ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഉടന്‍; വിനായകന് പ്രത്യേക പരാമര്‍ശത്തിന് സാധ്യത

അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ തീരുമാനിച്ചത്. രാവിലെ പതിനൊന്നരയ്ക്ക് നടക്കുന്ന പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. ദംഗലിലെ അഭിനയത്തിലൂടെ അമീര്‍ഖാന്‍, അലിഗഢിലെ സ്വവര്‍ഗാനുരാഗിയായ അധ്യാപകന്റെ വേഷം ഗംഭീരമാക്കിയ മനോജ് വാജ്‌പേയ്, പിങ്കിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ എന്നിങ്ങനെ മൂന്നുപേരാണ് ജൂറിയുടെ അന്തിമലിസ്റ്റില്‍ വന്നതെന്നാണ് വിവരങ്ങള്‍. കമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരമാക്കിയതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ വിനായകന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ഉണ്ടായേക്കും.

മലയാളത്തില്‍ നിന്ന് പത്തു ചിത്രങ്ങളാണ് 64 മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര നിര്‍ണയത്തിനായുള്ള അന്തിമപട്ടികയിലുള്ളത്. മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയാണ് അന്തിമപട്ടികയിലുള്ള മലയാള സിനിമകള്‍. മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ വിനായകന്റെ അഭിനയ മികവ് ദേശീയ പുരസ്‌ക്കാര ജൂറിയെയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂചന.

ഒറ്റയാള്‍, പിന്നെയും, മഹേഷിന്റെ പ്രതികാരം എന്നിവ സാങ്കേതിക വിഭാഗങ്ങളില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പുരസ്‌ക്കാര സാധ്യത നിലനിര്‍ത്തുന്നു. പ്രിയദര്‍ശന്‍ അധ്യക്ഷനായ ആറംഗ ജൂറിയാണ് അന്തിമ തീരുമാനമെടുത്തത്. സംവിധായകന്‍ ആര്‍.എസ്. വിമല്‍ ഉള്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

സന്ദീപ് റേ സംവിധാനം ചെയ്ത മോണ്‍ചോര എന്ന ബംഗാളി ചിത്രത്തിന് പുരസ്‌ക്കാര സാധ്യകള്‍ ഏറെയാണ്. ജോക്കര്‍, ഇരൈവി, ആണ്ടവന്‍ കട്ടാളെ, ധ്രുവങ്ങള്‍ പതിനാറ്, ശവരക്കത്തി, പിങ്ക്, ദംഗല്‍, നീരജ, എയര്‍ലിഫ്റ്റ്, സരബ്ജിത്ത്, അലിഗഡ്, ഹരാംഖോറ്, രാമന്‍ രാഘവ് തുടങ്ങി 86 ചിത്രങ്ങളാണ് അന്തിമപട്ടികയിലുള്ളത്. ചലച്ചിത്ര നിരൂപകനായ എം.സി രാജ്്‌നാരായാണന്‍ ഉള്‍പ്പെട്ട ജൂറിയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ നിന്നുള്ള പുരസ്‌ക്കാരങ്ങള്‍ നിര്‍ണയിക്കുന്നത്.

Show More

Related Articles

Close
Close