അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയില്‍ കാട്ടാന കുടുങ്ങി; ഡാമിന്റെ ഷട്ടറുകളടച്ച് രക്ഷപ്പെടുത്തി

അതിരപ്പിള്ളി ചാര്‍പ്പക്കു സമീപം പുഴയില്‍ കാട്ടാന കുടുങ്ങി. ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കാട്ടാന പുഴയില്‍ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് കാട്ടാനയെ പുഴയില്‍ കണ്ടത്. മണിക്കൂറുകളോളം പുഴയില്‍ കുടുങ്ങിപ്പോയ ആനയെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ താഴ്ത്തി വെള്ളം നിയന്ത്രിച്ചാണ് രക്ഷപ്പെടുത്തിയത്.

ചാര്‍പ്പയിലെ ആദിവാസികളാണ് പുഴയില്‍ കുടുങ്ങിയ കാട്ടാനയെ ആദ്യം കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡാമുകള്‍ തുറന്ന് വിട്ടതിനെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ വെള്ളമുയര്‍ന്നതോടെയാണ് ആന കുടുങ്ങിയത്.

പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍നിന്ന് ഒഴുകിവരുന്ന വെള്ളമാണ് ഇവിടെ വെള്ളപ്പൊക്കത്തിനിടയാക്കുന്നത്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ഷട്ടര്‍ താഴ്ത്തി വെള്ളം നിയന്ത്രിച്ചാണ് ആനയെ കരയില്‍ കയറ്റിയത്.

Show More

Related Articles

Close
Close