റിവ്യൂ സിസ്റ്റം ഉപയോഗിക്കുന്ന കാര്യത്തില്‍ ലോകത്തെ ഏറ്റവും മോശം ബാറ്റ്‌സ്മാന്‍ കോഹ്‌ലി: മുന്‍ ഇംഗ്ലണ്ട് താരം

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ റിവ്യൂ സിസ്റ്റം ഉപയോഗപ്പെടുത്തുന്നതിലെ കൃത്യത ക്രിക്കറ്റ് ലോകത്തിന് എന്നുമൊരു അത്ഭുതമാണ്. അത്ര കൃത്യതയോടെയാണ് ഡിആര്‍എസ് ധോണി ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയിലേക്ക് വരുമ്പോള്‍ സ്ഥിതി മറിച്ചാണ്.

ഡിആര്‍എസ് ഉപയോഗിക്കുന്നതില്‍ ഈ ലോകത്ത് ഏറ്റവും മോശം താരം കോഹ്‌ലിയാണെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോഗന്‍ ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിലയിരുത്തല്‍. ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെറും 12 ഓവറിന്റെ ഇടവേളയ്ക്കിടെ ഇന്ത്യ രണ്ട് റിവ്യൂകളും നഷ്ടപ്പെടുത്തിയ സാഹചര്യത്തിലാണ് വിമര്‍ശനവുമായി വോഗന്‍ രംഗത്തെത്തിയത്. ‘ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിയാണ്. ലോകത്ത് റിവ്യൂ ഉപയോഗിക്കുന്ന കാര്യത്തില്‍ ഏറ്റവും മോശവും കോഹ്‌ലി തന്നെ’ -ട്വീറ്റ് ചെയ്തു.

ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച് 10 ഓവര്‍ പിന്നിടുമ്പോഴാണ് ഇന്ത്യ ആദ്യത്തെ റിവ്യൂ നഷ്ടമാക്കിയത്. രവീന്ദ്ര ജഡേജയുടെ പന്ത് ഇംഗ്ലിഷ് ഓപ്പണര്‍ കീറ്റണ്‍ ജെന്നിങ്‌സിന്റെ പാഡില്‍ ഇടിച്ചതോടെ ഇന്ത്യന്‍ താരങ്ങള്‍ എല്‍ബിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ അനുവദിച്ചില്ല. പന്തിന്റെ ഇംപാക്റ്റ് ഓഫ് സ്റ്റംപിനു പുറത്താണെന്നു വ്യക്തമായിരുന്നെങ്കിലും കോഹ്‌ലി റിവ്യൂവിനു പോയി വിലയേറിയ ഒരു റിവ്യൂ നഷ്ടമാക്കി. രണ്ട് ഓവറിനുശേഷം രണ്ടാമത്തെ റിവ്യൂ അവസരവും വെറുതെ കളഞ്ഞു.

Show More

Related Articles

Close
Close