യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമെന്ന ആവശ്യം യാഥാര്‍ഥ്യമായേക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ

യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമെന്ന ആവശ്യം യാഥാര്‍ഥ്യമായേക്കുമെന്ന പ്രതീക്ഷയില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിലപാടിന് പിന്തുണയറിയിച്ച് ഇന്ത്യ. യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഇന്നലെ ട്രംപ് അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിലും പങ്കെടുത്തു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നോട്ടുവയ്ക്കുന്ന യുഎന്‍ നവീകരണ പദ്ധതിയെ യുഎസ് സ്വാഗതം ചെയ്യുന്നതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

അഞ്ചു വിദേശരാജ്യങ്ങളിലെ പ്രതിനിധികളുമായി സുഷമ സ്വരാജ് ഇന്നലെ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണവും വ്യാപാരക്കരാറുകളും ഉറപ്പാക്കുന്നതിനായിട്ടായിരുന്നു കൂടിക്കാഴ്ച. ടുണീഷ്യ, ബഹ്‌റൈന്‍, ലാത്വിയ, യുഎഇ, ഡെന്‍മാര്‍ക് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായിട്ടായിരുന്നു കൂടിക്കാഴ്ച. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും സുഷമ കൂടിക്കാഴ്ച നടത്തിയെങ്കിലും റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്‌നം ചര്‍ച്ച ചെയ്തില്ല. പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഘാഖാന്‍ അബ്ബാസിയും ഇന്നലെ ന്യൂയോര്‍ക്കിലെത്തി.  അതേസമയം, ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും തമ്മിലുള്ള ആദ്യ പൊതുകൂടിക്കാഴ്ചയ്ക്കും യുഎന്‍ വേദിയായി. മേഖലയിലെ സമാധാനശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ചയെന്നു പിന്നീട് വിശദീകരിച്ചു.

Show More

Related Articles

Close
Close