തിരുനെല്‍വേലിയില്‍ ബസ്‌ മറിഞ്ഞു; 5 മലയാളികളടക്കം 9 മരണം

bus
തമിഴ്‌നാട്ടിലെ തിരുനല്‍വേലിക്കടുത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് മലയാളികള്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ മരിച്ചു. നാഗര്‍കോവിലിനടുത്ത്‌ വള്ളിയൂര്‍ പണക്കുടിക്കു സമീപം പ്ലാക്കോട്ടപ്പാറയില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

തിരുവനന്തപുരം വലിയതുറ കുഴിവിളാകം ലിസി റോഡില്‍ കൊച്ചുതോപ്പ്‌ ആന്‍സി ഭവനില്‍ ആന്‍സി (27) ഭര്‍ത്താവ്‌ വലിയതോപ്പ്‌ ലീല കോട്ടേജില്‍ വിനോദ്‌ (28), കൊച്ചുതുറ സ്വദേശി സുജിന്‍ (ആറ്‌), കൊല്ലം മുദാക്കര സ്വദേശി മേരി ലിഷ (33), മകന്‍ ആല്‍റോയി (ഒന്നര), കന്യാകുമാരി തൂത്തൂര്‍ സ്വദേശി ജിമ്മി (33), തിക്കണംകോട്‌ സ്വദേശി എഡ്വിന്‍ മൈക്കിള്‍ (32), ഗുജറാത്ത്‌ സ്വദേശികളായ ആന്‍ഗ്ലേ (26), അഞ്‌ജലി (19) എന്നിവരാണു മരിച്ചത്‌. മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു വിനോദിന്റെയും ആന്‍സിയുടെയും വിവാഹം.

വ്യാഴാഴ്‌ച രാത്രി കാരയ്‌ക്കലില്‍നിന്ന്‌ തിരുവനന്തപുരത്തേക്കു തിരിച്ച ബസില്‍ ഉണ്ടായിരുന്നവരിലേറെയും വേളാങ്കണ്ണി തീര്‍ഥാടകരായിരുന്നു. അമിത വേഗവും ബസ്‌ ഡ്രൈവര്‍ ഉറങ്ങിപ്പോയതുമാകാം അപകടകാരണമെന്നു സംശയിക്കുന്നു. ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ്‌ റോഡിലെ ഡിവൈഡറിലിടിച്ച്‌ തലകീഴായി മറിഞ്ഞെന്നാണ്‌ ബസ്‌ ജീവനക്കാര്‍ പോലീസിനോടു പറഞ്ഞത്‌. മറിഞ്ഞ ശേഷം റോഡിലുടെ മീറ്ററുകളോളം നിരങ്ങിനീങ്ങിയാണ്‌ ബസ്‌ നിന്നത്‌. ജീവനക്കാര്‍ ഉള്‍പ്പെടെ ബസില്‍ 43 പേരാണ്‌ ഉണ്ടായിരുന്നത്‌. പുറത്തേക്ക്‌ തെറിച്ചുവീണും ബസിനടിയില്‍പ്പെട്ടുമാണ്‌ മരണം ഏറെയും സംഭവിച്ചത്‌. ഏഴു പേര്‍ സംഭവസ്‌ഥലത്തു തന്നെ മരിച്ചു. പത്തു പേര്‍ മരിച്ചെന്നായിരുന്നു ആദ്യ വിവരം. ഒമ്പതു പേരാണു മരിച്ചതെന്ന്‌ സ്‌ഥിരീകരണം പിന്നാലെയെത്തി.

അരുണ്‍, ഏലിയാമ്മ, മകള്‍ പ്രിന്‍സി, ഭര്‍ത്താവ്‌ ഷാജന്‍, മക്കളായ നിധി, നിധിന്‍, ഏലിയാമ്മയുടെ മറ്റൊരു മകള്‍ സോണിയ, ഇവരുടെ ബന്ധു അരുള്‍ എന്നിവര്‍ ആശാരിപ്പള്ളം ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഷാജന്റെ നില ഗുരുതരമാണ്‌. ബസ്‌ ഡ്രൈവര്‍ നാഗപട്ടണം സ്വദേശി ജോണ്‍ ബോസ്‌കോയുടെ (39) വലതുകാല്‍ മുറിഞ്ഞുപോയി. അപകടമുണ്ടായി അര മണിക്കുറിനകം കന്യാകുമാരി കലക്‌ടര്‍ തിരുവനന്തപുരം കലക്‌ടര്‍ ബിജു പ്രഭാകറെ ഫോണില്‍ വിവരമറിയിച്ചു. അദ്ദേഹം വിവരം നല്‍കിയതോടെ ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൊച്ചിയിലായിരുന്ന മന്ത്രി രമേശ്‌ ചെന്നിത്തലയും തമിഴ്‌നാട്‌ അധികൃതരുമായി ബന്ധപ്പെട്ടു. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരം റേഞ്ച്‌ ഐ.ജി. മനോജ്‌ ഏബ്രഹാമിനെ ചുമതലപ്പെടുത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close