ആശങ്കയോടെ ആരാധകര്‍; സ്റ്റീവ് സ്മിത്തിന് വീണ്ടും കനത്ത തിരിച്ചടി

പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് ഒരു വര്‍ഷത്തെ വിലക്കേറ്റ് വാങ്ങിയ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് വീണ്ടും തിരിച്ചടി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പരിക്കേറ്റ് സ്മിത്ത് പുറത്തായി. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കുന്ന സ്മിത്തിന് തിരിച്ചുവരവ് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്.

ചികിത്സയ്ക്കായി താരം ഓസ്‌ട്രേലിയയിലേക്ക് മടങ്ങുമെന്ന് ബാര്‍ബഡോസ് നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ അറിയിച്ചിട്ടുണ്ട്. സ്മിത്തിന് പരിക്ക് ഭേദമായി ക്രിക്കറ്റിലേക്ക് എപ്പോള്‍ തിരിച്ചെത്താനാകും എന്ന് ഇപ്പോള്‍ വ്യക്തമല്ല. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനമാണ് സ്മിത്ത് കാഴ്ച്ചവെക്കുന്നത്.

ബാര്‍ബഡോസിനായി സീസണില്‍ സ്മിത്ത് ഏഴ് മത്സരങ്ങളില്‍ 185 റണ്‍സ് നേടിയിരുന്നു. ജമൈക്ക തലവാസിനെതിരായ മത്സരത്തില്‍ 63 റണ്‍സ് നേടി വിജയശില്‍പിയായതാണ് ശ്രദ്ധേയമായ പ്രകടനം. കരിയറില്‍ വീണ്ടും ബൗളറുടെ റോളിലും കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ താരം തിളങ്ങി.

കഴിഞ്ഞ മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് ഓസീസ് ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരുണ്ടല്‍ വിവാദം ഉണ്ടായത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേയ്ക്കും ബന്‍ക്രോഫ്റ്റിനെ ഒന്‍പത് മാസത്തേയ്ക്കും വിലക്കുകയായിരുന്നു.

Show More

Related Articles

Close
Close