വിഎസിന്റെ പദവി വൈകുന്നു

ഭരണപരിഷ്‌കാര കമ്മിഷന്‍ രൂപീകരണം നീണ്ടുപോകുന്നതില്‍ വി.എസ്.അച്യുതാനന്ദന്‍ അമര്‍ഷത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ കമ്മിഷന്‍ രൂപീകരണം ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല മകന്‍ വി.എ.അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് വീണ്ടും തിരിയുകയും ചെയ്തു. ഇത് വിഎസിനെ പ്രകോപിതനാക്കിയിട്ടുണ്ട്.

എന്നാല്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദം ഒഴിയേണ്ടിവന്ന എം.കെ.ദാമോദരനും താനുമായി ഒടുവില്‍ ഉണ്ടായ വാക്‌പോര് ആണോ ഇതിനു കാരണം എന്നാണ് വിഎസിന്റെ സംശയം. തന്റെ നിയമനം വിവാദമാക്കിയതിനു പിന്നില്‍ വിഎസ് ആണെന്ന ആക്ഷേപമാണു ദാമോദരന്‍ സിപിഎം നേതൃത്വത്തിനു മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്.
ഇതിനിടെ വിഎസിനെ കമ്മിഷന്‍ അധ്യക്ഷനാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും വന്നു. അതേസമയം ഭരണപരമായ താമസം മാത്രമാണ് വിഎസിന്റെ പദവി വൈകാനുള്ള കാരണണെന്നാണ് പാര്‍ട്ടി ഭരണകേന്ദ്രങ്ങളുടെ വിശദീകരണം. കമ്മിഷന്‍ രൂപീകരണം മന്ത്രിസഭാ കുറിപ്പായി കാബിനറ്റിനു മുന്നില്‍ എത്തിയിരുന്നില്ല. കമ്മിഷന്‍ അധ്യക്ഷപദം കയ്യാളുമ്പോള്‍ നിയമസഭാംഗത്വം എന്ന നിലയില്‍ വിഎസ് അയോഗ്യനാകാതിരിക്കാനുള്ള ബില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണു നിയമസഭ പാസാക്കിയത്. അതു ഗവര്‍ണര്‍ അംഗീകരിച്ചതോടെ വേണമെങ്കില്‍ ഈ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാക്കാമായിരുന്നു. രാഷ്ട്രീയ തീരുമാനത്തിന്റെ അഭാവം തന്നെയാണ് അതുകൊണ്ടു വിഎസ് കാണുന്നത്.

തുടര്‍ന്നു കാരാട്ടിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഎസും തമ്മിലെ ചര്‍ച്ചയില്‍ കമ്മിഷന്‍ പദം ഏറ്റെടുക്കാമെന്നു വിഎസ് സമ്മതിച്ചു. ഒപ്പം സെക്രട്ടേറിയറ്റിലേക്കുള്ള മടങ്ങിവരവിന്റെ കാര്യം ആവര്‍ത്തിച്ചപ്പോള്‍ രണ്ടും കൂട്ടിക്കുഴയ്‌ക്കേണ്ട എന്ന നിലപാടാണു കോടിയേരി സ്വീകരിച്ചത്. അക്കാര്യം ആദ്യം പിബി ചര്‍ച്ച ചെയ്യട്ടെ എന്ന കോടിയേരിയുടെ നിര്‍ദേശം വിഎസും അംഗീകരിച്ചു. കമ്മിഷന്റെ ഘടന സംബന്ധിച്ച ചര്‍ച്ചകളൊന്നും പാര്‍ട്ടി നടത്തിയതായി സൂചനയില്ല. സിപിഐയുമായും ആശയവിനിമയം ഉണ്ടായിട്ടില്ല.

Show More

Related Articles

Close
Close