ദേശീയ പണിമുടക്ക്: വാഹനങ്ങള്‍ തടയുന്നു; കൊച്ചിയില്‍ യൂബര്‍ ടാക്‌സികളുടെ ചില്ലുകള്‍ തകര്‍ത്തു

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുന്നു. പണിമുടക്കിനിടെ കൊച്ചിയില്‍ സംഘര്‍ഷം. എറണാകുളം നോര്‍ത്തിലും സൗത്തിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് നോര്‍ത്തില്‍ സംഘര്‍ഷമുണ്ടായി. സമരാനുകൂലികള്‍ യുബര്‍ ടാക്‌സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഫാക്ടില്‍ ജോലിക്കെത്തിയവരെയും തടഞ്ഞു.

ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളെല്ലാം പങ്കെടുക്കുന്ന പണിമുടക്കില്‍നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കി. റെയില്‍വേ ഒഴികെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കില്ല. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നാണു സമരസമിതിയുടെ അഭ്യര്‍ഥന. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. ടെക്‌നോപാര്‍ക്ക്, ഐഎസ്ആര്‍ഒ ജീവനക്കാരോടും പണിമുടക്കില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന ധര്‍ണയില്‍ വിവിധ ട്രേഡ് യൂണിയനുകളുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

അധ്യാപക, സര്‍വീസ് സംഘടനകളും പണിമുടക്കുന്നതോടെ സര്‍ക്കാര്‍ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കും. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ തടസപ്പെടുത്തില്ലെന്നാണു നേതാക്കളുടെ ഉറപ്പ്.

അസംഘടിത തൊഴിലാളികള്‍ക്കു സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, മിനിമം വേതനം 18,000 രൂപയാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്തട്രേഡ് യൂണിയന്‍സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. സമരസമിതി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച 12 ഇന ആവശ്യങ്ങളില്‍ ബോണസ്, മിനിമം വേതനം എന്നിവ ഭാഗികമായി അംഗീകരിച്ചതൊഴിച്ചാല്‍ മറ്റുള്ളവ പരിഗണിക്കാന്‍ കേന്ദ്രം തയാറാകാത്ത സാഹചര്യത്തിലാണു പണിമുടക്ക്.

Show More

Related Articles

Close
Close