തൈറോയിഡും പരിഹാരവും

ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന ഹോര്‍മോണാണ് തൈറോയിഡ് ഹോര്‍മോണുകള്‍. തൈറോയിഡ് ഹോര്‍മോണിന്റെ കുറവു ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. മസിലുകളുടെ തളര്‍ച്ച, വേദന, ഉറക്കം മതിയാവാതെ വരിക…ഇവയെല്ലാം തൈറോയ്ഡ് ഹോര്‍മോണിന്റെ അപര്യാപ്തത കൊണ്ടു സംഭവിക്കുന്നതാണ്. തൈറോയിഡ് ഗ്രന്ഥിയുടെ വൈകല്യം മൂലമുണ്ടാകുന്ന രോഗങ്ങളും സങ്കീര്‍ണതകളും വര്‍ധിക്കുകയാണ്. കൊച്ചുകുട്ടികള്‍ മുതല്‍ കൗമാരക്കാരും മധ്യവയസ്‌കരും പ്രായമായവരും ഈ രോഗത്തിന്റെ പിടിയില്‍പ്പെടുന്നു.

തൈറോയിഡ് ഗ്രന്ഥി വൈകല്യം

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് തൈറോയിഡ്. കഴുത്തിന്റെ താഴെ ഭാഗത്തായാണ് തൈറോയിഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ശരീരത്തിലെ ഊര്‍ജത്തിന്റെ പ്രവര്‍ത്തനവും, ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്നതും, ശരീരം മറ്റു ഹോര്‍മോണുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതു നിയന്ത്രിക്കുന്നതും തൈറോയിഡ് ഗ്രന്ഥിയാണ്.

ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന ഹോര്‍മോണാണ് തൈറോയിഡ് ഹോര്‍മോണുകള്‍. തൈറോയിഡ് ഹോര്‍മോണിന്റെ കുറവു ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. മസിലുകളുടെ തളര്‍ച്ച, വേദന, ഉറക്കം മതിയാവാതെ വരിക…ഇവയെല്ലാം തൈറോയ്ഡ് ഹോര്‍മോണിന്റെ അപര്യാപ്തത കൊണ്ടു സംഭവിക്കുന്നതാണ്. തലമുടിയുടെ വളര്‍ച്ച മുതല്‍ ഹൃദയത്തിന്റെ കോശങ്ങളുടെ പ്രവര്‍ത്തനം വരെ നിയന്ത്രിക്കുന്നതില്‍ ഈ ഹോര്‍മോണുകള്‍ക്ക് പങ്കുണ്ട്.

അസുഖം കൂടുന്നതിനുള്ള കാരണങ്ങള്‍

തൈറോയിഡ് ഗ്രന്ഥിയുടെ വൈകല്യത്തെ ഭക്ഷണശീലംകൊണ്ട് ഉണ്ടാകുന്ന അസുഖം എന്നു പറയാനാവില്ല. എങ്കിലും ഇപ്പോഴത്തെ ജീവിതരീതിക്കും ഭക്ഷണസംസ്‌കാരത്തിനും തൈറോയിഡ് രോഗത്തില്‍ വലിയ പങ്കുണ്ട്.
തൈറോയിഡിന്റെ പ്രധാന ഘടകം അയഡിനാണ്. ടി3 ടി4 എന്നാണ് ഇതിനെ പറയുന്നത്. ടി3 യില്‍ മൂന്നും ടി4 ല്‍ നാലും അയഡിന്‍ ആറ്റവും ഉണ്ടാകും. അയഡിന്റെ കുറവു തൈറോയിഡ് ഉണ്ടാകാന്‍ കാരണമാണ്.

അയഡിന്റെ കുറവു തൈറോയിഡ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നു മനസിലാക്കിയതുകൊണ്ട് അയൊഡൈസ്ഡ് ചെയ്യാത്ത ഉപ്പ് 1986-ല്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. അതുകൊണ്ടു നമ്മുടെ നാട്ടില്‍ അയഡിന്‍ ഡെഫിഷ്യന്‍സി താരതമ്യേന കുറവാണ്. കടല്‍ മത്സ്യങ്ങളും സസ്യങ്ങളും കടല്‍ ഉല്‍പന്നങ്ങളും കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് (തീരപ്രദേശത്തുതാമസിക്കുന്നവര്‍ക്കും) അയഡിന്‍ കുറവുണ്ടാവില്ല. പക്ഷെ മലമ്പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു തൈറോയിഡ് പ്രശ്‌നങ്ങള്‍ കൂടുതലായി കാണപ്പെടുന്നുണ്ട്.

തൈറോയിഡ് കുട്ടികളില്‍

കുട്ടികളില്‍ ജന്മനാ തൈറോയിഡ് ഗ്രന്ഥി വളര്‍ച്ചാ സംബന്ധമായ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ചിലപ്പോള്‍ ഗ്രന്ഥിയുടെ ശരിക്കുള്ള സ്ഥാനം മാറിപ്പോകുന്ന അവസ്ഥയും നവജാത ശിശുക്കളില്‍ ഉണ്ടാകും. ഗര്‍ഭാവസ്ഥയില്‍ നാവിനടിയിലാണ് തൈറോയിഡ് ഗ്രന്ഥി രൂപപ്പെടുന്നത്. കുഞ്ഞ് പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ അതു കഴുത്തിലേക്ക് എത്തുകയാണു ചെയ്യുന്നത്. കുട്ടി വളരുമ്പോള്‍ ഗ്രന്ഥിയുടെ വലിപ്പമില്ലായ്മ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കാറുണ്ട്. ജനിച്ച് അധികമാകുന്നതിനു മുന്‍പുതന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങാം.

തൈറോയിഡ് ഹോര്‍മോണിന്റെ അഭാവം കുട്ടികളില്‍ ബുദ്ധിമാന്ദ്യം, മറ്റു വൈകല്യങ്ങള്‍ പോലുള്ള തകരാറുകള്‍ ഉണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ നൂറു ശതമാനവും ഭേദമാക്കാന്‍ പറ്റുന്നതാണിത്. എല്ലാ നവജാത ശിശുക്കളിലും തൈറോയിഡിന്റെ പ്രവര്‍ത്തനം പരിശോധിക്കേണ്ടതാണ്. വിദേശരാജ്യങ്ങളില്‍ ഇതു നിര്‍ബന്ധമായി ചെയ്യിക്കുന്നുണ്ട്. അതിനുള്ള നിയമപ്രാബല്യം നമ്മുടെ നാട്ടില്‍ ഇല്ലെങ്കിലും പരിശോധന നടത്തുന്നതു നന്നായിരിക്കും. കുഞ്ഞു ജനിച്ചു 2-3 ദിവസങ്ങള്‍ക്കകം രക്ത പരിശോധന നടത്തുന്നതാണ് ഉത്തമം.

തൈറോയിഡ് ജീനുകളിലൂടെ പകരുന്നു

വീട്ടില്‍ അച്ഛനോ അമ്മയ്‌ക്കോ രക്തബന്ധത്തില്‍ ആര്‍ക്കെങ്കിലുമോ തൈറോയിഡ് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉണെ്ടങ്കില്‍ ജീനുകള്‍ വഴി കുഞ്ഞുങ്ങളിലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

തൈറോയിഡ് തന്നെ പല വിധമുണ്ട്. ഹോര്‍മോണ്‍ കുറവാണെങ്കില്‍ അതിനെ ഹൈപ്പോതൈറോഡിസം എന്നും ഹോര്‍മോണ്‍ കൂടുതലാണെങ്കില്‍ ഹൈപ്പര്‍ തൈറോഡിസം എന്നും വിളിക്കുന്നു. തൈറോയിഡ് ഗ്രന്ഥികളില്‍ നീരുവയ്ക്കുന്ന അവസ്ഥയാണ് ഗോയിറ്റര്‍. ഇതില്‍ കാന്‍സറിനു കാരണമായേക്കാവുന്ന ഗോയിറ്ററും ഉണ്ട്.
തൈറോയിഡ് വൈകല്യം പ്രതിരോധത്തെ ബാധിക്കുന്നു

തൈറോയിഡ് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ശരീരത്തിന്റെ പ്രതിരോധപ്രവര്‍ത്തനത്തെ ബാധിക്കും. ഹോര്‍മോണിന്റെ കുറവ്, അതായത് ഹൈപ്പോ തൈറോഡിസത്തില്‍, ശരീരത്തിലെ ആന്റിബോഡികള്‍ തൈറോയിഡ് ഹോര്‍മോണുകളെ ശരീരത്തിന് ആവശ്യമില്ലാത്ത രോഗാണുക്കളാണെന്നു തെറ്റിധരിച്ച് ആക്രമിക്കുന്നു. അങ്ങിനെ ഹോര്‍മോണുകള്‍ നശിക്കുന്നു.

നേരേ മറിച്ച് ഹൈപ്പര്‍ തൈറോഡിസത്തില്‍ ആന്റിബോഡികള്‍ തൈറോയിഡ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുകയാണു ചെയ്യുന്നത്. അങ്ങനെ ഹോര്‍മോണുകളുടെ അളവ് കൂടുന്നു. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കു സാധ്യതയുണ്ട്. എല്ലാവരിലും അതു പ്രകടമാകണമെന്നുമില്ല. ഒരു പരിധി വരെ ആന്റിബോഡികളുടെ പ്രവര്‍ത്തനത്തെ തൈറോയിഡ് ഗ്രന്ഥി തടഞ്ഞേക്കും. പക്ഷെ പ്രായം കൂടുമ്പോള്‍ ഇതു സാധിക്കാതെ വരികയും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ജന്മനാ ഉള്ള പ്രശ്‌നമാണെങ്കിലും കുറേനാള്‍ വരെ ശരീരം അതിനെ അതിജീവിക്കും.

തൈറോയിഡ് കൗമാരത്തില്‍

കൗമാര കാലഘട്ടങ്ങളില്‍ ശരീരത്തില്‍ ഒരുപാടു ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കാറുണ്ട്. അപ്പോള്‍ ശരീരത്തിലെ ആന്റീബോഡികളുടെ അളവില്‍ മാറ്റം വരും. പ്രധാനമായും പെണ്‍കുട്ടികളില്‍ ആ സമയത്ത് അസുഖങ്ങള്‍ കാണാം. ആര്‍ത്തവം വരാതിരിക്കുക, വൈകുക, കൃത്യമായി വരാതാവുക എന്നിവയാണു ലക്ഷണങ്ങള്‍. കൂടാതെ വളര്‍ച്ചക്കുറവ്(ആവശ്യത്തിന് പോഷകാഹാരങ്ങള്‍ കഴിച്ചിട്ടും പ്രായത്തിനൊത്ത വളര്‍ച്ചയില്ലാത്ത അവസ്ഥ), ക്ഷീണം, തളര്‍ച്ച എന്നീ ലക്ഷണങ്ങളും കാണിക്കും. ആണ്‍കുട്ടികളില്‍ ക്ഷീണവും തളര്‍ച്ചയും കൂടാതെ ഉയരത്തിന്റെ കുറവാണ് പ്രധാനലക്ഷണം. തൈറോയിഡ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ മറ്റേതു ഹോര്‍മോണ്‍ പ്രശ്‌നത്തെക്കാളും പെട്ടന്നു ചികില്‍സിക്കാനാകും. തുടക്കത്തിലേ കണെ്ടത്തണമെന്നു മാത്രം.

തൈറോയിഡ് വൈകല്യങ്ങള്‍ക്കുള്ള ചികിത്സ

തൈറോയിഡ് ഹോര്‍മോണിന്റെ അളവ് കൂട്ടുന്നതിനുള്ള ഗുളികകളാണ് ഹൈപ്പോ തൈറോയിഡിനുള്ള മരുന്ന്. ഹോര്‍മോണിന്റെ കുറവ് അനുസരിച്ചാണ് മരുന്നിന്റെ അളവ് തീരുമാനിക്കുക. ഇതില്‍ രോഗിയുടെ ഉയരവും തൂക്കവുമെല്ലാം പരിഗണിക്കും. ഹൈപ്പോതൈറോയിഡ് ഉള്ളവരില്‍ 90 ശതമാനം ആളുകളും ആജീവനാന്തം മരുന്നു കഴിക്കണം. ഹോര്‍മോണിന്റെ കുറവു ബാലന്‍സ് ചെയ്യുന്നതിനു വേണ്ടിയാണിത്.

ഹൈപ്പര്‍ തൈറോയിഡിനു കൂടുതലായി പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കുറയ്ക്കുവാനുള്ള മരുന്നാണ് കൊടുക്കുന്നത്. റേഡിയോ ആക്റ്റീവായ അയഡിനാണ് മരുന്നില്‍ ഉള്‍പ്പെടുത്തുന്നത്. ഇതു കൂടുതലായി ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതു തടയും. 30 മുതല്‍ 50 ശതമാനം വരെ ആളുകള്‍ക്കു 2-3 വര്‍ഷം മരുന്നു കഴിച്ചാല്‍ മതിയാകും. എന്നാലും വീണ്ടും വരാന്‍ സാധ്യതയുള്ളതുകൊണ്ടു ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഇടവേളകളില്‍ പരിശോധനകള്‍ നടത്തണം. ഇവര്‍ കൂടുതലായി മരുന്നു കഴിച്ചാല്‍ ഹോര്‍മോണ്‍ അളവു തീരെ കുറഞ്ഞു പോയി അതു ഹൈപ്പോ തൈറോയിഡിസത്തിലേക്കു മാറാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ അസുഖം പൂര്‍ണമായി മാറിയേക്കാനും മതി.

ഗോയിറ്റര്‍ രോഗവും ശ്രദ്ധിക്കണം

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ അല്ലാതെ ഉണ്ടാകുന്ന ഗോയിറ്റര്‍ ഉണ്ട്. ഇതിനു ചെറിയ തോതില്‍ മാത്രമേ മരുന്നു കൊടുക്കൂ. കഴുത്തിലെ നീരു വല്ലാതെ കൂടി കാഴ്ചയ്ക്ക് അഭംഗിയാകുമ്പോഴാണ്, സര്‍ജറി കൂടുതലും ആവശ്യമായി വരുന്നത്. കാന്‍സറാകാന്‍ സാധ്യയുള്ള ഗോയിറ്ററാണെങ്കില്‍ തീര്‍ച്ചയായും സര്‍ജറി തന്നെ വേണം. കാന്‍സറിനു സാധ്യതയുള്ളതാണെങ്കില്‍ തന്നെ തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും ചികില്‍സിച്ചു മാറ്റാന്‍ സാധിക്കുന്ന ഒന്നാണ്, തൈറോയിഡ് കാന്‍സര്‍. അതുകൊണ്ടു കഴുത്തില്‍ നീരു കാണുന്നവര്‍ പെട്ടന്നു തന്നെ വേണ്ട പരിശോധനകള്‍ നടത്തി തൈറോയിഡ് കാന്‍സര്‍ അല്ല എന്ന് ഉറപ്പു വരുത്തണം.

തൈറോയിഡ് ഗര്‍ഭിണികളില്‍

ഗര്‍ഭാവസ്ഥയില്‍ തൈറോയിഡ് വളരെയധികം നിയന്ത്രണത്തില്‍ നിര്‍ത്തണം. തൈറോയിഡ് ഉള്ള സ്ത്രീകളില്‍ ആദ്യത്തെ 3-4 മാസത്തിനുള്ളില്‍ അബോര്‍ഷനുണ്ടാകാന്‍ സാധ്യതയേറെയാണ്. ഗര്‍ഭിണിയാകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ തൈറോയിഡിന്റെ ടിഎസ്എച്ച്(തൈറോയിഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍) അളവ് 2-3 യൂണിറ്റിലായിരിക്കണം നിര്‍ത്തേണ്ടത്. നിങ്ങളിലെ തൈറോയിഡ് വ്യതിയാനങ്ങള്‍ ശിശുക്കളില്‍ ബുദ്ധിമാന്ദ്യം ഉള്‍പ്പെടെ പല കുറവുകള്‍ക്കും കാരണമായേക്കാം. ഈ സമയത്തു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കൃത്യമായി മരുന്നു കഴിക്കണം.

രോഗികള്‍ ശ്രദ്ധിക്കേണ്ടത്

മരുന്നു കൃത്യമായി കഴിക്കുക. തൈറോയിഡിനുള്ള മരുന്നുകള്‍ കൂടുതലൂം രാവിലെ വെറും വയറ്റില്‍ കഴിക്കേണ്ടതാണ്. 3-4 മാസം കൂടുമ്പോള്‍ രക്തം പരിശോധിച്ചു ഹോര്‍മോണുകളുടെ അളവു കൃത്യമാണെന്ന് ഉറപ്പുവരുത്തുക. വേറെ പ്രത്യേക നിയന്ത്രണങ്ങളൊന്നും ആവശ്യമില്ല.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close