യു.ഡി.എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ ഒക്‌ടോബര്‍ 16 ലേക്ക്‌ മാറ്റി

ഈ മാസം പതിമൂന്നിന് യു.ഡി.എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ 16 ലേക്ക്‌ മാറ്റി. ഫുട്‌ബോള്‍ പ്രേമികളുടെ അഭ്യര്‍ഥന മാനിച്ചാണ് ഹര്‍ത്താല്‍ തീയതി മാറ്റിയത്‌. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് തീയതി മാറ്റം അറിയിച്ചത്‌. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയത്തില്‍ പ്രതിഷേധിച്ചായിരുന്നു യു.ഡി.എഫ് 13-ന് ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചിരുന്നത്. കേരളം ആദ്യമായി ഒരു ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുമ്പോള്‍ യു.ഡി.എഫ് അത് ഹര്‍ത്താല്‍ നടത്തി ആഘോഷിക്കുകയാണെന്ന തരത്തിലുള്ള വിമര്‍ശനം സി.പി.എം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ത്താല്‍ തീയതി മാറ്റാന്‍ തീരുമാനിച്ചത്.

എട്ട് മണിക്കൂറിനിടെ മൂന്ന് തവണയാണ് ഹര്‍ത്താല്‍ മാറ്റിയത്. മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ലോകകപ്പ് മത്സരങ്ങളെ ബാധിക്കാത്ത രീതിയില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് ഹര്‍ത്താല്‍ മൂന്ന് മണി വരെയായിരിക്കുമെന്നും അറിയിച്ചു. വീണ്ടും എതിര്‍പ്പുകള്‍ ഉയര്‍ന്നതിനേത്തുടര്‍ന്നാണ് 12ലേക്ക് മാറ്റിയതായി അറിയിക്കുകയും തുടര്‍ന്ന് ഒക്ടോബര്‍ 16 ആയി നിശ്ചയിക്കുകയുമായിരുന്നു.

Show More

Related Articles

Close
Close