ടൈറ്റാനിയം-നിര്‍വഹിച്ചത് കടമയെന്ന് ഉമ്മന്‍ ചാണ്ടി

ടൈറ്റാനിയം ഫാക്ടറിയില്‍ താന്‍ നടത്തിയ ഇടപെടല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ കടമ നിര്‍വഹിക്കല്‍ മാത്രമാണെന്ന് ഉമ്മന്‍ ചാണ്ടി. ഫാക്ടറി അടച്ചുപൂട്ടാന്‍ പോയ ഘട്ടത്തിലാണ് താന്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. ടൈറ്റാനിയം അഴിമതിക്കേസില്‍ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ടൈറ്റാനിയം കേസ് അഴിമതിയാണെങ്കില്‍ അതിന് തുടക്കമിട്ടത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആണ്. പദ്ധതിയുടെ തറക്കല്ലിട്ടത് അന്ന് മന്ത്രിയായിരുന്ന എളമരം കരീമാണ്. 2011ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇടതുമുന്നണി സര്‍ക്കാര്‍ പദ്ധതിക്ക് പണവും കൈമാറിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എളമരം കരീമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് തയ്യാറാകണമെന്നും കേസില്‍ ആരോപണ വിധേയരായവര്‍ക്കെതിരെ എഫ്.ഐ.ആര് ഇടാത്തത് ഗുരുതരമായ സ്ഥിതിയാണെന്നും എളമരം കരീം ആരോപിച്ചു.
എന്നാല്‍ കേസില്‍ മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ പ്രതിസ്ഥാനത്തില്ലെന്നും പുതിയ എഫ്.ഐ.ആര് ഇടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും ആ സാഹചര്യത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ എന്‍.ശക്തന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
പതിവുപോലെ ഇന്നും സഭ പ്രതിപക്ഷ ബഹളത്തിലാണ് തുടങ്ങിയത്. കഴിഞ്ഞ ദിവസം അടിയന്തര പ്രമേഗയത്തിന് അനുമതി നല്‍കാമെന്ന് അറിയിച്ച് ഒടുവില്‍ സ്പീക്കര്‍ പറ്റിച്ചെന്നും ഇന്ന് അനുമതി നല്‍കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് സമീപമെത്തി.
എന്നാല്‍ താന്‍ ആരെയും പറഞ്ഞുപറ്റിച്ചിട്ടില്ലെന്നും കോടതിയുടെയും കമ്മിഷന്റെയും പരിഗണനയിലുള്ള വിഷയങ്ങളില്‍ പ്രമേയം അനുവദിക്കാനാവില്ലെന്ന് ചട്ടമുണ്ടെന്നും സ്പീക്കറുടെ വിവേചനാധികാരമാണ് ഉപയോഗിച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇന്ന് ചോദ്യോത്തര വേളകഴിഞ്ഞ് ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയതോടെയാണ് ബഹളം ശമിച്ചത്.