വെടി​ക്കെട്ട്​ ദുരന്തം: മരണം 107 ആയി ; പരിക്കേറ്റവരുടെ നില ഗുരുതരം

 

പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട്‌ അപകടത്തിൽ  മരണസംഖ്യ 107 ആയി. തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി വിനോദാണ്​ ഇന്ന്​ മരിച്ചത്​. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്​. നേരത്തെ 106 പേരുടെ മരണം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. 84  മൃതദേഹങ്ങളുടെ പോസ്​റ്റ്​മോർട്ടം പൂർത്തിയായി. കൊല്ലത്ത്​ മരണപ്പെട്ട നാല്​ പേരെ കൂടി തിരിച്ചറിഞ്ഞു.  കൊല്ലത്ത്​ 14 തിരുവനന്തപുരത്ത്​ നാലും ഉൾപ്പെടെ മൊത്തം 18 മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ട്​. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇന്ന് വീണ്ടും സ്ഥിതി വിലയിരുത്തും. ചികിത്സാ നടപടികൾ ഏകോപിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്​ഡ സംസ്ഥാനത്ത് തുടരുകയാണ്.

തിരുവനന്തപുരത്തും കൊല്ലത്തുമായാണ് പരിക്കേറ്റവർ ചികിൽസയിലുളളത്. പലരും അപകടനില തരണം ചെയ്തിട്ടില്ല. പരിക്കേറ്റവരെ ചികിത്സക്കായി സംസ്ഥാനത്തിന്​ പുറത്തേക്ക്​ കൊണ്ട​ുപോകേണ്ടതില്ലെന്ന്​ മെഡിക്കൽ സംഘം അറിയിച്ചു. ഡൽഹി, മുംബൈ അടക്കമുളള സ്ഥലങ്ങളിൽ വിദഗ്ധ ചികിൽസ ഒരുക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഏറെപ്പേർക്കും 60 ശതമാനത്തിലധികം പൊളളല്‍ ഉളളതിനാൽ മറ്റു ആശുപത്രികളിലേക്ക് മാറ്റാനാകില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. അതേസമയം ആശുപത്രികളിൽ വിദഗ്ധ ചികിൽസക്കുളള സൗകര്യം വർധിപ്പിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജ്, കിംസ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കൊല്ലം മെഡിസിറ്റി, എൻ എസ് ആശുപത്രി, കൊല്ലം കിംസ് തുടങ്ങിയ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്

Show More

Related Articles

Close
Close