കേന്ദ്ര ക്ഷേമപദ്ധതികള്‍ നടപ്പാക്കിയില്ല

Supreme-Court-building-New-Delhi-India

കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്‌ചവരുത്തിയതിനു ഗുജറാത്ത്‌ അടക്കമുള്ള സംസ്‌ഥാനങ്ങള്‍ക്കു സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന്‌ സുപ്രീംകോടതി വിലയിരുത്തി. രാജ്യത്തിനു മൊത്തമായാണു ദേശീയ ഭക്ഷ്യസുരക്ഷ നിയമവും മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളും പാസാക്കിയതെന്നു ചൂണ്ടിക്കാണിച്ച സുപ്രീം കോടതി വീഴ്‌ച വരുത്തിയതിനു ഗുജറാത്ത്‌ സര്‍ക്കാരിനെ പ്രത്യേകമായി വിമര്‍ശിക്കുകയും ചെയ്‌തു.
ഇതു നടപ്പാക്കേണ്ടതില്ലെന്നു കരുതാന്‍ ഗുജറാത്ത്‌ അടക്കമുള്ള സംസ്‌ഥാനങ്ങള്‍ ഇന്ത്യയുടെ ഭാഗമല്ലേയെന്നും പാര്‍ലമെന്റ്‌ പാസാക്കിയ നയങ്ങളെ അംഗീകരിക്കാതെ ഇത്തരം സംസ്‌ഥാനങ്ങള്‍ ഇന്ത്യയില്‍ നിന്ന്‌ വിട്ടുപോവാനാണോ ശ്രമിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
വരള്‍ച്ച പ്രദേശങ്ങളില്‍ പാര്‍ലമെന്റ്‌ പാസാക്കിയ നിയമങ്ങള്‍ നടപ്പാക്കാത്ത സംസ്‌ഥാന സര്‍ക്കാരുകള്‍ക്കെതിരേ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേയാണ്‌ ജസ്‌റ്റിസുമാരായ മദന്‍ ബി. ലോക്കൂറും ആര്‍.കെ. അഗര്‍വാളും അടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പ്‌, ഉച്ചഭക്ഷണ പദ്ധതികളുടെ അവസ്‌ഥ വ്യക്‌തമാക്കാനും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച്‌ പത്തിനകം സത്യവാങ്‌മൂലം നല്‍കാനും കേന്ദ്രത്തിനു നിര്‍ദേശം നല്‍കി. ഹര്‍ജി 12നു കോടതി വീണ്ടും പരിഗണിക്കും.
പാര്‍ലമെന്റ്‌ പാസാക്കിയ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കാത്ത ഗുജറാത്ത്‌, ഉത്തര്‍പ്രദേശ്‌, കര്‍ണാടക, മധ്യപ്രദേശ്‌, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ര്‌ട, ഒഡീഷ, ഝാര്‍ഖണ്ഡ്‌, ബിഹാര്‍, ഹരിയാന, ചത്തീസ്‌ഗഡ്‌ എന്നീ സംസ്‌ഥാനങ്ങള്‍ക്കെതിരെ ആം ആദ്‌മി മുന്‍ നേതാക്കളായ പ്രശാന്ത്‌ ഭൂഷണ്‍, യോഗേന്ദ്ര യാദവ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്ന സ്വരാജ്‌ അഭിയാന്‍ എന്ന സംഘടനയാണു സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്‌.
ഇത്തരത്തിലാണെങ്കില്‍ സി.ആര്‍.പി.സി, ഐ.പി.സി. അടക്കം രാജ്യത്തെ കുറ്റകൃത്യങ്ങള്‍ തടയാനുള്ള നിയമങ്ങളും ഇത്തരം സംസ്‌ഥാനങ്ങള്‍ നടപ്പാക്കില്ലല്ലോയെന്നും കോടതി ചോദിച്ചു. പാര്‍ലമെന്റ്‌ പാസാക്കിയ ഐ.പി.സി. നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങള്‍ക്കു വയ്യെന്ന്‌ നാളെ ബിഹാര്‍ പറഞ്ഞാലുള്ള അവസ്‌ഥയെന്താകുമെന്ന്‌ ചോദിച്ച കോടതി, ഇതൊന്നും നിങ്ങള്‍ അറിയുന്നില്ലേയെന്ന്‌ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്‌ജിത്‌ കുമാറിനോടു കോടതി ചോദിച്ചു.
പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച്‌ ആലോചന നടത്തിവരികയാണെന്നു ഗുജറാത്ത്‌ സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. എങ്കില്‍ വളരെ ദയനീയം എന്നായിരുന്നു ഇതിനോട്‌ ബെഞ്ചിന്റെ പ്രതികരണം.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close