സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനാനുമതിക്ക് സുപ്രീം കോടതി സ്‌റ്റേ

സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രീകോടതി സ്റ്റേ ചെയ്തു. പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി നടപടി അംഗീകരിക്കാനാകില്ല. പ്രവേശനം നേടുന്നവര്‍ക്ക് പുറത്തു പോകേണ്ട സാഹചര്യമുണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡി.എം, പാലക്കാട് പി.കെ. ദാസ്, വര്‍ക്കല എസ്.ആര്‍ കോളജുകളിലെ പ്രവേശനമാണ് കോടതി സ്‌റ്റേ ചെയ്തത്. ഹര്‍ജിയില്‍ വിശദവാദം നാളെ കേള്‍ക്കും.

സ്‌പോര്‍ട്‌സ് കോട്ടയിലെ അഡ്മിഷന്‍ നിര്‍ത്തിവെക്കാനും കോടതി ഉത്തരവിട്ടു. നാല് കോളജുകള്‍ക്കും ചട്ടപ്രകാരമുള്ള അടിസ്ഥാന സൗകര്യമില്ലെന്നും പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്ന സുപ്രീംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രവേശന നടപടികള്‍ക്കെതിരെ ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ബുധനാഴ്ച ഹര്‍ജി പരിഗണിച്ച് പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

550 സീറ്റുകളിലേക്കുള്ള പ്രവേശനമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. പ്രവേശനം നടന്നു കഴിഞ്ഞെന്നതടക്കമുള്ള മാനേജ്‌മെന്റിന്റെയും രക്ഷിതാക്കളുടെയും വാദം കോടതി മുഖവിലക്കെടുത്തില്ല.ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടത്തിയ മോപ് അപ് കൗണ്‍സിലിങ്ങില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശനം പൂര്‍ത്തിയായിരുന്നു.നേരത്തെ ഈ കോളജുകളിലെ പ്രവേശനം വിലക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി റദ്ദാക്കിയായിരുന്നു ഹൈക്കോടതി വിധി. കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ച് കഴിഞ്ഞ മാസം 30 ന് പ്രവേശനത്തിന് അനുകൂലമായ അനുമതി തേടുകയും ചെയ്തതിന് പിന്നാലെയായിരുന്നു മോപ് അപ് കൗണ്‍സിലിങ്ങ് നടത്തി കോളജുകള്‍ പ്രവേശനം നടത്തിയത്.

Show More

Related Articles

Close
Close