ത്രിപുര ഫലം നാളെ: ഭരണത്തില്‍ തുടരാമെന്ന പ്രതീക്ഷയില്‍ സിപിഎം

ത്രിപുരയില്‍ ഇരുപത്തഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ സി.പി.എം ഭരണം അവസാനിപ്പിച്ച് അധികാരം പിടിച്ചെടുക്കാമെന്ന വിശ്വാസത്തിലാണ് ബിജെപി. തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സി.പി.എമ്മും ശുഭാപ്തി വിശ്വാസത്തിലാണ്. ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നതെങ്കിലും ഭരണത്തുടര്‍ച്ചയില്‍ സംശയമൊന്നുമില്ലെന്നാണ് സി.പി.എമ്മിന്റെ പ്രതികരണം. തങ്ങള്‍ പൂര്‍ണ ശുഭാപ്തി വിശ്വാസത്തിലാണെന്ന് സി.പി.എം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജന്‍ദര്‍ മാധ്യമങ്ങളോട് പറഞ്ഞു. എട്ടാം ഇടതുപക്ഷ മന്ത്രിസഭ വരുമെന്നതില്‍ സംശയമില്ല. ത്രിപുരയിലെ വിജയത്തോടെ എന്‍.ഡി.എ സര്‍ക്കാരിനെതിരേയുള്ള ജനവികാരം കൂടുതല്‍ ശക്തമാകുമെന്നും ബിജന്‍ദര്‍ ചൂണ്ടിക്കാട്ടി.

25 വര്‍ഷം സിപിഎം സംസ്ഥാനം ഭരിച്ചിട്ടും ജനങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടില്ലെന്നാണ് ബിജെപിയുടെ പ്രധാന പ്രചാരണം. ‘നമുക്ക് മാറാം’ എന്നാണ് ബിജെപിയുടെ പ്രധാന മുദ്രാവാക്യം. മുന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നു വ്യത്യസ്തമായി വോട്ടിംഗ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാവുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ത്രിപുരയിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് ഏറെ ഗുണം ചെയ്തുവെന്നാണ് ബി.ജെ.പി പക്ഷം. സര്‍ക്കാരിനെതിരെയുള്ള ജനവികാരം വോട്ടായി മാറുമെന്നു ബിജെപി കണക്കു കൂട്ടുന്നു. മാറ്റത്തിന് തയ്യാറാവൂ എന്ന തങ്ങളുടെ പ്രചാരണം ജനങ്ങള്‍ ഏറ്റെടുത്തതായി ബി.ജെ.പി ത്രിപുര യൂണിറ്റ് പ്രസിഡന്റ് ബിപ്ലബ് കുമാര്‍ പ്രതികരിച്ചു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിനാല്‍ ബി.ജെ.പി ഇത്തവണ ഭരണത്തിലേറുമെന്ന് ബിപ്ലബ് അവകാശപ്പെട്ടു. സംസ്ഥാനത്തെ പ്രമുഖ ഗോത്ര വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. പ്രത്യേക ഗോത്രവര്‍ഗ സംസ്ഥാനത്തിനുവേണ്ടി വാദിക്കുന്ന ഐപിഎഫ്ടി ബിജെപിക്ക് ഒപ്പമാണ്. ഒന്‍പതു സീറ്റുകളിലാണ് ഇവര്‍ മത്സരിക്കുന്നത്. ബിജെപിക്ക് ഒപ്പമുള്ള ചെറുപാര്‍ട്ടികളും ബിജെപി ചിഹ്നത്തില്‍ മത്സരിക്കുന്നു. സിപിഎമ്മിന്റെ കരുത്തായ ഗോത്രവര്‍ഗ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി അധികാരം പിടിക്കാമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു

ലാളിത്യത്തിന്റെ പ്രതീകമായ മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ് സിപഎമ്മിന്റെ ഏറ്റവും വലിയ പ്രതീക്ഷ. മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. സംസ്ഥാനത്തു നടപ്പാക്കിയ ജനക്ഷേമപദ്ധതികള്‍ വിജയം കൊണ്ടുവരുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ രീതി മാറ്റാതെ നിലനിര്‍ത്തിയതടക്കമുള്ള കാര്യങ്ങള്‍ പ്രചാരണത്തിലുണ്ടായിരുന്നു. ട്രൈബല്‍ ഏരിയ സ്വയംഭരണ സമിതിയിലും (ടിടിഎഎഡിസി) ശക്തി സിപിഎമ്മിനാണ്. ഏതാനും ചില ഗോത്രവര്‍ഗ പാര്‍ട്ടികള്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതു തിരിച്ചടിയാകില്ലെന്നു തന്നെയാണ് പാര്‍ട്ടിയുടെ വിശ്വാസം.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വിധിയെഴുതിയപ്പോള്‍ ത്രിപുരയിലെ പ്രാദേശിക എക്സിറ്റ് പോള്‍ ഫലങ്ങള്‍ സി.പി.എമ്മിന്റെ ഭരണത്തുടര്‍ച്ച തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. 33 സീറ്റ് നേടി സി.പി.എം അധികരത്തില്‍ വരുമെന്നും ബി.ജെ.പിക്ക് ഏഴ് സീറ്റ് മാത്രമേ ലഭിക്കുകയുള്ളൂവെന്നും ഇവിടെ നിന്നുള്ള എക്സിറ്റ് പോളുകള്‍ പറയുന്നു.

2008 ലും 2013 ലും നടന്ന തിരഞ്ഞെടുപ്പില്‍ 92 ശതമാനത്തോളമായിരുന്നു വോട്ടിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ 74 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ത്രിപുരയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിയില്‍ നിന്ന് ഇത്രവലിയ വെല്ലുവിളി സി.പി.എമ്മിന് നേരിടേണ്ടി വന്നത്. ബി.ജെ.പി ഇതുവരെ ഒറ്റയ്ക്കാണ് സംസ്ഥാനത്ത് മത്സരിച്ചത്. എന്നാല്‍ ഇത്തവണ ഐ.പി.എഫ്.ടിയുമായി ചേര്‍ന്ന് പോരിനിറങ്ങിയതും ബി.ജെ.പിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. അറുപത് മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചിത്രം ശനിയാഴ്ച 12 മണിയോടെ വ്യക്തമാവും. എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ശക്തമായ സുരക്ഷാ സാന്നിധ്യത്തില്‍ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. ത്രിപുരയ്ക്കൊപ്പം മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളുടെ ഫലവും നാളെ പുറത്ത് വരും.

Show More

Related Articles

Close
Close