ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് 2018-19ലെ കേന്ദ്ര ബജറ്റ്

2018-2019ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയാണ് ലോകത്തില്‍ വേഗത്തില്‍ വളരുന്നതെന്ന് ജയ്റ്റ്‌ലി പറഞ്ഞു. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടന്‍ മാറും. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഫലം കണ്ടു. നോട്ട് നിരോധനം കറന്‍സി ഇടപാടുകള്‍ കുറച്ചുവെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ജനപ്രിയ പ്രഖ്യാപനങ്ങൾ നിറഞ്ഞ ബജറ്റിൽ കാർഷിക, ഗ്രാമീണ മേഖലകൾക്കും ആരോഗ്യ രംഗത്തിനുമാണ് ഊന്നൽ. മുതിർന്ന പൗരൻമാർക്കും ബജറ്റിൽ പ്രത്യേക കരുതലുണ്ട്.  ചെറുകിട വ്യവസായത്തിനായും ജയ്റ്റ്‍ലി പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചു. ഓഹരി നിക്ഷേപത്തിൽനിന്നുള്ള വരുമാനത്തിന് നികുതി ഏർപ്പെടുത്തിയതും ശ്രദ്ധേയമായി.

രാവിലെ 11 മണിക്ക് ആരംഭിച്ച ബജറ്റ് പ്രസംഗം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. പ്രസംഗം അവസാനിപ്പിച്ച ധനമന്ത്രി ധനകാര്യബിൽ സഭയ്ക്കു മുൻപിൽ വച്ചു. സഭ തിങ്കളാഴ്ചത്തേക്കു പിരിഞ്ഞു. ബജറ്റ് അവതരണ വേളയിൽ ഓഹരി വിപണി കനത്ത ഇടിവ് രേഖപ്പെടുത്തി. രാവിലെ 11.25 ന് 36,207ൽ നിന്ന സെൻസെക്സ് സൂചിക 12.45 ന് 35,659 എന്ന തലത്തിലെത്തി. അതേസമയം, ബജറ്റ് അവതരണം അവസാനിച്ചതിനു പിന്നാലെ ഓഹരി സൂചികകൾ തിരിച്ചുകയറുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി എന്ന പ്രഖ്യാപനത്തോടെ, രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം ചികിൽസയ്ക്കായി ഒരു കുടുംബത്തിന് ഇൻഷുറൻസ് പദ്ധതിയിൽപ്പെടുത്തി അഞ്ചു ലക്ഷം രൂപ വരെ സഹായം നൽകും. 10 കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി ആളുകൾക്ക് ഗുണകരമാകുന്ന പദ്ധതിയാണിത്.

കാർഷിക, ഗ്രാമീണ മേഖലകൾക്കും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. കാർഷിക, ഗ്രാമീണ മേഖലകൾ ശക്തിപ്പെടുത്തുന്നതിൽ സവിശേഷ ശ്രദ്ധ ചെലുത്തുന്ന ബജറ്റ് എന്ന ആമുഖത്തോടെയാണ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി ബജറ്റ് അവതരണത്തിലേക്കു കടന്നതുതന്നെ. കാർഷിക മേഖലയ്ക്കുവേണ്ടി മാത്രമായി 11 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. മത്സ്യ മേഖലയ്ക്ക് 10,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഗ്രാമീണ ശുചിത്വ പദ്ധതികൾക്കായി 16,713 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു.

റെയില്‍വേ വികസനത്തിന് 1.49 ലക്ഷം കോടി രൂപ അനുവദിച്ചു. ട്രെയിൻ യാത്രികരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി 12 ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇതിനു പുറമെ, കൂടുതൽ ട്രെയിനുകളിൽ വൈ–ഫൈ സംവിധാനം ഏർപ്പെടുത്താനും നീക്കമുണ്ട്. 2018 നകം 9000 കിലോമീറ്റർ ദേശീയ പാതാ വികസനം പൂർത്തിയാക്കും. 99 നഗരങ്ങൾ കൂടി സ്മാർട്ട് സിറ്റികളാക്കി വികസിപ്പിക്കും. ഇതിനായി 2.04 ലക്ഷം കോടി രൂപ വകയിരുത്തി. വിമാന സർവീസുകളുടെ എണ്ണം അഞ്ചിരട്ടിയായി വർധിപ്പിക്കുമെന്നും ബജറ്റിൽ ജയ്റ്റ്‍ലി വ്യക്തമാക്കി. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം വർധിപ്പിക്കും. വിമാനയാത്രക്കാരുടെ എണ്ണം 100 കോടിയാക്കി ഉയർത്തുമെന്നും ജയ്റ്റ്‍ലി പ്രഖ്യാപിച്ചു.

ആദായനികുതി നൽകുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാെയങ്കിലും ആദായനികുതി വരുമാനത്തിൽ പ്രതീക്ഷിച്ച വർധനയില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ആദായനികുതി സ്ലാബുകളിലും ഇത്തവണ വ്യത്യാസമില്ല. ക്രിപ്റ്റോ കറന്‍സിയുടെ വിനിമയവും ഇടപാടും തടയുമെന്നും ജയ്റ്റ്‍ലി വ്യക്തമാക്കി. ക്രിപ്റ്റോ കറന്‍സി നിയമപരമല്ലെന്ന് അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മോദി സർക്കാരിനു കീഴിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൈവരിച്ച വളർച്ചയും ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള ആമുഖത്തിൽ ജയ്റ്റ്‍ലി എടുത്തു പറഞ്ഞു. എട്ടു ശതമാനം വളർച്ചാ നിരക്ക് കൈവരിക്കാനുള്ള കുതിപ്പിലാണ് രാജ്യമെന്നും മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേക ഊന്നൽ നൽകുമെന്നും വ്യക്തമാക്കിയ ജയ്റ്റ്‍ലി, സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും വ്യക്തമാക്കി.

സ്ത്രീ ശാക്തീകരണത്തിനും പ്രത്യേക ഊന്നൽ നൽകുന്ന ബജറ്റിൽ, ഉജ്വല യോജനയിൽ ഉൾപ്പെടുത്തി രാജ്യത്തെ എട്ടു കോടി ഗ്രാമീണ സ്ത്രീകൾക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചു. നാലു കോടി വീടുകളിൽ സൗജന്യ വൈദ്യുതി എത്തിക്കും. എല്ലാ പുതിയ ഇപിഎഫ് അംഗങ്ങള്‍ക്കും 12% വിഹിതം സര്‍ക്കാര്‍ നല്‍കും. സ്ത്രീ ജീവനക്കാര്‍ ആദ്യ മൂന്നുവര്‍ഷം 8% വിഹിതം നല്‍കിയാല്‍ മതി. 2019 ൽ മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഗാന്ധിയൻമാരും അടങ്ങുന്ന ജന്മവാർഷിക സമിതിയുടെ 2018 ലെ പ്രവർത്തനങ്ങൾക്കായി 150 കോടി വകയിരുത്തി. രാഷ്ട്രപതിയുടെ ശമ്പളം പ്രതിമാസം അ‍ഞ്ചു ലക്ഷം രൂപയും ഉപരാഷ്ട്രപതിയുടേത് നാലു ലക്ഷം രൂപയുമാക്കി പരിഷ്കരിച്ചതായും ജയ്റ്റ്ലി അറിയിച്ചു.

വ്യവസായ സ്ഥാപനങ്ങൾക്കും ആധാര്‍ മാതൃകയിൽ തിരിച്ചറിയൽ രേഖ ഏര്‍പ്പെടുത്തും. ഇതുള്‍പ്പെടെ വാണിജ്യരംഗത്ത് 372 പരിഷ്കാരങ്ങള്‍ നടപ്പാക്കും. ഓഹരിവില്‍പന വഴി 80,000 കോടി രൂപയും ബജറ്റ് ലക്ഷ്യമിടുന്നു. ഓഹരി വില്‍പന വഴി ഒരുലക്ഷം കോടി രൂപ വരുമാനമുണ്ടായെന്ന് ധനമന്ത്രി അവകാശപ്പെട്ടു. 2018-19 സാമ്പത്തികവര്‍ഷത്തെ ലക്ഷ്യം എണ്‍പതിനായിരം കോടി രൂപയാണ്. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ചെറുകിട, ലഘുവ്യവസായങ്ങള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ജിഎസ്ടി, നോട്ടുനിരോധന തീരുമാനങ്ങള്‍ ബാധിച്ചത് ഈ മേഖലയെ ആയിരുന്നു. ചെറുകിട, ലഘുവ്യവസായ മേഖലയ്ക്ക് 3794 കോടി അനുവദിച്ചു.

Show More

Related Articles

Close
Close