തീവണ്ടി കണ്ട് സിഗരറ്റ് വലി നിര്‍ത്തി ; ആരാധകരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് അഭിനന്ദനമറിയിച്ച് ടൊവീനോ!

ടൊവീനോ പ്രധാനകഥാപാത്രമായെത്തിയ ഫെലിനി ചിത്രം തീവണ്ടി തിയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചെയിന്‍ സ്‌മോക്കറുടെ കഥ പറയുന്ന ഈ ചിത്രം കണ്ട് സിഗരറ്റ് വലി അവസാനിപ്പിച്ചുവെന്നാണ് നിരവധി ആരാധകര്‍ അവകാശപ്പെടുന്നത്. ധാരാളം പേര്‍ ടൊവീനോയ്ക്ക് നന്ദി അറിയിച്ച് സന്ദേശങ്ങള്‍ അയച്ചു. ആരാധകരുടെ അഭിപ്രായങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരം പങ്കുവെച്ചു. എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായികയാവുന്നത്. ചിത്രത്തില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്.

ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്.
ആക്ഷേപ ഹാസ്യരീതിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ സെക്കന്‍ഡ് ഷോയ്ക്കായി രചന നിര്‍വ്വഹിച്ച വിനി വിശ്വലാലാണ്.
Show More

Related Articles

Close
Close