ശസ്ത്രക്രിയ കഴിഞ്ഞു ;ബാലഭാസ്കറിന്‍റെ ആരോഗ്യനിലയെക്കുറിച്ച് വിധു പ്രതാപ്

തിരുവനന്തപുരം : വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും ഭാര്യ ലക്ഷ്മിയുടെയും അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയമായിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ നിരീക്ഷിച്ചതിന് ശേഷമേ എന്തെങ്കിലും പറയാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും ഗായകനുമായ വിധു പ്രതാപ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേസ്വിനി ബാല (2) മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിക്കും കാര്‍ ഡ്രൈവര്‍ അര്‍ജുനും പരിക്കേറ്റിരുന്നു.

കാര്യമായ പരിക്കുകളുള്ള ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവര്‍ അര്‍ജ്ജുനനെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്.

വിധു പ്രതാപിന്റെ വാക്കുകള്‍ . .

‘ബാലുവിന്റെ (ബാലഭാസ്‌കര്‍) നട്ടെല്ലിന് പരുക്കുണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ എല്ലുകള്‍ക്കും പൊട്ടലുണ്ട്. രാവിലെ രക്തസമ്മര്‍ദ്ദം താഴ്ന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു ഇത്. എന്നാല്‍ പിന്നീട് ശസ്ത്രക്രിയ നടത്താനായി. വൈകുന്നേരത്തോടെ ബാലുവിന്റെയും ഭാര്യ ലക്ഷ്മിയുടെയും ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയമായിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ നിരീക്ഷിച്ചതിന് ശേഷമേ എന്തെങ്കിലും പറയാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗുരുതരാവസ്ഥയിലായിരുന്നല്ലോ ബാലുവിനെ ഹോസ്പിറ്റലില്‍ എത്തിച്ചത്. ഡോക്ടര്‍മാരോട് ഞാന്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും ഉണ്ടായിരുന്നു അവിടെ..’ അപകടവിവരം അറിഞ്ഞയുടന്‍ താന്‍ ആശുപത്രിയില്‍ എത്തിയിരുന്നുവെന്നും പകല്‍ മുഴുവന്‍ മറ്റ് സുഹൃത്തുക്കളോടൊപ്പം അവിടെ ഉണ്ടായിരുന്നു. വിധു പ്രതാപ് പറഞ്ഞു.

നേരത്തേ ബാലഭാസ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിധു പ്രതാപിന്‍റെ ഒരു ഓഡിയോ ക്ലിപ്പ് വാട്സ്ആപില്‍ പ്രചരിച്ചിരുന്നു.

Show More

Related Articles

Close
Close