സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 7,8,9 തിയ്യതികളില്‍ നടക്കും

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസമായി ചുരുക്കി. ഡിസംബര്‍ 7,8,9 തിയ്യതികളില്‍ ആലപ്പുഴയില്‍ വച്ചാണ് നടക്കുക. രചനാ മത്സരങ്ങള്‍ ജില്ലാ തലം വരെ നടത്തി വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും. കലോത്സവത്തിനൊപ്പം ശാസ്‌ത്രോത്സവവും കായികമേളയും സ്‌പെഷ്യല്‍ കലോത്സവവും നടത്താനും തീരുമാനിച്ചിട്ടുണ്ട്.പരമാവധി ചെലവു ചുരുക്കിയാണ് പരിപാടി നടത്തുക.

കലോത്സവത്തിനും ശാസ്‌ത്രോത്സവത്തിനും ഉദ്ഘാടന, സമാപനസമ്മേളനങ്ങള്‍ ഉണ്ടാകില്ല. കലോത്സവത്തിന് പതിവ് സദ്യവട്ടം ഒഴിവാക്കി ഭക്ഷണം കുടുംബശ്രീയാണ് വിളമ്പുക. എല്‍.പി, യു.പിതല മത്സരങ്ങള്‍ സ്‌കൂള്‍തലത്തില്‍ മാത്രമാകും.

എല്ലാ ജില്ലാ മത്സരങ്ങളും ഒരു ദിവസം തന്നെ നടത്തും. ഒരേ വിഷയത്തിലുള്ള രചനാ മത്സരങ്ങളാകും നടത്തുക. ഓരോ ജില്ലയിലും ഒന്നാം സ്ഥാനത്തെത്തുന്ന കുട്ടികളുടെ സൃഷ്ടികള്‍ പരിശോധിച്ച് ഒന്നാം സ്ഥാനം കിട്ടുന്ന കുട്ടിക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും.

കായിക മേള ഒക്ടോബര്‍ 26, 27, 28 തിയതികളിലായി തിരുവനന്തപുരത്താണ് അരങ്ങേറുന്നത്. കായിക മേളയിലെ ഗെയിംസ് മത്സരങ്ങള്‍ സംസ്ഥാനതലത്തില്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ മത്സരത്തിലെ വിജയികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കും. കായിക മേള നടക്കുന്ന തിയതികളില്‍ തന്നെ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവവും കൊല്ലത്ത് നടത്താനാണ് തീരുമാനം.

ശാസ്‌ത്രോത്സവം നവംബര്‍ 24, 25 തിയതികളിലായി കണ്ണൂരിലും നടത്തും. ശാസ്‌ത്രോത്സവത്തിലും എല്‍.പി, യു.പിതല മത്സരം സ്‌കൂള്‍ തലത്തില്‍ മാത്രമാക്കും. കലോത്സവത്തില്‍ പ്രധാന പന്തല്‍ ഒഴിവാക്കും. വ്യക്തിഗത ട്രോഫി ഇല്ല. സര്‍ട്ടിഫിക്കറ്റും ഗ്രേസ് മാര്‍ക്കും നല്‍കും. കലോത്സവം, കായികമേള ഇനങ്ങള്‍ വെട്ടിക്കുറക്കില്ല.

ശാസ്‌ത്രോത്സവത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളുടെ പ്രവൃത്തിപരിചയമത്സരങ്ങള്‍ ഒരേ ദിവസം നടത്തും. കലോത്സവത്തില്‍ ജില്ലതല മത്സരങ്ങളിലെ വിധികര്‍ത്താക്കളെ സംസ്ഥാനതല മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കും. ഘോഷയാത്ര കഴിഞ്ഞവര്‍ഷം മുതല്‍ ഉപേക്ഷിച്ചിരുന്നു.

Show More

Related Articles

Close
Close