സുപ്രീംകോടതി വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠര് രാജീവര്!!

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠര് രാജീവര്. എന്നാല്‍ പൗരനെന്ന നിലയില്‍ വിധി അംഗീകരിക്കുന്നുവെന്നും തന്ത്രി പറഞ്ഞു. വിധി നിരാശാജനകമെന്ന് പന്തളം രാജകുടുംബവും വ്യക്തമാക്കി. വിധി ദുഃഖകരമെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും പ്രതികരിച്ചു.

അതേസമയം സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എം.പത്മകുമാര്‍ അറിയിച്ചു. സ്ത്രീപ്രവേശനത്തിന് വേണ്ട സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ശബരിമലയില്‍ പ്രായം നോക്കാതെ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ല. വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നു. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമാണ്.

ശബരിമലയിലെ ആചാരം സ്ത്രീകളുടെ അവകാശം ലംഘിക്കുന്നതാണ്. സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഭരണഘടനാ ലംഘനമാണ്. സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ. വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടത്. മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിലാണ്. ശാരീരിക അവസ്ഥയുടെ പേരില്‍ വിവേചനം പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാര്‍ ഒരേ അഭിപ്രായം കുറിച്ചപ്പോള്‍ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര വിയോജിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റണ്‍ നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെടുന്നതാണ് ബെഞ്ച്.

Show More

Related Articles

Close
Close