചാരികളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹോട്ടലിന് മുന്നിലെ റോഡ് ഉപരോധിച്ച വിദ്യാര്‍ത്ഥികളെ മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.

അക്രമത്തെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഭാരതീയ വിചാരകേന്ദ്രം സെക്രട്ടറി, സുധീര്‍ ബാബു, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അപലിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close