വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം തട്ടി-5 പേര്‍ അറസ്‌റ്റില്‍

185-robbery

തൃശൂര്‍:ദേശീയപാതയിലെ കുതിരാനില്‍ കഴിഞ്ഞ 12 നു രാത്രി വ്യാപാരിയെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ അഞ്ചു പ്രതികളെ സിറ്റി പോലീസ്‌ കമ്മിഷണര്‍ കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്‌റ്റ്‌ ചെയ്‌തു. മലപ്പുറം ആലിപ്പറമ്പ്‌ തോണിക്കടവില്‍ വീട്ടില്‍ നൗഫല്‍ (29), പാലക്കാട്‌ മപ്പാട്ടുകര കൂടല്ലൂര്‍ വീട്ടില്‍ ഇസ്‌മായില്‍ (25), പാലക്കാട്‌ കൂലിക്കല്ലൂര്‍ മക്കടയില്‍ വീട്ടില്‍ സാജിത്ത്‌ (38), പാലക്കാട്‌ കൊപ്പം മഠത്തിപ്പറമ്പില്‍ ഷൗക്കത്തലി (30), പാലക്കാട്‌ മപ്പാട്ടുകര കൂടല്ലൂര്‍ വീട്ടില്‍ അബ്‌ദുള്‍ ഷൂക്കൂര്‍ (43) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. തമിഴനാട്‌ പൊള്ളാച്ചി സ്വദേശി ശെല്‍വകുമാറിനെ ആക്രമിച്ച്‌ കുത്തിപ്പരുക്കേല്‍പ്പിക്കുകയും കാറും 3,50,000 രൂപയും തട്ടിയെടുക്കുകയും ചെയ്‌ത കേസിലാണ്‌ അറസ്‌റ്റ്‌.

പാലക്കാട്‌, അട്ടപ്പാടി എന്നിവടങ്ങളില്‍നിന്നു കഴിഞ്ഞ ദിവസം അറസ്‌റ്റിലായ പ്രതികള്‍ മുമ്പ്‌ ചില കവര്‍ച്ചക്കേസുകളില്‍ പ്രതികളായവരാണ്‌. വ്യാപാരിയില്‍നിന്നു പണം തട്ടിയ കേസില്‍ ആകെ പത്തു പ്രതികളാണുള്ളത്‌. മറ്റു പ്രതിക്കള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
സംഭവത്തെപ്പറ്റി പോലീസ്‌ പറയുന്നതിങ്ങനെ: ശര്‍ക്കര മൊത്തവ്യപാരിയായ ശെല്‍വകുമാര്‍ എല്ലാ ചൊവ്വാഴ്‌ചയും കൊപ്പം, വളാഞ്ചേരി, പൊന്നാനി, കുന്നംകുളം, ചാവക്കാട്‌, വാടാനപ്പിള്ളി, തൃശൂര്‍ എന്നിവടങ്ങിളിലെ കടകളിലെ പണം വാങ്ങുന്നതിനു വരുന്നത്‌ ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ മൂന്‍കൂട്ടി കവര്‍ച്ച ആസൂത്രണം ചെയ്‌തിരുന്നു. 12 നു ശെല്‍വകുമാര്‍ കൊപ്പത്തുള്ള കടയില്‍ എത്തിയതു മുതല്‍ ഓള്‍ട്ടോ കാറിലും ബൈക്കിലുമായി സംഘങ്ങളായി തിരിഞ്ഞ്‌ ഇവര്‍ പിന്തുടര്‍ന്നു. കുതിരാനിലെ ആളൊഴിഞ്ഞ സ്‌ഥലത്തെത്തിയപ്പോള്‍ പ്രധാന പ്രതികളിലൊരാളായ നൗഫല്‍ കാര്‍ ശെല്‍വകുമാറിന്റെ കാറുമായി മനപ്പൂര്‍വം ഇടിപ്പിക്കുകയും ഓവര്‍ടേക്ക്‌ ചെയ്‌ത്‌ നിര്‍ത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ ശെല്‍വകുമാറിനെയും ഡ്രൈവറെയും ആക്രമിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പ്രതികള്‍ ഇദ്ദേഹത്തിന്റെ ആഡംബര കാറും മൂന്നര ലക്ഷം രൂപയും കടത്തിക്കൊണ്ടുപോയി. കാര്‍ പിന്നീട്‌ ഇരുമ്പുപാലത്തിനടുത്ത്‌ ഉപേക്ഷിച്ച്‌ പ്രതികള്‍ രക്ഷപ്പെട്ടു.
എ.സി.പി. ശിവദാസിന്റെ മേല്‍നോട്ടത്തില്‍ ഷാഡോ പോലീസിന്റെയും ഒല്ലൂര്‍ സി.ഐ. ഉമേഷിന്റെയും കീഴില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചായിരുന്നു അന്വേഷണം. കേസിന്റെ മുഖ്യസൂത്രധാരനായ ഷൗഫത്തലിക്കെതിരേ പെരിന്തല്‍മണ്ണ, ചെര്‍പ്പുളശേരി, നാട്ടുകല്‍ പോലീസ്‌ സ്‌റ്റേഷനുകളില്‍ കേസുണ്ട്‌. പട്ടാമ്പി സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത മാനഭംഗക്കേസുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്‌. ലോഡിങ്‌ തൊഴിലാളിയായ ഷൗക്കത്തലി എല്ലാ ആഴ്‌ചയിലും ശെല്‍വരാജ്‌ 50,000 രൂപവരെ തൊട്ടടുത്ത കടയില്‍നിന്നു കളക്‌ഷന്‍ വാങ്ങുന്നത്‌ ശ്രദ്ധിച്ചിരുന്നു. കളക്‌ഷന്‍ കഴിഞ്ഞു തിരികെ പോകുന്ന ശെല്‍വരാജിന്റെ കൈയില്‍ വലിയൊരു തുകയുണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു പ്രതികള്‍. അന്ന്‌ മൂന്നര ലക്ഷം രൂപമാത്രമാണ്‌ ശെല്‍വകുമാറിന്റെ കൈവശമുണ്ടായിരുന്നത്‌. സഞ്ചിരിച്ചിരുന്ന കാറിന്റ നമ്പര്‍ പ്ലേറ്റില്‍ പ്രതികള്‍ തിരിമറി നടത്തുന്നത്‌ ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ പോലീസിന നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണു വാഹനം പെട്ടെന്നു കണ്ടുപിടിക്കാനായത്‌. തമിഴ്‌നാടു സ്വദേശികളാണ്‌ കവര്‍ച്ചയ്‌ക്കു പിന്നിലെന്നു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇവരുടേത്‌. അന്വേഷണത്തിന്റെ തുടക്കത്തില്‍തന്നെ ഫിംഗര്‍പ്രിന്റ്‌, സൈബര്‍ സെല്‍ വിദഗ്‌ധരുടെ സേവനം ലഭിച്ചതും കേസ്‌ അന്വേഷണത്തിന്‌ സഹായകമായതായി കമ്മിഷണര്‍ പറഞ്ഞു. ഷാഡോ പോലീസ്‌ എസ.ഐമാരായ ഡേവിസ്‌, അന്‍സാര്‍, പീച്ചി എസ്‌.ഐ. ബാബു, മണ്ണൂത്തി അഡി.എസ്‌.ഐ. രാജേന്ദ്രന്‍, ഒല്ലൂര്‍ എ.എസ്‌.ഐ. സുനില്‍കുമാര്‍, സതീഷ്‌, പീച്ചി സ്‌റ്റേഷനിലെ ശ്രീകുമാര്‍, സീനിയര്‍ സി.പി.ഒമാരായ പഴനി സ്വാമി, ഉല്ലാസ്‌, ലിഗേഷ്‌ എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close