മോദി @ 30 നല്ല ദിനങ്ങള്‍ വരുമോ?

south block2

മോദി @ 30. നല്ല ദിനങ്ങള്‍ വരുമോ?

ഒരുപക്ഷേ, സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ മുന്‍പൊരിക്കലും ഒരു ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത്രയും വിശകലനത്തിനു വിധേയമായിട്ടുണ്ടാവുകയില്ല. പ്രത്യേകിച്ചും വെറും 30 ദിനങ്ങള്‍ പിന്നിടുന്ന അവസ്ഥയില്‍. എത്ര വിദേശനേതാക്കള്‍ സത്യപ്രതിജ്ഞയ്ക്കെത്തി, പ്രധാനമന്ത്രി ഏത്‌ രാജ്യത്തേക്കാണ്‌ ആദ്യം പോയത്‌ എന്നതൊന്നും ഈ നാട്ടിലെ ജനതയെ ബാധിക്കുന്ന വിഷയമല്ല. ശ്രേഷ്ഠഭാരതസ്വപ്‌നം നിറച്ച പ്രചരണകാലത്തു നിന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്‌ നടന്നു കയറിയ നരേന്ദ്ര ദാമോദര്‍ദാസ്‌ മോദിയില്‍ നിന്നും ഒരു ജനത അദ്‌ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നതാണ്‌ സത്യം. തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന സാമ്പത്തിക നയമാണ്‌ ജനങ്ങള്‍ ശ്രദ്ധിക്കുന്ന പ്രഥമവിഷയം. അധികാരത്തിലെത്തി ആദ്യദിനങ്ങളില്‍ തന്നെ വിലക്കയറ്റത്തിന്‌ അറുതി വരുമെന്ന്‌ അവര്‍ പ്രതീക്ഷിക്കുന്നു.

മെയ്‌ 16 ന്‌ ശ്രീ. മോദി പറഞ്ഞു , “നല്ല ദിനങ്ങള്‍ വന്നെത്തി.” ഭരണമില്ലായ്‌മയിലൂടെ വര്‍ഷങ്ങള്‍ നടന്ന ഒരു രാജ്യത്തിന്‌ നല്ല ദിനങ്ങളെത്താന്‍ കുറച്ചുകൂടി സമയമെടുക്കുമെന്ന തിരിച്ചറിവ്‌ ജനങ്ങളിലെത്തിക്കുക എന്നതായിരിക്കും മോദി സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി. ബജറ്റിനുമുമ്പ്‌ റയില്‍വേ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ സാധാരണ ജനം അമ്പരന്നു. വര്‍ദ്ധന പ്രഖ്യാപിച്ച്‌ റെയില്‍ മന്ത്രി സദാനന്ദ ഗൌഡ പറഞ്ഞു , “ഇത്‌ യൂ പി എ സര്‍ക്കാര്‍ നടപ്പാക്കാന്‍ എടുത്ത തീരുമാനമാണ്‌. ധനമന്ത്രി ജയ്‌റ്റ്‌ലി കുറച്ചുകൂടി വിശദീകരിച്ചു, “യൂ പി എ സര്‍ക്കാരിന്‌ എടുക്കാന്‍ ധൈര്യമില്ലാതിരുന്ന തീരുമാനമാണിത്‌. റയില്‍വേയില്‍ നിന്നും രക്തം വാര്‍ന്നു പോയിക്കൊണ്ടിരിക്കുന്നു. ഒടുവില്‍ കരകയറ്റാനാവാത്ത വിധം കടക്കെണിയില്‍ അത്‌ എത്തിച്ചേരും. റെയില്‍ മന്ത്രിയുടെ തീരുമാനത്തെ ധീരമെന്നേ വിശേഷിപ്പിക്കനാവൂ.” ജനം ചോദിച്ചു, “കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാനാണോ ഇത്രയും കഷ്‌ടപ്പെട്ട്‌ നിങ്ങളെ ഞങ്ങള്‍ ഭരണത്തിലേറ്റിയത്‌?” സത്യം സത്യമാണ്‌. ഇന്ത്യന്‍ റയില്‍വേ മുങ്ങിത്താഴുകയാണ്‌. പ്രതിദിനം 30 കോടി നഷ്‌ടം. 14.2% യാത്രാക്കൂലി വര്‍ദ്ധനവും 6.5% ചരക്കുകൂലി വര്‍ദ്ധനവും നേടിത്തരുക അധികവരുമാനമായ 700 – 800 കോടി രൂപാ. നഷ്‌ടത്തില്‍ ഗണ്യമായ കുറവ്‌. തീരുമാനം പെട്ടിയിലാക്കിവച്ചിട്ട്‌ ഇറങ്ങിപ്പോയ കോണ്‍ഗ്ഗസ്‌ ഉള്‍പ്പെടെ ചോദിച്ചു , “വിലവര്‍ദ്ധന റയില്‍വേ ബജറ്റില്‍ പോരായിരുന്നോ? ” ഒരു നല്ല വിഭാഗം ജനങ്ങളും ചോദിച്ചു, “ശരിയാ, എന്തിനാ ഇത്ര ധൃതിപിടിച്ച്‌ നിരക്ക്‌ പ്രഖ്യാപിക്കുന്നതിനെ മുന്‍പ് വിമര്‍ശിച്ച ആള്‍ തന്നെ ഇപ്പോള്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പ്രത്യേകിച്ചും…!”

വോഡാഫോണ്‍ കമ്പനി സര്‍ക്കാരിനു നല്കാനനുളള നികുതി 20,000 കോടി രൂപയാണ്‌! ഇത്‌ വാങ്ങിയെടുത്ത്‌ റയില്‍വേ വികസനം നടത്താവുന്നതല്ലെയെന്നും ചോദ്യമുയരുന്നു. ഇതെഴുതുമ്പോള്‍ നമ്മുടെ രാജധാനി എക്‌സ്‌പ്രസ്‌ പാളംതെറ്റി 4 മരണം നടന്നു എന്ന്‌ റ്റി.വി ചാനലില്‍ സ്ക്രോള്‍ ചെയ്യുന്നു. ജനം വീണ്ടും, ‘ആരുഭരിച്ചാലും റയില്‍വേ പാളം തെറ്റിയേ ഓടൂ!’ ഇനി റെയില്‍ ബജറ്റിനായി കാത്തിരിക്കാം. അടിസ്ഥാന വികസനം എത്തിനോക്കിയിട്ടില്ലാത്ത നമ്മുടെ റയില്‍വേ കരകയറ്റാനുളള മോദിമാജിക്കിനായി കാതോര്‍ക്കാം . വില വര്‍ദ്ധനവിനനുസരിച്ച്‌ സൗകര്യങ്ങളും വര്‍ദ്ധിക്കുമോ? അടിക്കടി തുടരുന്ന പാളം തെറ്റലിനും കൂട്ടിയിടിക്കും അറുതിയുണ്ടാകുമോ? ജൂലൈ 8 വരെ കാത്തിരിക്കുകയേ മാര്‍ഗ്ഗമുളളൂ. പഞ്ചസാരയ്‌ക്കും ചില്ലറവിപണിയില്‍ 3 രൂപാ വര്‍ദ്ധന ഉടന്‍ ഉണ്ടാകും. കരിമ്പു കര്‍ഷകരെ കാലവര്‍ഷം ചതിച്ചാല്‍ വില പിന്നെയും കൂടും. ഇതിനു കാരണമായത്‌ പഞ്ചസാരയുടെ ഇറക്കുമതി തീരുവ 15 ല്‍ നിന്നും 40 ശതമാനമാക്കി എന്നതാണ്‌. ഇറക്കുമതി കുറയ്ക്കുകയും ആഭ്യന്തര ഉദ്‌പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയെന്നത്‌ ഏതൊരു ക്ഷേമരാഷ്‌ട്രത്തിനും അനിവാര്യമായ കാര്യമാണ്‌. ഇറക്കുമതി കുറയ്ക്കാന്‍, തീരുവ വര്‍ദ്ധിപ്പിക്കുക എന്നതാണ്‌ മാര്‍ഗ്ഗം. ഇത്‌ ഇന്ത്യയിലെ പഞ്ചസാര ഉല്പാദകര്‍ക്ക് ‌ ആശ്വാസകരമാകും എന്ന്‌ തീര്‍ച്ച . വീണ്ടും വിമര്‍ശനം. പഞ്ചസാര മില്ലുകള്‍ ധനികരുടേതായതുകൊണ്ടല്ലേ ഈ നയം. ഉല്‍പ്പാദനമേഖലയ്ക്ക് സഹായം നല്കുസക എന്നത്‌ വികസനം പ്രതീക്ഷിക്കുന്ന രാഷ്‌ട്രത്തിന്‌ ആവശ്യമാണ്‌. കരിമ്പുകര്‍ഷകര്‍ക്കുള്ള കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നതിനായി 4400 കോടി രൂപാ പലിശരഹിത വായ്‌പയായി പഞ്ചസാര ഉല്പാപദകര്‍ക്ക് ‌ അനുവദിക്കുകയും ചെയ്‌തു. ഇതുവരെ കാലവര്‍ഷം ചതിച്ചു നില്ക്കു ന്ന കരിമ്പുകര്‍ഷകരിലേക്ക്‌ ഇത്‌ എത്തിച്ചേരും. എങ്കിലും സബ്‌സിഡികളില്‍ നിന്നും നമ്മുടെ നാട്‌ ഉടനെ കരകയറില്ല എന്നത്‌ ധനമന്ത്രിയെ സംബന്ധിച്ച്‌ ശുഭവാര്‍ത്തയാവില്ല. പഞ്ചസാര കയറ്റുമതിക്ക്‌ ടണ്ണിന്‌ 3300 രൂപാ നിരക്കില്‍ നിലവിലുള്ള സബ്‌സിഡി സെപ്‌തംബര്‍ വരെ തുടരും. [/su_column] [su_column size=”1/2″]ഇവിടെ വീണ്ടുംജനം ചോദിക്കുന്നു, ‘ആവശ്യത്തിനില്ലാത്തതുകൊണ്ടല്ലേ ഇറക്കുമതി ചെയ്യുന്നത്‌? അപ്പോള്‍ നമ്മുടെ ആവശ്യത്തിനുളളത്‌ കഴിഞ്ഞിട്ട്‌ ബാക്കിയല്ലേ കയറ്റുമതി ചെയ്യേണ്ടത്‌? അങ്ങനെയുളളപ്പോള്‍ കയറ്റുമതിക്കെന്തിനാ സബ്‌സിഡി?’ ഇക്കണോമിക്‌സ്‌, വിഷമമുളള വിഷയമാകുന്നത്‌ ഇവിടെയാണ്‌? എന്തായാലും മണ്ണെണ്ണ-പാചകവാതക വിലവര്‍ദ്ധന 3 മാസത്തേക്ക്‌ മാറ്റിയെന്നത്‌ സാധാരണക്കാര്ക്ക് ‌ ആശ്വാസമാകുന്നു. ജൂണ്‍ 9ന്‌ നടന്ന രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ രാഷ്‌ട്രവികസനത്തിനായി 25 വന്‍ വാഗ്ദാനങ്ങളുള്‍ക്കൊളളുന്ന സ്വപ്‌നപദ്ധതി അവതരിപ്പിച്ചു. ശ്രേഷ്ഠഭാരതത്തിലേക്കുളള പ്രയാണത്തില്‍ നാഴികക്കല്ലുകളാകുന്നവയാണിവ.

ഏവരും ചോദിച്ചു: ഇതിനൊക്കെയുളള വിഭവസമാഹരണം എവിടെനിന്ന്‌? വിദേശനിക്ഷേപം (എഫ്‌ ഡി ഐ) സ്വീകരിക്കാം. പ്രതിരോധമേഖലയിലും റയില്‍വേയിലും വിദേശ നിക്ഷേപം ഇതിനകം തന്നെ തീരുമാനമായി. 5 വര്‍ഷത്തിനപ്പുറം ഭരണം വേണ്ടെന്നുണ്ടെങ്കില്‍, വാജ്‌പേയ്‌ സര്‍ക്കാര്‍ ചെയ്‌തപോലെ പൊതുമേഖലയെ വില്‍ക്കാന്‍ ഒരു മന്ത്രിയെ നിയമിക്കാം. ഇതുകൊണ്ടൊന്നും തികയില്ല ശ്രീ മോദി വിഭാവനം ചെയ്‌ത സ്വപ്‌നപദ്ധതികള്‍ക്കായുളള നിക്ഷേപം. ഇവിടെയാണ്‌ കളളപ്പണം അന്വേഷണത്തിനായി നിയമിച്ച്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രസക്തി. തിരഞ്ഞെടുപ്പ്‌ വാഗ്ദാനത്തിന്റെ പ്രതിഫലമെന്നോണം തീരുമാനിക്കപ്പെട്ട ഈ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനഫലം മൊത്തത്തില്‍ ഇന്ത്യന്‍ സമ്പദ്‌ഘടനയുടേയും വിശിഷ്യാ അടിസ്ഥാന മേഖലയുടേയും വികസനത്തില്‍ സുപ്രധാനമാകും ആരോഗ്യമേഖലയിലെ എ ഐ ഐ എം എസ്‌ പോലുളള പദ്ധതികളില്‍, ലാഭം മുന്നില്‍ക്കണ്ട്‌ നിക്ഷേപിക്കാന്‍ കാത്തിരിക്കുന്നവര്‍ കടന്നുവരില്ല എന്നത്‌ തീര്‍ച്ചയാണ്‌. ഏതാണ്ട്‌ 14000 കോടി രൂപയോളം ഇന്ത്യക്കാരുടേതായ പണം സ്വിസ്‌ ബാങ്കിലുണ്ടെന്നതാണ്‌ പ്രാഥമിക വിവരം. ഇന്ത്യയിലെ കളളപ്പണവും കണക്കില്‍പ്പെടാത്ത പണവും ഒരു സമാന്തര സമ്പദ്‌ഘടന തന്നെയാണ്‌.

ചരക്ക്‌ സേവന നികുതി നടപ്പാക്കുന്നതിന്‌ ധനമന്ത്രി സംസ്ഥാനങ്ങള്‍ക്കിടയില്‍ സമഗ്രമായ ശ്രമത്തിലാണ്‌. വ്യവസായിക ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്ന തമിഴ്‌നാട്‌ പോലെയുളള സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ക്കുമ്പോള്‍ ഉപഭോഗ സംസ്ഥാനമായ കേരളം ഇതിനെ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ 30 ദിവസത്തിനുളളില്‍, ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപകര്‍ നേടിയ അധികധനം മൂന്ന്‌ ലക്ഷത്തി ഇരുപതിനായിരം കോടി രൂപയാണ്‌. വിദേശ നിക്ഷേപകര്‍ വികസന പ്രതീക്ഷയില്‍ ആവേശത്തോടെ നിക്ഷേപം തുടരുന്നു. അനലിസ്റ്റുകള്‍ സെന്‍സെക്സ്‌ വരുന്ന 5 വര്‍ഷത്തിനുളളില്‍ 60,000 എത്തുമെന്നും, 2020 ല്‍ 1 ലക്ഷം കഴിയുമെന്നും പ്രചരിപ്പിക്കുന്നു. എന്നിരിക്കിലും ഓഹരി വിപണി രാജ്യത്തിന്റെ മൊത്തത്തിലുളള സാമ്പത്തിക അവസ്ഥയുടെ പൂര്‍ണ്ണമായ അളവുകോലാവുന്നില്ല എന്നതാണ്‌ സത്യം. അനിവാര്യമായ തിരുത്തല്‍ (ലാഭമെടുപ്പ്‌) വിപണിയിലുണ്ടാകുമെന്നും വിശകലനക്കാര്‍ മുന്നറിയിപ്പ്‌ തരുന്നു. ജൂലൈ 10 ലെ പൊതു ബജറ്റിലേക്കാണ്‌ വിപണി ഇനി പ്രതീക്ഷയോടെ നോക്കുന്നത്‌. വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനൊപ്പം വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിനാവശ്യമായ പദ്ധതികള്‍ വിഭാവനം ചെയ്യപ്പെടുമെന്ന്‌ പ്രതീക്ഷിക്കുന്ന മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൈപ്പേറിയ നിര്‍ദ്ദേശങ്ങള്‍ ഏറെയുണ്ടാവും എന്നത്‌ തീര്‍ച്ചയാണ്‌. അത്രത്തോളം പരിതാപകരമാണ്‌ ഈ നാടിന്റെ ഇന്നത്തെ സാമ്പത്തിക അവസ്ഥ. ചിലവുചുരുക്കല്‍ അനിവാര്യമാണ്‌! ഇതിനു മാതൃകയായി ശ്രീ മോദിയുടെ കര്‍ശന നിര്‍ദ്ദേശം മന്ത്രിമാര്‍ക്കെത്തി. ഒരു ലക്ഷത്തിനു മുകളിലുളള എല്ലാ വാങ്ങലുകള്‍ക്കും പി എം ഒ അനുമതിവേണം. പുതിയകാറുകള്‍ വേണ്ട വേണ്ട……….! തുടങ്ങിയവ.

ചിലവുചുരുക്കല്‍ മന്ത്രിമാര്‍ക്കുമാത്രം മതിയോ!

നല്ല ദിനങ്ങള്‍ക്കായി മുണ്ടുമുറുക്കിയുടുക്കാന്‍ ഒരു ജനതയെ പ്രേരിപ്പിക്കുന്നതിലാണ്‌ യഥാര്‍ത്ഥ മോദിമാജിക്‌. ഇറാഖ്‌ പ്രതിസന്ധി എണ്ണവിലയില്‍ അനിയന്ത്രിതമായ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നു. പെട്രോള്‍, ഡീസല്‍ ഉപഭോഗം കുറക്കുകയെന്നതാണ്‌ രാജ്യത്തിനു മുന്നിലുളള മാര്‍ഗ്ഗം. രണ്ടും മൂന്നും, ഇന്ധനക്ഷമത കുറഞ്ഞതുമായ വാഹനങ്ങള്‍ വീട്ടിലിട്ട്‌ സര്‍ക്കാരിനെസഹായിക്കാന്‍ ജനം തയ്യാറായിരുന്നെങ്കില്‍……! പ്രവര്‍ത്തനരാഹിത്യത്തിന്റെ മാറാലപേറുന്ന ഒന്നരലക്ഷം ഫയലുകള്‍ കത്തിച്ചുകളയാന്‍ പറഞ്ഞ പ്രധാനമന്ത്രി, പുതിയ ഒരു നാളേക്കുവേണ്ടി ചിന്തിക്കുന്നുവെന്ന്‌ കരുതാം. നല്ല ദിനങ്ങള്‍ക്കായി ഇന്ത്യയിലെ സാധാരണക്കാരും ദരിദ്രരും ഇനിയും പ്രതീക്ഷയര്‍പ്പിക്കുന്നത്‌ ഈ വാക്കുകളിലാണ്‌.

“വിലക്കയറ്റം നിയന്ത്രിക്കണമെന്ന വാഗ്ദാനം നടപ്പിലാക്കാനുളള നടപടികളുണ്ടാകും. ഈ ലക്ഷ്യം സാക്ഷാത്‌കരിക്കാം. സര്‍ക്കാര്‍ ദരിദ്രര്‍ക്ക് വേണ്ടിയുളളതാണ്‌. സമ്പന്നര്‍ക്ക് ‌ സര്‍ക്കാരിന്റെ സഹായമില്ലാതെ തന്നെ ജീവിക്കാം.” ( രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന ചര്‍ച്ചയുടെ മറുപടിയില്‍ ശ്രീ മോദി) [/su_column][/su_row]

വി.രമേശ്‌ കുമാര്‍
(പ്രശസ്ത ധനകാര്യ-മാനേജ്മെന്റ് വിദഗ്ദനും എഴുത്തുകാരനുമാണ് ലേഖകന്‍)
ഈ പംക്തിയേയും ലേഖനത്തേയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ലേഖകനുമായി പങ്കുവെക്കാം
rameshkv74@gmail.com

 

Show More
Close
Close