വി.മുരളീധരന്‍ വിജിലന്‍സിനു മൊഴി നല്‍കി.

മുന്‍മന്ത്രി ഇ.പി.ജയരാജന്‍ നടത്തിയ ബന്ധുനിയമനങ്ങളെക്കുറിച്ച് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്‍ വിജിലന്‍സിനു മൊഴി നല്‍കി.

തിരുവനന്തപുരത്ത് വിജിലന്‍സ് ഡിവൈ.എസ്.പി. ശ്യാംകുമാര്‍ മുന്‍പാകെയാണ് മൊഴി നല്‍കിയത്.

മതിയായ യോഗ്യതകളില്ലാതെയാണ് ബന്ധുവായ പി.കെ.സുധീറിനെ പൊതുമേഖലാ സ്ഥാപനമായ കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയന്‍ എന്റര്‍പ്രൈസസില്‍ (കെ.എസ്.ഐ.ഇ.) നിയമിച്ചതെന്ന് മന്ത്രി ഇ.പി.ജയരാജന്‍തന്നെ സമ്മതിച്ച സാഹചര്യത്തില്‍ അന്വേഷണം നടത്തുകയല്ല എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുകയാണ് വേണ്ടതെന്ന് വിജിലന്‍സിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിയമിക്കാന്‍ പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്(റിയാബ്) നിശ്ചയിച്ചിട്ടുള്ള എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും സുധീറിന്റെ നിയമനത്തില്‍ ലംഘിച്ചു.

15 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്ന നിബന്ധന ഉണ്ടായിരുന്നെങ്കിലും സുധീറിന് ആ യോഗ്യതകളൊന്നുമില്ലായിരുന്നു.

പി.കെ.സുധീറിന്റെ നിയമന ഉത്തരവ് റദ്ദാക്കിയതായി കാണിച്ച് ഇ.പി.ജയരാജന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഇതിനു തെളിവാണ്:

‘ബിരുദധാരിയും നിലവില്‍ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി.കെ. സുധീര്‍ കെ.എസ്.ഐ.ഇയുടെ മാനേജിംഗ് ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് അപേക്ഷിച്ചിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നല്‍കിയത്’ എന്നാണ് ഇ.പി.ജയരാജന്‍ 07/10/2016ന് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ കുറിച്ചിരുന്നത്.

എം.ഡി. സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ ആവശ്യമായ യോഗ്യതകളൊന്നുമില്ലാതെയായിരുന്നു പി.കെ.സുധീറിന്റെ നിയമനമെന്ന് മന്ത്രിതന്നെ ഇതിലൂടെ സമ്മതിച്ചിരിക്കുന്നു. മന്ത്രി തന്നെ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പി.കെ.സുധീറിന് മതിയായ യോഗ്യതകള്‍ ഉണ്ടായിരുന്നില്ലെന്നു സമ്മതിച്ച സാഹചര്യത്തില്‍ ഈ കേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുകയല്ല മറിച്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുകയാണ് വേണ്ടത്.

1988ലെ അഴിമതി നിരോധന നിയമത്തിലെ 13(1)(d)ലെ
i പ്രകാരം ഒരാള്‍ അഴിമതിയിലൂടെയോ അനധികൃത മാര്‍ഗത്തിലൂടെയോ തനിക്കു വേണ്ടിയോ മറ്റൊരാള്‍ക്കുവേണ്ടിയോ സാമ്പത്തിക നേട്ടമുണ്ടാക്കുകയോ
ii പ്രകാരം പൊതുപ്രവര്‍ത്തകന്‍ എന്ന സ്ഥാനം ദുരുപയോഗം ചെയ്തുകൊണ്ട് തനിക്കോ മറ്റൊരാള്‍ക്ക് വേണ്ടിയോ സാമ്പത്തികനേട്ടമുണ്ടാക്കുകയോ
iii പ്രകാരം പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു സ്ഥാനത്ത് തുടരവേ, പൊതുതാല്‍പര്യമില്ലാതെ മറ്റൊരാള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കികൊടുക്കുകയോ ചെയ്താല്‍ ആ വ്യക്തി അഴിമതി നടത്തിയെന്നു വ്യക്തമാണ്.

അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം ഈ കുറ്റം ചെയ്ത വ്യക്തി മൂന്നുവര്‍ഷം തടവിനും പിഴയ്ക്കും അര്‍ഹനാണ്. ഈ കുറ്റങ്ങളെല്ലാം ഇ.പി.ജയരാജന്‍ ചെയ്തു എന്നു തെളിഞ്ഞ സാഹചര്യത്തില്‍ ഉടനടി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം.

മന്ത്രിമാര്‍ക്ക് ബാധകമായിട്ടുള്ള റൂള്‍സ് ഓഫ് ബിസിനസ് ചട്ടങ്ങള്‍ പ്രകാരവും മന്ത്രിസ്ഥാനത്തിരുന്ന ഇ.പി.ജയരാജന്‍ നടത്തിയിട്ടുള്ളത് ശിക്ഷാര്‍ഹമായ കുറ്റമാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്കെല്ലാം മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഈ നിയമനങ്ങളെല്ലാം നടന്നിട്ടുള്ളത് മുഖ്യമന്ത്രിയുടെകൂടി അറിവോടുകൂടിയുമാണ്. ഈ ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിക്കുള്ള പങ്കും അന്വേഷിക്കണമെന്നും മുരളീധരന്‍ പറയുന്നു.

Show More

Related Articles

Close
Close